ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
ജൂനിയർ ഡോക്ടർമാരുടെ സമരം എൻഎച്ച്എസ്സിന്റെ പ്രവർത്തനങ്ങളെ ബാധിച്ചതിന്റെ ഞെട്ടിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. സമരമുലം 350,000 അപ്പോയിന്റമെന്റുകളും ശസ്ത്രക്രിയകളുമാണ് റദ്ദാക്കുകയോ മാറ്റിവയ്ക്കപ്പെടുകയോ ചെയ്യേണ്ടതായി വന്നിരിക്കുന്നത് . ഇതിൽ ഗുരുതരമായ ക്യാൻസർ പോലുള്ള രോഗം ബാധിച്ചവരും ഉണ്ടെന്നുള്ളതാണ് പ്രശ്നത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നത്.
ഷ്രോപ്‌ഷെയറിൽ നിന്നുള്ള ജാക്കി പഗിന്റെ ദുരനുഭവം അവർ മാധ്യമങ്ങളോട് വിവരിച്ചത് കടുത്ത നിരാശയിലാണ്. സ്ഥാനാർബുദത്തെ തുടർന്ന് ചികിത്സയിലായിരുന്ന അവർക്ക് ബ്രസ്റ്റ് റീകൺസ്ട്രക്ഷന്റെ സർജറി വെള്ളിയാഴ്ച നൽകേണ്ടതായിരുന്നു. എന്നാൽ ഡോക്ടർമാരുടെ പണിമുടക്ക് മൂലം അത് മാറ്റിവയ്ക്കപ്പെട്ടിരിക്കുകയാണ്. ഏകദേശം മൂന്നര വർഷമായി താൻ കാത്തിരുന്ന ശസ്ത്രക്രിയയാണ് മുടങ്ങിയതെന്ന് പറയുമ്പോൾ അവരുടെ വാക്കുകളിൽ രോഷവും സങ്കടവും നിരാശയുമെല്ലാം ഉണ്ടായിരുന്നു.
ചൊവ്വാഴ്ച മുതൽ നാല് ദിവസത്തേക്കാണ് യൂണിയൻ പണിമുടക്ക് പ്രഖ്യാപിച്ചത്. ജീവിതചിലവും നികുതി ഇനങ്ങളും അനുദിനം വർദ്ധിക്കുകയാണ്. ഈ സാഹചര്യത്തിൽ വേതനവും വർദ്ധിക്കണം എന്നാണ് ഡോക്ടർമാരുടെ ആവശ്യം. എന്നാൽ വേതന ആവശ്യങ്ങൾ അംഗീകരിക്കുകയാണെങ്കിൽ പ്രതിവർഷം 20000 പൗണ്ട് അധികം ഇവർക്ക് ലഭിക്കുമെന്നാണ് വിദഗ് ധർ വിലയിരുത്തുന്നത്. പണിമുടക്ക് അന്യായമാണെന്നും, അതിന്റെ സ്വഭാവം അംഗീകരിക്കാൻ കഴിയാത്തതാണെന്നുമുള്ള ആരോഗ്യ സെക്രട്ടറിയുടെ പരാമർശം ഇതിനോടകം തന്നെ വിവാദമായിട്ടുണ്ട്. ‘അന്യായമായ ശമ്പള വർദ്ധനവാണ് ഇപ്പോൾ ഉന്നയിക്കുന്നത് എന്നും സമരം പിൻവലിക്കാൻ യൂണിയൻ തയാറാകണമെന്നും ആരോഗ്യ സെക്രട്ടറി സ്ലീവ് ബാർക്ലേ പറഞ്ഞു. മുൻ കാലങ്ങളിൽ എൻ എച്ച് എസ് ജീവനക്കാർ നടത്തിയ പണിമുടക്കിനെക്കാൾ ശക്തിയേറിയതാണ് ഡോക്ടർമാരുടെ സമരം എന്നാണ് പൊതുവേയുള്ള വിലയിരുത്തൽ