ന്യൂസ് ഡെസ്ക്, മലയാളം യുകെ

വർക്കല പാപനാശം ബീച്ചിൽ സർഫിങ്ങിനിടെ ബ്രിട്ടീഷ് പൗരനായ വിനോദസഞ്ചാരി മരണമടഞ്ഞു. ലണ്ടൻ സ്വദേശിയായ റോയി ജോൺ ടെയ് ലർ (55) ശക്തമായ തിരമാലകളിൽപ്പെട്ടാണ് കൊല്ലപ്പെട്ടത്. മണൽ തിട്ടയിൽ തട്ടി കഴുത്ത് ഒടിഞ്ഞ നിലയിലാണ് ഇയാളെ കണ്ടെത്തിയത്. ലൈഫ് ഗാർഡും പോലീസും ചേർന്ന് ഉടൻ തന്നെ വർക്കല താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റോയി ജോൺ ടെയ് ലർ ഭാര്യയ്ക്കൊപ്പം വ്യാഴാഴ്ചയാണ് വർക്കല ബീച്ചിനടുത്തുള്ള ഹോട്ടലിൽ മുറിയെടുത്തിരുന്നതായാണ് റിപ്പോർട്ടുകൾ. വെള്ളിയാഴ്ച ഇന്ത്യൻ സമയം 11 . 30 ഓടുകൂടി ബീച്ചിൽ ആളുകൾ തിങ്ങിനിറഞ്ഞ സമയത്താണ് അപകടം നടന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേയ്ക്ക് അയച്ചിരിക്കുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിന് രണ്ടുദിവസം മുമ്പ് കടൽ ശാന്തമായിരുന്നു എന്നാണ് ഒരു ലൈഫ് ഗാർഡ് പറഞ്ഞത്.

ബ്രിട്ടീഷ് പൗരൻ ശക്തമായ തിരമാലകളിൽപ്പെട്ട് വർക്കല പാപനാശം ബീച്ചിൽ മരിക്കാനിടയായ സംഭവം ഡെയിലി മെയിൽ, ദി മിറർ, ദി സൺ ഉൾപ്പെടെയുള്ള പത്രങ്ങൾ വൻ പ്രാധാന്യത്തോടെ പ്രസിദ്ധീകരിച്ചിട്ടുണ്ട്. തുടർച്ചയായ അപകടങ്ങളെ തുടർന്ന് ഇന്ത്യൻ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ സുരക്ഷയും മുന്നറിയിപ്പുകളും കൂടുതൽ ശക്തമാക്കണമെന്ന ആവശ്യമാണ് ഉയർന്നു വരുന്നത് .


ഈ വർഷം മാർച്ച് 9 ന് വർക്കലയിൽ, ശക്തമായ തിരമാലകളെത്തുടർന്ന് ഫ്ലോട്ടിംഗ് പാലത്തിൻ്റെ റെയിലിംഗ് തകർന്ന് ആളുകൾ കടലിൽ വീണ് 15 പേർക്ക് പരിക്കേറ്റിരുന്നു . കടൽക്ഷോഭം രൂക്ഷമായ സാഹചര്യത്തിൽ ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ബീച്ച് പ്രവർത്തനങ്ങൾ താത്കാലികമായി നിരോധിക്കാൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന് നിർദേശം നൽകിയിട്ടുണ്ട്.