ആലപ്പുഴയിൽ ഒമ്പതുകാരിയുടെ ഉയരത്തേക്കാൾ നീളത്തില്‍ തലമുടിയുടെ കെട്ട് വയറ്റിൽ നിന്ന് പുറത്തെടുത്തു. ആലപ്പുഴയിൽ വയറുവേദനയുമായി എത്തിയ ഒമ്പതുകാരിയുടെ വയറ്റിൽ നിന്ന് ശസ്ത്രക്രിയയിലൂടെ 127 സെന്റിമീറ്റർ നീളത്തിലുള്ള മുടിയുടെ കെട്ട് പുറത്തെടുത്തു. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ കുട്ടികളുടെ ശസ്ത്രക്രിയാവിഭാഗമാണ് ശസ്ത്രക്രിയയിലൂടെ ഈ മുടിയുടെ കെട്ട് പുറത്തെടുത്തത്. നിരന്തരമായുള്ള വയർ വേദന, ഛർദ്ദി, വയറ്റിൽ തടിപ്പ് എന്നീ ലക്ഷണങ്ങളോടെ കഴിഞ്ഞ ദിവസമാണ് പീഡിയാട്രിക് സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ചത്.

അൾട്രാസൗണ്ട്, സിടി സ്കാൻ, എൻഡോസ്കോപ്പി തുടങ്ങിയ പരിശോധനയിൽ കുട്ടിക്ക് ട്രൈക്കോബെസോർ എന്ന അപൂർവ രോഗം ആണെന്ന് കണ്ടെത്തി. ആമാശയത്തിൽ രോമങ്ങൾ അടിഞ്ഞുകൂടി ഒരു മുഴ പോലെ ആകുന്ന രോഗത്തെയാണ് ‘ട്രൈക്കോബെസോർ’ എന്ന് പറയുന്നത്. ഹെയർ ബോൾ എന്നും ഈ അവസ്ഥക്ക് പറയും. തലമുടി, നൂൽ, ക്രയോൺ എന്നിവ ഉള്ളിൽ ചെല്ലുന്നത് മൂലമുണ്ടാകുന്ന രോഗമാണിത്. സാധാരണ കണ്ടുവരുന്ന ട്രൈക്കോബെസോവറിൽ ഹെയർബോൾ ആമാശയത്തിൽ ഒതുങ്ങുന്നവയാണ്. എന്നാൽ കുട്ടിക്ക് ബാധിച്ച രോഗം പതിവിൽ നിന്നും വ്യത്യസ്തമായി ഹെയർബോൾ ചെറുകുടലിലേക്ക് വ്യാപിച്ചിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

കുട്ടിയിൽ ഹെയർബോളിന് 127 സെന്റീമീറ്റർ നീളമുണ്ടായിരുന്നു. ട്രൈക്കോബെസോവറിന്‍റെ വളരെ അപൂർവമായ രൂപമാണിത്. ശസ്ത്രക്രിയ കഴിഞ്ഞ പെൺകുട്ടി സുഖം പ്രാപിച്ചുവരുന്നു. പീഡിയാട്രിക് സർജറിവിഭാഗത്തിലെ ഡോ. ഷിനാസ് സാദ്ദിഖ്, ഡോ. ഉജ്ജ്വൽ സിംഗ് ത്രിവേദി, ഡോ. ജ്യൂഡ് ജോസഫ്, ഡോ. ഫാത്തിമ, ഡോ അനന്തു, അനസ്ത്യേഷ്യാ വിഭാഗത്തിലെ ഡോ. വീണ, ഡോ. ബിബി, ഡോ. അഡ്ലേൻ, ഡോ. ഹരികൃഷ്ണ, ഡോ. അംബിക, ഡോ. അപർണ, ഡോ. അനുരാജ്, ഗ്യാസ്ട്രോളജിസ്റ്റ് ഡോ. ഗോപു, നഴ്സിങ് വിഭാഗത്തിലെ ഷീജ, ശ്രീദേവി, ഷെറിൻ, സൂരജ്, ധന്യ, ബേബിപ്രീത, മീര, സനിത, ആശ, അഞ്ജലി, ബിന്ദുമോൾ, രമാദേവി എന്നിവരുൾപ്പെട്ട സംഘമാണ് ശസ്ത്രക്രിയ നടത്തിയത്.