ന്യൂസ് ഡെസ്ക് മലയാളം യുകെ

ജൂലൈ 25-ാം തീയതി ലണ്ടനിൽ നിന്ന് കേരളത്തിലേക്ക് ആരംഭിച്ച രാജേഷ് കൃഷ്ണയുടെ കാർ യാത്ര 11 ദിവസങ്ങൾ പിന്നിട്ടു. ഇന്ന് ടർക്കിയിലെ ദിയാബാക്കറിലൂടെയായിരുന്നു യാത്ര. നാളെ ഇറാനിലേക്ക് തിരിക്കും.

ഇന്നലെവരെ എല്ലാ സൗകര്യങ്ങളും അനുഭവിച്ച് തെരുവിൽ വലിച്ചെറിയപ്പെട്ടവരുടെ കണ്ണീരു നിറഞ്ഞ കാഴ്ചാനുഭവങ്ങളിലൂടെയായിരുന്നു ടർക്കിയിലെ രാജേഷിന്റെ യാത്ര . കഴിഞ്ഞ ഫെബ്രുവരി 6 – ന് ഉണ്ടായ ഭൂകമ്പം അവിടുത്തെ ജനങ്ങളെ അത്രമാത്രം ബാധിച്ചിരിക്കുന്നു. എല്ലാ സൗകര്യങ്ങളും അനുഭവിച്ച് വലിയ വീടുകളിൽ കഴിഞ്ഞിരുന്നവർ തെരുവിലേക്ക് വലിച്ചെറിയപ്പെട്ടതിന്റെ ദുരന്തം രാജേഷ് മലയാളംയുകെ ന്യൂസിനോട് പങ്കുവെച്ചു.

ഭൂചലനങ്ങളിൽ വീട് നഷ്ടപ്പെട്ടവർ ഇപ്പോൾ കഴിയുന്നത് താത്കാലിക കണ്ടെയ്നറുകളിലാണ്. വലിയ ഫ്ലാറ്റുകളുടെ കാഴ്ച കോൺക്രീറ്റ് അവശിഷ്ടങ്ങളായി നഷ്ടപ്രതാപം വിളിച്ചോതുന്നു .

മറ്റൊരു കൂട്ടർ സിറിയൻ അഭയാർത്ഥികൾ ആയിരുന്നു. പഴഞ്ചൻ കാറുകൾക്ക് അടുത്തായി ടെന്റുകൾ കെട്ടി നാടോടികളെപ്പോലെ കഴിയുന്നവർ . നമ്മൾ മലയാളികൾ ഭാഗ്യവാൻമാരാണ് കാരണം നൂറു വർഷത്തിൽ ഒരു പ്രളയം മാത്രമേ നമുക്കനുഭവിക്കേണ്ടി വന്നിട്ടുള്ളൂ. രാജേഷിന്റെ വാക്കുകളിൽ ദുരിതമനുഭവിക്കുന്നവരുടെ വേദനയും, കണ്ണീരും , അരക്ഷിതാവസ്ഥയും നമുക്ക് വായിച്ചെടുക്കാനാവും.

റയാന്‍ നൈനാന്‍ ചില്‍ഡ്രന്‍സ് ചാരിറ്റിയെ പിന്തുണയ്ക്കുന്നതിനാണ് രാജേഷ് ഈ യാത്ര തുടങ്ങിയത്. ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് അന്തരിച്ച റയാന്‍ നൈനാന്റെ സ്മരണാര്‍ത്ഥം ആരംഭിച്ചതാണ് RNCC. മാരക രോഗങ്ങളാൽ കഴിയുന്ന കുട്ടികൾക്ക് സഹായം നൽകുകയാണ് ചാരിറ്റിയുടെ ലക്ഷ്യം. റയാന്റെ രോഗാവസ്ഥയില്‍ കൂടെ നിന്ന ആളുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും സഹായമാകാനും മാരകരോഗികളായ കുട്ടികളെ തിരിച്ചു സന്തോഷത്തിലേയ്ക്ക് കൈപിടിക്കാനും ഈ യാത്രയിലൂടെ ലക്ഷ്യമിടുന്നെന്ന് രാജേഷ് മലയാളംയുകെ ന്യൂസിനോട് പറഞ്ഞു .

ഹെലന്‍ ഹൗസ് ഹോസ്പിസ്, ഇയാന്‍ റെന്നി നേഴ്‌സിംഗ് ടീം, തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടികള്‍ എന്നിവരെ സഹായിക്കുകയാണ് യാത്രയുടെ പ്രധാന ലക്ഷ്യം.

ചാരിറ്റിയെക്കുറിച്ച് കൂടുതലറിയാനും പിന്തുണക്കാനും ഈ ലിങ്കില്‍ സന്ദര്‍ശിക്കുക.

http://www.rncc.org.uk/

https://www.london2kerala.com/