തിരുവനന്തപുരം: വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ നിര്‍മിച്ച് ഐഎസ് ഭീകരര്‍ മലയാളത്തില്‍ പ്രചാരണം നടത്തിയെന്ന് റിപ്പോര്‍ട്ട്. ഈ മാസമാദ്യമാണ് കേരളത്തില്‍ നിന്ന് ഐഎസില്‍ ചേര്‍ന്ന അബ്ദുല്‍ റഷീദാണ് വാട്‌സ്ആപ്പ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് എന്നാണ് വിവരം.

എന്‍ഐഎ അന്വേഷണ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ദേശീയമാധ്യമമായ എന്‍ഡിടിവിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. റഷീദ് രണ്ട് വാട്‌സ്ആപ്പ് ഗ്രൂപ്പുകള്‍ സൃഷ്ടിച്ച് ഓരോന്നിയും ഇരുന്നൂറോളം പേരെ അംഗങ്ങളാക്കിയെന്നും ഇതുവഴി ഐഎസില്‍ ചേരാന്‍ ആഹ്വാനം ചെയ്യുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചുവെന്നുമാണ് റിപ്പോര്‍ട്ട്.
ഗ്രൂപ്പുകളിലെ സന്ദേശങ്ങളില്‍ അധികവും മലയാളത്തിലുള്ള വോയ്‌സ് മെസേജുകളാണ്. മെസേജിങ് ആപ്പായ ടെലിഗ്രാം വഴിയും ഇത്തരത്തില്‍ ഐഎസ് സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതായി റിപ്പോര്‍ട്ടുണ്ട്. നേരത്തേ ടെലിഗ്രാം വഴി മാത്രമായിരുന്നു ഐഎസില്‍ ചേര്‍ന്നവര്‍ സന്ദേശം അയച്ചിരുന്നത്.
ഗ്രൂപ്പില്‍ ചേര്‍ക്കപ്പെട്ട ഉടനെ പലരും ഗ്രൂപ്പില്‍ നിന്ന് പുറത്തുവന്നതിനാല്‍ സന്ദേശങ്ങള്‍ ലഭിക്കാതെ പോയിട്ടുണ്ടെന്നും എന്നാല്‍ സന്ദേശങ്ങള്‍ ലഭിച്ചവര്‍ ഇക്കാര്യം പോലീസിനെ അറിയിക്കുകയായിരുന്നെന്നും എന്‍ഐഎ ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വോയ്‌സ് സന്ദേശങ്ങളെ എന്‍ഡിടിവി തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നുമുണ്ട്. അതിലൊന്ന് ഇങ്ങനെ: ‘എന്‍ഐഎക്ക് ഞങ്ങളെ കുറിച്ച് ഒരറിവുമില്ല. അവര്‍ പറയുന്നത് റഷീദ് മരിച്ചെന്നാണ്. ഞാന്‍ റഷീദാണ്. നിങ്ങള്‍ ജീവിതത്തെ സ്‌നേഹിക്കുന്നതുപോലെ മരണത്തെ സ്‌നേഹിക്കുന്നവരാണ് ഞങ്ങള്‍.’
മറ്റൊരു വോയ്‌സ് സന്ദേശത്തില്‍ സമാധനപരമായ പ്രാര്‍ത്ഥനകളല്ല ജിഹാദാണ് ആവശ്യമെന്നും ഇസ്ലാമിനായി ജിഹാദികളാകണമെന്നും ആഹ്വാനം ചെയ്യുന്നുണ്ട്.
കാസര്‍കോട് നിന്ന് ഐഎസില്‍ ചേര്‍ന്നെന്ന് കരുതപ്പെടുന്ന ആളാണ് അബ്ദുല്‍ റഷീദ്. കേരളത്തിലെ 21 പേരെ ഐഎസില്‍ ചേര്‍ത്തത് ഇയാളാണെന്നാണ് എന്‍ഐഎ പറയുന്നത്