ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

യു കെ :- മിനിസ്റ്റീരിയൽ കോഡ് ലംഘിച്ചതായുള്ള ആരോപണം നേരിട്ട ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേലിന്റെ രാജി ഉണ്ടാവുകയില്ല എന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പ്രീതി പട്ടേലിനെതിരായുള്ള ആരോപണത്തിൽ അന്വേഷണ റിപ്പോർട്ട് തയ്യാറാക്കിയ പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അലക്സ്‌ അലൻ രാജിവെച്ചു. ആഭ്യന്തര സെക്രട്ടറിയുടെ ഭാഗത്തുനിന്നും മിനിസ്റ്റീരിയൽ കോഡ് ലംഘിക്കുന്ന തരത്തിലുള്ള ഒരു പ്രവർത്തനവും ഉണ്ടായിട്ടില്ലെന്ന് പ്രധാനമന്ത്രി ബോറിസ് ജോൺസൺ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഭ്യന്തര സെക്രട്ടറിയുടെ പ്രവർത്തനങ്ങളിൽ ഒരു തരത്തിലുള്ള വിശ്വാസക്കുറവും സർക്കാരിന് ഇല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. എന്നാൽ ആഭ്യന്തര സെക്രട്ടറിയുടെ ഭാഗത്തുനിന്നും തന്റെ പദവിക്കു യോജിച്ച പ്രവർത്തനങ്ങൾ അല്ല ഉണ്ടായതെന്ന, ആരോപണത്തെക്കുറിച്ച് അന്വേഷിച്ച പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അലക്സ്‌ അലൻ തയ്യാറാക്കിയ റിപ്പോർട്ടിൽ പറയുന്നു. തന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായതായ ആരോപണത്തെ തുടർന്ന് പ്രീതി പട്ടേൽ മാപ്പ് പറഞ്ഞിരുന്നു. എന്നാൽ ഉപദേഷ്ടാവ് തയ്യാറാക്കിയ റിപ്പോർട്ട് തള്ളിക്കളയുന്നതായും, ആഭ്യന്തര സെക്രട്ടറിയുടെ പ്രവർത്തനങ്ങൾ നൂറ് ശതമാനം വിശ്വാസമുണ്ടെന്നും പ്രധാനമന്ത്രി ബോറിസ് ജോൺസൺ പറഞ്ഞു.

ആഭ്യന്തര സെക്രട്ടറിക്ക് എതിരായ ആരോപണങ്ങളിൽ സത്യസന്ധത ഇല്ലെന്ന് വരുത്തിതീർക്കാൻ പ്രധാനമന്ത്രിയുടെ ഓഫീസ് ശ്രമിച്ചതായുള്ള ആരോപണങ്ങളും ഉയർന്നുവരുന്നുണ്ട്. അലക്സ് അലന്റെ രാജിയുടെ പിന്നിലും പ്രധാനമന്ത്രിയുടെ സമ്മർദ്ദം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പ്രധാനമന്ത്രിയുടെ ഭാഗത്തു നിന്നുള്ള ഈ പ്രവർത്തനം, സിവിൽ സർവീസ് ഉദ്യോഗസ്ഥർക്ക് സർക്കാരിലുള്ള വിശ്വാസം നഷ്ടപ്പെടുന്നതിന് കാരണമാകുമെന്ന് സിവിൽ സെർവന്റ്സ് യൂണിയൻ ജനറൽ സെക്രട്ടറി ഡേവ് പെൻമാൻ ആരോപിച്ചു.

തന്റെ ഭാഗത്തുനിന്നുള്ള വീഴ്ചയ്ക്ക് മാപ്പ് പറയുന്നതായി ആഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ മാധ്യമങ്ങളോട് പറഞ്ഞു. പ്രധാനമന്ത്രിയുടെ പിന്തുണയ്ക്ക് നന്ദി പറയുന്നതായും അവർ കൂട്ടിച്ചേർത്തു.