വിഴിഞ്ഞം പദ്ധതിയില്‍ വലിയ കൊള്ളയും അഴിമതിയും ഉണ്ട് എന്ന് സി.എ.ജി. കണ്ടെത്തിയ സാഹചര്യത്തില്‍ അത് സംബന്ധിച്ചു ജുഡീഷ്യല്‍ അന്വേഷണം നടത്താനുള്ള പിണറായി സര്‍ക്കാരിന്റെ തീരുമാനം ജനങ്ങളുടെ കണ്ണില്‍ പൊടി ഇടാനും അന്തിമമായി അദാനിയെയും ഉമ്മന്‍ചാണ്ടിയെയും സംരക്ഷിക്കാനും ആണെന്ന് ആം ആദ്മി പാര്‍ട്ടി. മുടക്കുമുതലിന്റെ 67 ശതമാനം വരുന്ന 5,000 കോടി രൂപയും മുടക്കുന്നത് കേരള സര്‍ക്കാരാണ്. കേരളത്തിന്റെ മണ്ണും കിഴക്കന്‍ മലകളും കടലോരവും കടലും ജനങ്ങളുടെ ജീവിതവും അദാനി കൊള്ളയടിക്കുമ്പോള്‍ അദാനി മുടക്കുന്നത് കേവലം 33 ശതമാനം വരുന്ന 2,500 കോടി രൂപ മാത്രമാണ്. അതുതന്നെ കേരളം നല്കുന്ന ഭൂമി പണയംവച്ചു അവര്‍ ബാങ്കുകളില്‍ നിന്ന് എടുക്കുന്നതായിരിക്കും ചുരുക്കത്തില്‍ ഒരു മുതല്‍മുടക്കും ഇല്ലാതെ വന്‍ ലാഭം ഉണ്ടാക്കാന്‍ അദാനിക്ക് സഹായിക്കുന്നതാണ് ഈ പദ്ധതി എന്ന് സി.എ.ജി റിപ്പോര്‍ട്ടില്‍ നിന്നും മറ്റു പഠനങ്ങളില്‍ നിന്നും വ്യക്തമാവുന്നു.
ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ ഒരു റിട്ട. ജഡ്ജി നടത്തിയാല്‍ അതിന്റെ നിയമ സാധുത വളരെ പരിമിതമാണ്. ചരിത്രത്തില്‍ ഇത് വരെ ഒരു ജുഡീഷ്യല്‍ അന്വേഷണത്തിന്റെ പേരിലും ഒരു നടപടിയും എടുത്തിട്ടില്ല എന്നതും ഓര്‍ക്കുമ്പോള്‍ ഇപ്പോഴത്തെ പ്രഖ്യാപനം തീര്‍ത്തും വഞ്ചനാപരമാണ്. ഇത്രവലിയ ഒരു കൊള്ള നടക്കുന്ന ഒരു പദ്ധതി തുടരാന്‍ അനുവദിക്കുകയും ആ കരാര്‍ പ്രാബല്യത്തില്‍ നിലനിര്‍ത്തുകയും വഴി എല്ലാവരും സംരക്ഷിക്കപ്പെടുകയാണ്. കേരളത്തിന്റെ സമ്പത്തും കേരളത്തിന്റെ പ്രകൃതി വിഭവങ്ങളും കൊള്ളയടിക്കുന്ന ഈ പദ്ധതിക്ക് പിണറായി സര്‍ക്കാര്‍ സമ്പൂര്‍ണ്ണമായി അംഗീകാരം നല്‍കുകയാണ് ബാക്കിയെല്ലാം വാചകക്കസര്‍ത്തുകള്‍ ആണ്.
ജുഡീഷ്യല്‍ അന്വേഷണങ്ങള്‍ ഫലപ്രദമല്ല എന്നു മാത്രമല്ല വര്‍ഷങ്ങള്‍ക്കു ശേഷം അത് വന്നെത്തുമ്പോഴേക്കും പദ്ധതി വലിയ തോതില്‍ മുന്നേറി കഴിഞ്ഞിരിക്കും. കരാറില്‍ തിരുത്താനോ കരാറില്‍ നിന്ന് പിന്മാറാനോ കഴിയാത്ത അവസ്ഥയില്‍ കാര്യങ്ങള്‍ എത്തി നില്ക്കും എന്നതിനാല്‍ അദാനിയുടെ കൊള്ളയ്ക്ക് ഒരു തടസവും ഉണ്ടാവില്ല.
അതുകൊണ്ട് തന്നെ കരാര്‍ തിരുത്തിയതിനു ശേഷം മാത്രം മുന്നോട്ടു പോവുക എന്ന ശരിയായ കാഴ്ച്ചപ്പടാണ് പിണറായി സര്‍ക്കാര്‍ എടുക്കേണ്ടിയിരുന്നത്. എന്നാല്‍ അത് എടുക്കാതിരിക്കെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുക ചെയ്യുക വഴി കരാര്‍ തിരുത്തേണ്ടതില്ല എന്നതാണ് ഇടതുപക്ഷത്തിന്റെ നിലപാട് എന്ന് വരുന്നു. അടിയന്തരമായി ഇക്കാര്യത്തില്‍ ഇടപെടാന്‍ ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു.
മോദിയുടെ സന്തതസഹചാരിയായ അദാനിയെ രക്ഷിക്കാം എന്ന് മോദിക്ക് പിണറായി ഉറപ്പു നല്‍കിയിട്ടുണ്ട് എന്നും ഉമ്മന്‍ചാണ്ടി നടത്തിയ അഴിമതിയില്‍ ഇടതുപക്ഷത്തിനും കൂട്ടു കച്ചവടം ഉണ്ടെന്നും കരുതാന്‍ എല്ലാവിധ ന്യായങ്ങളും ഉണ്ട്. അതുകൊണ്ട് ജനങ്ങളെ വിഡ്ഢികള്‍ ആക്കുന്ന ഇത്തരം നടപടികള്‍ ഇടതു പക്ഷ സര്‍ക്കാര്‍ ഉപേക്ഷിക്കണം എന്ന് ആം ആദ്മി പാര്‍ട്ടി ആവശ്യപ്പെടുന്നു. വിഴിഞ്ഞം പദ്ധതിയിലെ അഴിമതി തുറന്നു കാട്ടിക്കൊണ്ടും ആ പദ്ധതി കരാര്‍ റദ്ദാക്കണം എന്നും ആവശ്യപ്പെട്ട്കൊണ്ട് ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് ആം ആദ്മി പാര്‍ട്ടി നേതൃത്വം നല്‍കും എന്ന് മുന്നറിയിപ്പ് നല്കുന്നു.
Leave a Reply