ലണ്ടന്‍: രാജ്യത്തെ അഗ്നിസുരക്ഷാ മാനദംണ്ഡങ്ങളെക്കുറിച്ചും സംവിധാനങ്ങളുടെ കാര്യക്ഷമതയെക്കുറിച്ചും പുനര്‍വിചിന്തനത്തിന് ഗ്രെന്‍ഫെല്‍ഡ് ടവര്‍ അപകടം വഴിവെച്ചുവെന്നത് വാസ്തവമാണ്. എന്നാല്‍ അതിനായി ബലികഴിക്കേണ്ടി വന്നത് ഒട്ടേറെ വിലപ്പെട്ട ജീവനുകളാണ്. 58 പേര് മരിച്ചതായി ഇതുവരെ സ്ഥിരീകരിച്ചുകഴിഞ്ഞു. അഗ്നിസുരക്ഷാ സംവിധാനങ്ങളുടെ പരാജയത്തെക്കുറിച്ച് ക്യാംപെയിന് നടത്തിയതിലൂടെ നിയമനടപടികള്‍ നേരിടുമെന്ന് ഭീഷണി ലഭിച്ച രണ്ട് സ്ത്രീകളും ഈ അപകടത്തില്‍ മരിച്ചുവെന്നാണ് ഏറ്റവും പുതിയ വിവരം. എല്‍ഗ്വാറി എന്ന 27കാരിയും നാദിയ ചൗകെയര്‍ എന്ന 33കാരിയുമാണ് ടവറില്‍ വെന്തു മരിച്ചതായി സംശയിക്കപ്പെടുന്നത്.
കെട്ടിടങ്ങളിലെ ഫയര്‍ സേഫ്റ്റി സംവിധാനങ്ങള്‍ മെച്ചപ്പെടുത്തണമെന്ന ആവശ്യവുമായി കെന്‍സിംഗ്ടണ്‍ ആന്‍ഡ് ചെല്‍സി ടെനന്റ് മാനേജ്മെന്റ് ഓര്‍ഗനൈസേഷനെതിരെ ഇവര്‍ പോരാടുകയായിരുന്നു. ടിഎംഒ ഇവര്‍ക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരുന്നുവെന്ന് റാഡിക്കല്‍ ഹൗസിംഗ് നെറ്റ്വര്‍ക്ക് അംഗം പില്‍ഗ്രിം ടക്കര്‍ പറഞ്ഞു. ഈ ഗ്രൂപ്പ് ഇവര്‍ക്ക് സഹായങ്ങള്‍ ചെയ്തിരുന്നു. ഈ വിധത്തിലുള്ള ഒരു ദുരന്തം ഒഴിവാക്കാനായിരുന്നു ഇവര്‍ ശ്രമിച്ചിരുന്നത്. പക്ഷേ അത് ആരും മനസിലാക്കാന്‍ ശ്രമിച്ചില്ലെന്ന് ടക്കര്‍ പറഞ്ഞു.
ടിഎംഒ ഇവരെ പ്രശ്നക്കാരായി മുദ്രകുത്തുകയും അവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഗൂഢാലോചന നടത്തുകയും ചെയ്തു. താമസക്കാരുടെ പ്രശ്നങ്ങള്‍ കേട്ട് അവ പരിഹരിക്കുന്നതിനു പകരം പ്രശ്നങ്ങള്‍ അവതരിപ്പിക്കുന്നവരെ കുറ്റക്കാരാക്കുന്ന സമീപനമാണ് ടിഎംഒ സ്വീകരിച്ചതെന്ന ആരോപണമാണ് ഉയരുന്നത്. ഈ നിഷേധാത്മക സമീപനത്തില്‍ നഷ്ടമായത് ഒട്ടേറെ ജീവനുകളാണ്.
	
		

      
      



              
              
              




            
Leave a Reply