ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ലണ്ടൻ: രാജ്യത്ത് വൈദ്യുതി വിതരണം തടസപ്പെടുമെന്ന മുന്നറിയിപ്പുമായി നാഷണൽ ഗ്രിഡ്. ശൈത്യകാലത്ത് ഗ്യാസ് വിതരണം കുറവായതാണ് ഇതിനു കാരണമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു. വൈദ്യുതി ദിവസവും മൂന്ന് മണിക്കൂർ വരെ മുടങ്ങാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പിൽ പറയുന്നത്. നിലവിലെ ഊർജപ്രതിസന്ധിയും ഇതിനു പ്രധാന കാരണമാണ്.

ഊർജപ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ മറ്റു ബദൽ മാർഗങ്ങൾ ആലോചിക്കണമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. തിരക്കേറിയ സമയങ്ങളിൽ വെട്ടിക്കുറയ്ക്കലുകൾ സംഭവിക്കുകയും ഉപഭോക്താക്കൾക്ക് മുൻകൂട്ടി മുന്നറിയിപ്പ് നൽകുകയും ചെയ്യും. അതേസമയം വിതരണം തടസപ്പെടുന്നത് ഒരു പരിധിവരെ വീടുകളെ ബാധിക്കില്ല എന്നാണ് ഗ്രിഡ് ചൂണ്ടിക്കട്ടുന്നത്. ആവശ്യക്കാർ കൂടുതലുള്ള സമയങ്ങളിൽ, ഒരുപക്ഷേ പുലർച്ചെ, അല്ലെങ്കിൽ വൈകുന്നേരം 4 മണിക്കും 9 മണിക്കും ഇടയിൽ ഉണ്ടാകാൻ സാധ്യതയുള്ള പവർ കട്ടിനെക്കുറിച്ച് ഒരു ദിവസം മുമ്പെങ്കിലും ഉപഭോക്താക്കൾക്ക് മുന്നറിയിപ്പ് നൽകും. രാജ്യത്തിന്റെ എല്ലാ മേഖലകളെയും ഒരേ സമയം ബാധിക്കാത്ത രീതിയിലാണ് അവ ക്രമീകരിക്കുക. ഓഗസ്റ്റിൽ ലിസ് ട്രസ് പ്രചാരണം നടത്തുമ്പോൾ ഈ ശൈത്യകാലത്ത് ഊർജ്ജ പ്രതിസന്ധി ഉണ്ടാകില്ലെന്ന് പ്രതിജ്ഞയെടുത്തിരുന്നു.

എന്നാൽ വ്യാഴാഴ്ച മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പ്രധാനമന്ത്രിയുടെ മറുപടി ഇങ്ങനെ ആയിരുന്നു;

‘ഞങ്ങൾക്ക് വ്യക്തമായത് യുകെയിൽ നല്ല ഊർജ വിതരണമുണ്ട്, മറ്റ് പലതിനെക്കാളും മികച്ച സ്ഥാനത്താണ് ഞങ്ങൾ. പക്ഷേ തീർച്ചയായും നമുക്ക് ചെയ്യാൻ കഴിയുന്ന കൂടുതൽ കാര്യങ്ങളുണ്ട്. അതുകൊണ്ടാണ് ഭാവിയിൽ സുരക്ഷിതമായ ഊർജ വിതരണമുണ്ടെന്ന് ഉറപ്പാക്കിക്കൊണ്ട് പ്രവർത്തിക്കുന്നത്’- അവർ കൂട്ടിച്ചേർത്തു.