കേംബ്രിഡ്ജ്: ” ജനാധിപത്യ മൂല്യങ്ങളും, മാനവ അവകാശങ്ങളും സാമൂഹിക സമത്വവും ഉറപ്പാക്കുന്ന ഭരണം, പ്രതിജ്ഞാബദ്ധതയും, വിശാല കാഴ്ചപ്പാടും, ദിശാബോധവുമുള്ള രാഷ്ട്രീയ നേതാക്കളിലൂടെയേ കഴിയൂ” എന്ന് വീ ഡി സതീശൻ. “വിദ്യാഭ്യാസം, ആരോഗ്യം, നീതി, തൊഴിൽ, പാർപ്പിടം, ഭക്ഷണം, ക്രമ സമാധാനം,സമത്വം എന്നിവ മാനുഷിക അവകാശമാണെന്നും അത് നൽകുവാൻ ഭരണകൂടത്തിന് ഉത്തരവാദിത്വമുണ്ട്” എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ആംഗ്ലിയ റസ്കിൻ യൂണിവേഴ്സിറ്റിയിൽ ‘സോഷ്യൽ ജസ്റ്റിസ് ആൻഡ് പൊളിറ്റിക്കൽ ഇക്വാലിറ്റി’ എന്ന വിഷയത്തിൽ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു സതീശൻ. ‘സാമൂഹിക അസന്തുലിതാവസ്ഥ സാമ്പത്തിക മേഖലയിലും, മാനവികതയിലും, ജാതീക വ്യവസ്ഥതിയിലും വളരെയേറെ ആപൽക്കരമായ അവസ്ഥയിൽ വളർന്നു കൊണ്ടിരിക്കുന്നുവെന്നും’ അദ്ദേഹം ആശങ്ക അറിയിച്ചു.

കേംബ്രിഡ്ജ് ആൻഡ് പീറ്റർബറോ കൗൺസിൽ മേയർ അന്ന സ്മിത്ത് തന്റെ സന്ദേശത്തിൽ തൊഴിൽ മേഖലകളിലും ആരോഗ്യ രംഗത്തും, വിദ്യാഭ്യാസ നയങ്ങളിലും സമത്വവും സന്തുലിതവുമായ നയങ്ങളാണ് ബ്രിട്ടൻ പിന്തുടരുന്നതെന്ന് എങ്കിലും സാധാരണ തൊഴിലാളികൾക്കും ആരോഗ്യ രംഗത്തുള്ളവർക്കും ജീവനാംശത്തിനുതകുന്ന വേതന നയം തിരുത്തേണ്ടതുണ്ടെന്നാണ് താൻ വിശ്വസിക്കുന്നതെന്നും’ പറഞ്ഞു. പ്രതിപക്ഷ നേതാവിന്റെ ചിന്തോദ്ദീപകമായ സംഭാഷണവും, വിശാലമായ കാഴ്ചപ്പാടും, പാണ്ഡിത്യവും തന്നെ വളരെയേറെ ആകർഷിച്ചു എന്ന് കൗൺസിലർ അന്ന സ്മിത്ത് കൂട്ടിച്ചേർത്തു.

കേംബ്രിഡ്ജ് സിറ്റി കൗൺസിൽ ഡെപ്യൂട്ടി മേയറും സോളിസിറ്ററുമായ ബൈജു തിട്ടാല അദ്ധ്യക്ഷത വഹിക്കുകയും വിഷയം അവതരിപ്പിച്ചു ഡിബേറ്റിനു തുടക്കം കുറിക്കുകയും ചെയ്തു.

സർക്കാർ ആശുപത്രികളുടെ വികസനം, കാരുണ്യ പദ്ധതി, അനിയന്ത്രിത ലോട്ടറി നിരോധനം, കുട്ടികളുടെ ഉച്ച ഭക്ഷണം, സാമൂഹിക നീതി തുടങ്ങിയ മേഖലകളിൽ തന്റേതും കൂടിയ ഇടപെടലുകൾ വിജയം കാണുവാൻ കഴിയുന്നതിൽ സംതൃപ്തി പ്രകടിപ്പിച്ച സതീശൻ ഓരോ വ്യക്തികളുടെയും ചോദ്യങ്ങൾക്കു കൃത്യമായ മറുപടിയും നൽകി.

വിദ്യാഭ്യാസ മേഖലകൾ, സർക്കാർ ആരോഗ്യ രംഗം എന്നിവയിലുള്ള കാലിക അപ്ഡേറ്റ്സ്, കുട്ടികളുടെ ആരോഗ്യ പോളിസി, ട്രാൻസ്ജെൻഡറുകൾക്കുള്ള സാമൂഹിക നീതി ഉറപ്പാക്കൽ, വിദേശത്തു നിന്ന് വിദ്യാഭ്യാസം പൂർത്തിയാക്കി തിരിച്ചെത്തുന്നവർക്കുള്ള ജോലി സാദ്ധ്യത, വ്യവസായ സംരംഭകർക്ക്‌ അനുകൂല സാഹചര്യം തുടങ്ങിയ വിഷയങ്ങൾ ARU സ്റ്റുഡൻസ് യൂണിയൻ വൈസ് പ്രസിഡണ്ട് നിതിൻ രാജ്, ബോബിൻ ഫിലിഫ്, ജെയ്‌സൺ ജോർജ്ജ്, ഇൻസൺ ജോസ് തുടങ്ങിയവർ സംബോധന ചെയ്തു.

ARU കേരളാ സൊസൈറ്റി പ്രസിഡണ്ട് റമീസ് നാസർ, വൈസ് പ്രസിഡണ്ട് നിതിൻ രാജ്, ഖജാൻജി ജിനു മേരി, കേരളാ സൊസൈറ്റി മെംബേർസ് എന്നിവർ സെമിനാറിന് നേതൃത്വം വഹിച്ചു. സ്നേഹ വിരുന്നും ഒരുക്കിയിരുന്നു.