ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേൽ :- ഇസ്രയേലും ഹമാസും തമ്മിലുള്ള സംഘർഷം ജനുവരി 7 -ന് നാലാം മാസത്തിലേക്ക് കടന്നിരിക്കുകയാണ്. ഇപ്പോഴും ചർച്ചകൾ ഒന്നും തന്നെ പുരോഗമിക്കാത്തതിനാൽ, നൂറുകണക്കിന് ബന്ധികളാണ് ഗാസയിൽ തുടരുന്നത്. അതിനിടെ ഹമാസ് പുറത്തുവിട്ട അവരുടെ പിടിയിൽ ഉള്ള നാല് പെൺകുട്ടികളുടെ ചിത്രങ്ങൾ മനുഷ്യ മനഃസാക്ഷിക്ക് സഹിക്കാനാവാത്ത കാഴ്ചയാണ് നൽകിയത്. അവരെ തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്ക് ശേഷം എടുത്ത ചിത്രങ്ങളാണ് ഇവ. പത്തൊമ്പതുകാരിയായ കരീന അരിയോവ്, പതിനെട്ടുകാരിയായ ലില്ലി അൽബാഗ്, പത്തൊമ്പത് വയസ്സുള്ള ഡാനിയേല ഗിൽബോവ, അഗം ബെർഗർ എന്നിവരുടെ ചിത്രങ്ങളാണ് ഹമാസ് ഭീകരർ പുറത്തുവിട്ടത്. പുറത്തുവിട്ട ചിത്രങ്ങളിൽ പെൺകുട്ടികളുടെ മുഖത്തെല്ലാം തന്നെ ചോരയും മർദ്ദിക്കപ്പെട്ടതിന്റെ ലക്ഷണങ്ങളും ഉണ്ടായിരുന്നു. ബന്ദികളാക്കിയ ചില സ്ത്രീകളെ തോക്കിന് മുനയിൽ നിർത്തി ബലാത്സംഗം ചെയ്യുകയോ കൈകാലുകൾ വെട്ടിമാറ്റുകയോ ചെയ്‌തുവെന്ന ഭയാനകമായ പുതിയ വിവരങ്ങൾ പുറത്തുവരുമ്പോൾ പിടിയിലാക്കപ്പെട്ട പെൺകുട്ടികളുടെ മാതാപിതാക്കൾ ലോകമെമ്പാടുമുള്ള അമ്മമാരോടും അച്ഛന്മാരോടും തങ്ങൾക്ക് വേണ്ടി സംസാരിക്കാൻ അഭ്യർത്ഥിക്കുകയാണ്. ഞങ്ങളുടെ മക്കളെ ഒരു നോക്ക് കാണുവാൻ കൊതിച്ചിരിക്കുകയാണ് ഇവരെല്ലാവരും തന്നെ.

ഒക്‌ടോബർ 7 ന് 1200 പേർ കൊല്ലപ്പെടുകയും നിരവധി സ്ത്രീകൾ ബലാത്സംഗം ചെയ്യുകയും ചെയ്ത ഹമാസ് ആക്രമണത്തിന്റെ ആദ്യ മണിക്കൂറുകളിൽ ഗാസ അതിർത്തിക്കടുത്തുള്ള നഹാൽ ഓസിൽ നിന്നാണ് ഈ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത്. തട്ടിക്കൊണ്ടുപോയി മണിക്കൂറുകൾക്കുള്ളിൽ പെൺകുട്ടികളുടെ അവസ്ഥ ഇതാണെങ്കിൽ ഇപ്പോൾ അവർക്ക് എന്ത് സംഭവിച്ചു എന്ന് ചിന്തിക്കാൻ ആവാത്തതാണെന്ന് ഡാനിയേലയുടെ പിതാവ് പറഞ്ഞു. തന്റെ മകൾ ഒരു സംഗീതജ്ഞയാകുവാൻ സ്വപ്നം കണ്ടിരുന്നതാണെന്നും അദ്ദേഹം വേദനയോടെ ഓർത്തു. ലോകമെമ്പാടുമുള്ള ജനതയോട് സഹായം അഭ്യർത്ഥിക്കുന്ന ഈ മാതാപിതാക്കളുടെ വേദനയ്ക്ക് ഉടൻ പരിഹാരമുണ്ടാകുമെന്ന് വിശ്വാസത്തിലാണ് മനുഷ്യസ്നേഹികൾ.