ന്യൂസ് ഡെസ്ക്, മലയാളം യുകെ

ബ്രിട്ടനിൽ കഴിഞ്ഞ ദിവസങ്ങളിൽ നടന്ന കലാപ ശ്രമങ്ങൾക്ക് കുറ്റം ചുമത്തപ്പെട്ട ആദ്യ വ്യക്തിയായി ഒരു 15 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥി മാറി. ആഗസ്റ്റ് 2 ന് സണ്ടർലാൻഡിൽ നടന്ന പ്രശ്നങ്ങളോട് ബന്ധപ്പെട്ടാണ് ഇയാൾ പ്രതിയായിരിക്കുന്നത് എന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് അറിയിച്ചു. കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടാൽ 10 വർഷം വരെ നീണ്ട ശിക്ഷ ഇയാൾക്ക് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.


യുകെയിലെ കലാപത്തിൽ പങ്കുവഹിച്ചവർക്ക് 5 വർഷത്തിന് പകരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തണമെന്ന് പ്രോസിക്യൂഷൻമാരോട് ജഡ്ജി ജോൺ താക്കറെ ആവശ്യപ്പെട്ടിരുന്നു. ഹള്ളിലെ ആക്രമണത്തിനിരയായ വനിതാ പോലീസുകാരിയെ നിലത്തടിച്ചയാളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജഡ്ജി ഈ നിർദേശം മുന്നോട്ടു വച്ചത് . 15 വയസ്സുകാരനായ സ്കൂൾ വിദ്യാർത്ഥിക്ക് മേൽ ഈ രീതിയിൽ കുറ്റം ചുമത്തപ്പെട്ടാൽ അയാൾക്ക് പത്തുവർഷം ശിക്ഷ ലഭിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് നിയമ വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ആഗസ്റ്റ് 2- ന് സണ്ടർലാൻഡിൽ നടന്ന കലാപത്തിലാണ് ഇയാൾ പങ്കെടുത്തത്. ആഗസ്റ്റ് 2 ന് നടന്ന സണ്ടർലാൻഡ് കലാപത്തിൽ ഉൾപ്പെട്ട എല്ലാവർക്കും ഗുരുതരമായ കുറ്റങ്ങൾ നേരിടേണ്ടി വരുമെന്ന് നോർത്തുംബ്രിയ പോലീസിലെ അസിസ്റ്റൻ്റ് ചീഫ് കോൺസ്റ്റബിൾ അലസ്റ്റർ സിംപ്സൺ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

സൗത്ത് പോർട്ടിൽ മൂന്ന് പ്രൈമറി സ്കൂൾ കുട്ടികളുടെ കൊലപാതകത്തിനെ തുടർന്ന് രാജ്യമൊട്ടാകെ നടന്ന കലാപങ്ങളിൽ നിരവധി പേരാണ് അറസ്റ്റിലായത്. ഇനിയും കൂടുതൽ പേർ അറസ്റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന സൂചന. അക്രമം, മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചവർക്കെതിരെയുള്ള അന്വേഷണം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്. അക്രമ സംഭവങ്ങൾ മലയാളികൾ ഉൾപ്പെടെ യുകെയിൽ താമസിക്കുന്ന അന്യദേശക്കാർക്ക് കടുത്ത അരക്ഷിതാവസ്ഥയാണ് ഉണ്ടായിരിക്കുന്നത് . സ്കൂളുകൾ അവധിയായതിനാൽ മിക്ക യുകെ മലയാളികളും കേരളത്തിലാണ്. യുകെയിലുളവായി കൊണ്ടിരിക്കുന്ന സംഭവങ്ങൾ കുട്ടികളിലും കടുത്ത സുരക്ഷാ ഭീതിയാണ് ഉളവാക്കിയിരിക്കുന്നത്. പേടി കാരണം സ്കൂളിൽ പോകാൻ കുട്ടികൾ മടി കാണിക്കുമോ എന്ന് ഭയപ്പാടിലാണ് പല മാതാപിതാക്കൾ.