ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഷെഫീൽഡിലെ ഒരു സ്കൂളിൽ 15 വയസ്സ് പ്രായമുള്ള സ്കൂൾ വിദ്യാർത്ഥി സഹപാഠിയുടെ കത്തിക്കിരയായി ദാരുണമായി കൊല്ലപ്പെട്ടു. നഗരത്തിലെ ഗ്രാൻവില്ലെ റോഡിലുള്ള ഓൾ സെയിന്റ്സ് കാത്തലിക് ഹൈസ്കൂളിൽ വച്ചാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്. അടിയന്തിര മെഡിക്കൽ സർവീസുകൾ ഉടൻ തന്നെ സംഭവസ്ഥലത്ത് എത്തിയെങ്കിലും വിദ്യാർത്ഥിയുടെ ജീവൻ രക്ഷിക്കാനായില്ല.
സംഭവത്തെ തുടർന്ന് കൊലപാതക കുറ്റത്തിന് 15 വയസ്സുകാരനായ ഒരു ആൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തതായും അയാൾ കസ്റ്റഡിയിൽ തുടരുകയാണെന്നും സൗത്ത് യോർക്ക് ഷെയർ പോലീസ് അറിയിച്ചു . എന്താണ് സംഭവിച്ചത് എന്നതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്ന് അസിസ്റ്റന്റ് ചീഫ് കോൺസ്റ്റബിൾ ലിൻഡ്സെ ബട്ടർഫീൽഡ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞു. സംഭവത്തെ തുടർന്ന് സ്കൂളിലും പരിസരപ്രദേശങ്ങളിലും പോലീസിന്റെ സാന്നിധ്യം തുടരുകയാണ്.
നേരത്തെ വിദ്യാർത്ഥികൾ തമ്മിൽ സ്കൂളിൽ സംഘർഷാവസ്ഥ നില നിന്നിരുന്നതായുള്ള റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. ഇതിനെ തുടർന്ന് ഓൾ സെയിന്റ്സ് ഹെഡ്മാസ്റ്റർ ഷോൺ പെൻഡർ ജനുവരി 29 ന് രക്ഷിതാക്കൾക്ക് സ്ഥലത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയതായി സന്ദേശം അയച്ചിരുന്നു. കുറച്ച് വിദ്യാർത്ഥികൾ തമ്മിൽ ഉടലെടുത്ത പ്രശ്നങ്ങളെ തുടർന്നാണ് ഈ നടപടി എന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. സംഭവത്തെ കുറിച്ചുള്ള ഊഹാപോഹങ്ങളും സംശയങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവെയ്ക്കുന്നത് ഒഴിവാക്കണമെന്ന് പോലീസ് അഭ്യർത്ഥിച്ചിട്ടുണ്ട്. സംഭവത്തിൽ പ്രധാനമന്ത്രി കെയർ സ്റ്റാർമർ നടുക്കം രേഖപ്പെടുത്തി. ഒരു പിതാവ് എന്ന നിലയിൽ തന്റെ ചിന്തകൾ മരിച്ച കുട്ടിയുടെ കുടുംബത്തോടൊപ്പമാണെന്ന് അദ്ദേഹം പറഞ്ഞു. ഇത് എങ്ങനെ സംഭവിച്ചു എന്നതിനെ കുറിച്ചുള്ള ഗുരുതരമായ ചോദ്യങ്ങൾക്ക് ഉത്തരം കണ്ടെത്താൻ സ്കൂൾ, പോലീസ്, കൗൺസിൽ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി ബ്രിഡ്ജറ്റ് ഫിലിപ്സൺ പറഞ്ഞു.
Leave a Reply