തിരുവനന്തപുരം: സ്റ്റേജില്‍ സജ്ജീകരിച്ച സിംഹാസനം മന്ത്രി കടകംപള്ളി സുരേന്ദ്രനും വി.എസ്.ശിവകുമാര്‍ എംഎല്‍എയും ചേര്‍ന്ന് എടുത്തുമാറ്റി. തിരുവനന്തപുരത്ത് പടിഞ്ഞാറേക്കോട്ടയിലെ നവീകരിച്ച മിത്രാനന്ദപുരം തീര്‍ത്ഥക്കുളം ഉദ്ഘാടനവേദിയിലാണ് സംഭവം. ഉദ്ഘാടനത്തിന് എത്തിയ മന്ത്രി കടകംപള്ളി സ്റ്റേജില്‍ സിംഹാസനം കണ്ട് ഇതെന്തിനാണെന്ന് ചോദിച്ചു. ശൃംഗേരി മഠാധിപതി ശ്രീ ശ്രീ ഭാരതി തീര്‍ത്ഥ സ്വാമികള്‍ക്ക് വേണ്ടിയാണെന്ന് സംഘാടകര്‍ മറുപടി നല്കി.
അതോടെ വി.എസ്.ശിവകുമാറിന്റെ സഹായത്തോടെ മുന്‍നിരയില്‍ കിടന്നിരുന്ന സിംഹാസനം മന്ത്രി പിന്നിലേക്ക് മാറ്റിയിടുകയായിരുന്നു. ചടങ്ങിന് ശൃംഗേരി മഠാധിപതിക്ക് പകരം എത്തിയത്. ഉത്തരാധികാരി വിധുശേഖര സ്വാമികളായിരുന്നു. സിംഹാസനം പിന്നില്‍ കിടക്കുന്നത് കണ്ട് സ്വാമി സ്റ്റേജില്‍ പോലും കയറാതെ സ്ഥലം വിട്ടെന്നാണ് റിപ്പോര്‍ട്ട്. മംഗളം ദിനപ്പത്രമാണ് വാര്‍ത്ത ചിത്രങ്ങള്‍ സഹിതം റിപ്പോര്‍ട്ട് ചെയ്തത്.
സിംഹാസനമില്ലാത്തത് കാണുന്ന സ്വാമിയുടെ മുഖത്തെ ഭാവവും ചിത്രത്തില്‍ വ്യക്തമാണ്. സോഷ്യല്‍ മീഡിയയിലും ചിത്രം വ്യാപകമായി ഷെയര്‍ ചെയ്യപ്പെടുന്നുണ്ട്. ജനപ്രതിനിധികള്‍ക്ക് ഇല്ലാത്ത പ്രാധാന്യം മതപ്രതിനിധികള്‍ക്ക് വേണ്ടെന്നാണ് ചിലര്‍ കമന്റ് ചെയ്യുന്നത്. ഇതേ വേദിയില്‍ കുമ്മനം രാജശേഖരന്റെയും ഒ.രാജഗോപാലിന്റെയും സാന്നിധ്യത്തില്‍ കേരളത്തിലെ ക്ഷേത്രങ്ങളില്‍ നിന്നും ഉള്ള വരുമാനം കേരള സര്‍ക്കാര്‍ ഉപയോഗിക്കുന്നു എന്ന സംഘപരിവാര്‍ പ്രചരണം തെറ്റാണെന്ന് മന്ത്രി വിശദീകരിക്കുകയും ചെയ്തു.
Leave a Reply