വേദിയിൽ പാടിക്കൊണ്ടിരുന്ന യുവഗായിക വെടിയേറ്റു കൊല്ലപ്പെട്ടു. വെടിവച്ച താരിഖ് അഹമ്മദ് എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. പാക്കിസ്ഥാൻ സിന്ധിലെ ലർകാന ജില്ലയിലായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.
സാമിന സമൂൻ എന്ന ഗായികയ്ക്കാണു ദാരുണാന്ത്യം നേരിടേണ്ടി വന്നത്. ലർകാന ജില്ലയിലെ കംഗ ഗ്രാമത്തിൽ സംഗീതപരിപാടിയ്ക്കിടെയായിരുന്നു ദുരന്തം. ആറു മാസം ഗർഭിണിയായിരുന്നതിനാൽ 24 കാരിയായ സാമിന ഇരുന്നാണ് പാടിയത്. ഇതിനിടെ താരിഖ് അഹമ്മദ് സ്റ്റേജിലെത്തി എഴുന്നേറ്റു നിന്ന് പാടണമെന്നാവശ്യപ്പെട്ടു. എന്നാൽ ആവശ്യം നിരാകരിച്ച സാമിന ഇയാളെ തിരിച്ചയച്ചു. ഇതോടെ പ്രകോപിതനായി താരിഖ് തോക്കെടുത്ത് വെടിയുതിർക്കുകയായിരുന്നു.
ഉടൻ തന്നെ സാമിനയെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. സാമിനയും ഗർഭസ്ഥശിശുവും മരിച്ചതു കൊണ്ട് ഇരട്ടക്കൊലപാതകത്തിനു കേസെടുക്കണമെന്നു ഗായികയുടെ ഭർത്താവ് ആവശ്യപ്പെട്ടു. നിരവധി മനുഷ്യാവകാശ പ്രവർത്തകർ സംഭവത്തിൽ അപലപിച്ച് രംഗത്തെത്തി.
Leave a Reply