യു.കെയിലെ എല്ലാ ഭാഗത്തുമുള്ള കുട്ടികളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ട ദിവസമാണ് വരാന്‍ പോകുന്നത്. പുതിയ അദ്ധ്യയന വര്‍ഷത്തിന്റെ ആരംഭം!. പുതിയ വസ്ത്രവും പുസ്തകങ്ങളുമായി ഓരോ വിദ്യാര്‍ത്ഥിയും സ്‌കൂളിലേക്ക് പോകുമ്പോള്‍ മാതാപിതാക്കളായവര്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. എല്ലാവര്‍ക്കും തങ്ങളുടെ കുട്ടിയുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയെക്കുറിച്ച് ആശങ്കകളുണ്ടാകും. അതേസമയം ചില കാര്യങ്ങളില്‍ ശ്രദ്ധ പുലര്‍ത്താന്‍ കഴിഞ്ഞാല്‍ സ്‌കൂളിലെത്തുന്ന കുട്ടിക്ക് കൂടുതല്‍ ആത്മവിശ്വാസവും സന്തോഷവും നല്‍കാന്‍ കഴിയും. പാരന്റിംഗ് സഹായങ്ങള്‍ നല്‍കുന്ന വെബ്‌സൈറ്റായ ബേബി സെന്റര്‍ തയ്യാറാക്കിയ നിര്‍ദേശങ്ങള്‍ വായിക്കാം.

1) നല്ല ശീലങ്ങള്‍ വളര്‍ത്തിയെടുക്കുക.

സമ്മര്‍ ഹോളിഡേ കഴിഞ്ഞാണ് കുട്ടികള്‍ സ്‌കൂളിലേക്ക് തിരികെ പോകുന്നത്. വെക്കേഷന്‍ സമയത്തുള്ള നിയന്ത്രണമില്ലാത്ത ദിനചര്യകളില്‍ നിന്ന് ചെറിയ മാറ്റങ്ങളോടെ ചില കാര്യങ്ങള്‍ ചെയ്യേണ്ടതുണ്ട്. കുട്ടി സാധാരണഗതിയില്‍ കൃത്യ സമയത്ത് ഉറങ്ങുന്നതും കൃത്യതയോടെ ഭക്ഷണം കഴിക്കുന്നതുമെല്ലാം ശ്രദ്ധിക്കണം. നേരത്തെ തന്നെ എഴുന്നേല്‍ക്കാന്‍ പാകത്തിന് അലാറം സെറ്റ് ചെയ്യുന്നത്, അനാവശ്യമായ തിരക്കിടല്‍ പരിപാടികളെ മാറ്റി നിര്‍ത്താന്‍ കുട്ടിയെ സഹായിക്കും. കുട്ടിക്ക് ഇഷ്ടമുള്ള ഭക്ഷണം രാവിലെ തയ്യാറാക്കാനും ശ്രദ്ധിക്കണം.

2) വീട്ടില്‍ നല്ല സംസാരശീലം വളര്‍ത്തിയെടുക്കുക

പുതിയ അദ്ധ്യയന വര്‍ഷത്തോടെ കുട്ടികള്‍ എഴുതാനും വായിക്കാനുമെല്ലാം ആരംഭിക്കും. ചിലര്‍ അതില്‍ കുറച്ചുകൂടി ഉയര്‍ന്ന ക്ലാസുകളിലേക്ക് എത്തുകയും ചെയ്യും. മാതാപിതാക്കള്‍ വീട്ടില്‍ ഉപയോഗിക്കുന്ന ഭാഷ സൂക്ഷ്മതയുള്ളതായിരിക്കണം. നിങ്ങള്‍ പറയുന്ന കാര്യങ്ങള്‍ കുട്ടി വേഗത്തില്‍ മനസില്‍ ഉറപ്പിച്ചേക്കാം. രാത്രി ബെഡ് ടൈം കഥകളും പാട്ടുകളും രസകരമായ സംഭാഷണങ്ങളും നിര്‍ബന്ധമായി ചെയ്യേണ്ട മറ്റു കാര്യങ്ങളാണ്. കുട്ടികളോട് നന്നായി സംസാരിക്കാനും സൗഹൃദം സ്ഥാപിക്കാനും ശ്രമിക്കണം.

3) കണക്കുമായി ബന്ധപ്പെട്ട ചിന്തകളെ ഉണര്‍ത്തുക.

ഗണിതശാസ്ത്രവുമായി ബന്ധപ്പെട്ട ചിന്തകളെ ഉണര്‍ത്താനുള്ള ചെറിയ വിദ്യകള്‍ കുട്ടിയെ പരിശീലിപ്പിക്കുന്നത് വലിയ ഗുണം ചെയ്യും. പുറത്ത് പോകുന്ന സമയത്ത് കടകളിലെ കളിപ്പാട്ടങ്ങളുടെ എണ്ണത്തെക്കുറിച്ച് ചോദിക്കുക. നമ്പറുകളുമായി ബന്ധപ്പെട്ട ചെറിയ ജോലികള്‍ നല്‍കുക. നമ്പറുകളെ പരിചയപ്പെടുത്തുക തുടങ്ങിയവ ഗണിതശാസ്ത്രപരമായ താല്‍പ്പര്യങ്ങളെ വളര്‍ത്താന്‍ സഹായിക്കും.

4) കുട്ടികളോട് ഒന്നിച്ച് കളിക്കുക.

ആദ്യമായി വിദ്യാലയത്തിലേക്ക് പോകുന്ന കുട്ടിയെ സംബന്ധിച്ച് തികച്ചും അപരിചതമായ സ്ഥലമാണത്. സ്‌കൂളിലെ അപരിചിതത്വവും പഠനത്തിലേക്കുള്ള തയ്യാറെടുപ്പ് അവര്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ എപ്പോഴും കുട്ടിയുമായി സമയം ചെലവിടാനും കളിക്കാനും ശ്രദ്ധിക്കണം.

5) അദ്ധ്യാപകരോട് നിരന്തരം സംസാരിക്കുക

ഇനിയുള്ള ദിവസങ്ങളില്‍ കുട്ടികള്‍ ഏറ്റവും കൂടുതല്‍ സമയം ചെലവഴിക്കുന്ന ഒരാള്‍ അദ്ധ്യാപകരായിരിക്കും. കുട്ടിയുമായ ഏതുതരത്തിലുള്ള ആശങ്കകളും പങ്കുവെയ്‌ക്കേണ്ടതും അദ്ധ്യാപകരുമായിട്ടാണ്. കുട്ടിയെ അടുത്തറിയാന്‍ അദ്ധ്യാപകന് സാധിക്കുന്നതിനോടപ്പം മാതാപിതാക്കളുടെ ആശങ്കയും മാറാന്‍ ഇത് സഹായിക്കും.