ലണ്ടന്‍: തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ചുള്ള സംവാദത്തില്‍ പ്രധാനമന്ത്രി തെരേസ മേയെ ഉത്തരമം മുട്ടിച്ച് ഭിന്നശേഷിക്കാരിയായ യുവതി. ഒന്നര വര്‍ഷമായി എന്‍എച്ച്എസിന്റെ കൗണ്‍സലിംഗ് കാത്തിരിപ്പു പട്ടികയില്‍ തുടരുകയാണ് താനെന്ന് ഭാഗികമായി അന്ധയും മാനസിക പ്രശ്‌നങ്ങളുമുള്ള യുവതി തെരേസ മേയോട് പറഞ്ഞു. ഫിറ്റ്‌നസ് ടു വര്‍ക്ക് പരിശോധനയില്‍ ആത്മഹത്യയെക്കുറിച്ച് പരാമര്‍ശിച്ച് തന്നെ അപമാനിച്ചെന്നും തന്റെ കാഴ്ച പരിശോധിക്കാന്‍ അവര്‍ വിട്ടുപോയെന്നും യുവതി പറഞ്ഞു.
മാനസികരോഗങ്ങള്‍ ചികിത്സിക്കുന്നതില്‍ എന്‍എച്ച്എസ് പൂര്‍ണ്ണ പരാജയമാണെന്ന വാദമാണ് യുവതി ഉയര്‍ത്തിയത്. 2015 അവസാനമാണ് താന്‍ കൗണ്‍സലിംഗിനായി അപേക്ഷിച്ചത്. അടുത്ത ചൊവ്വാഴ്ചയാണ് തനിക്ക് ആദ്യമായി ലഭിച്ച അപ്പോയിന്റ്‌മെന്റ് എന്നും യുവതി വെളിപ്പെടുത്തി. ഒന്നര വര്‍ഷമായി ഇതിനു വേണ്ടി താന്‍ കാത്തിരിക്കുകയാണ്. ഇക്കാലയളവില്‍ തന്റെ തൊഴില്‍ ശേഷി പരിശോധനയുടെ ഫലം മൂലം ഏറെ ബുദ്ധിമുട്ടിയെന്നും അവര്‍ പറഞ്ഞു. ഭാഗികമായേ തനിക്ക് കാഴ്ചശക്തിയുള്ളു, മാനസികമായി പ്രശ്‌നങ്ങള്‍ തന്നെ അലട്ടുന്നുണ്ട്. താടിയെല്ലിന് തകരാറുള്‍പ്പെടെ ഒട്ടേറെ പ്രശ്‌നങ്ങള്‍ തന്നെ അലട്ടുന്നുണ്ട്.
തൊഴില്‍ ശേഷി പരിശോധിക്കാന്‍ എത്തിയ തന്നോട് എത്ര തവണ ആത്മഹത്യക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് നഴ്‌സ് ചോദിച്ചത്. നഴ്‌സിന്റെ ഈ വിധത്തിലുള്ള പെരുമാറ്റം മൂലം കരഞ്ഞുകൊണ്ടാണ് താന്‍ പുറത്തുവന്നത്. തന്റെ കാഴ്ച പരിശോധിക്കാന്‍ തയ്യാറാകാതിരുന്ന നഴ്‌സ് തന്നെ അപമാനിക്കാന്‍ ശ്രമിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ ഒഴിവുകഴിവുകള്‍ പറയാന്‍ താനില്ലെന്നായിരുന്നു പ്രധാനമന്ത്രിയുടെ മറുപടി. മാനസികരോഗ ചികിത്സയില്‍ നാം ഏറെ മുന്നോട്ടു പോകേണ്ടിയിരിക്കുന്നുവെന്നും മാത്രമായിരുന്നു തെരേസ മേയുടെ പ്രതികരണം.
Leave a Reply