പാഞ്ഞുപോകുന്ന ട്രെയിനുകൾ, എന്നാൽ നഗരത്തിലെ ഒരു റെയിൽവേ സ്റ്റേഷനിലും അവ നിർത്തുന്നില്ല. സ്റ്റേഷനുകളെല്ലാം അടച്ചിട്ടിരിക്കുകയാണ്, ഒരു മനുഷ്യൻ പോലുമില്ല. നിരത്തുകളിലും പാർക്കുകളിലും റസ്റ്ററന്റുകളിലുമെല്ലാം അവസ്ഥ ഇതുതന്നെ. പ്രേതനഗരത്തിലൂടെയെന്ന പോലെ ആളൊഴി‍ഞ്ഞ നഗരങ്ങളിൽ പായുന്ന ട്രെയിനിനുള്ളിൽ സഞ്ചരിക്കുന്നവരും വിഹ്വലതയിലാണ്. അവരുടെ മുഖത്തെ ആശങ്കയുടെ പാതിയും മറച്ച് ഒരു മാസ്ക്കും…

സിനിമാക്കാഴ്ചയല്ല, ചൈനയിലെ വുഹാൻ നഗരത്തിലെ യാഥാർഥ്യമാണ്. ഇക്കഴിഞ്ഞ ഡിസംബർ എട്ടിനാണ് ന്യുമോണിയ ലക്ഷണങ്ങളോടെ ഒരാളെ വുഹാനിലെ ആശുപത്രികളിലൊന്നിൽ പ്രവേശിപ്പിച്ചത്. രാജ്യത്തെ ഏറ്റവും ശക്തമായ സാമ്പത്തികനിലയുള്ള 10 നഗരങ്ങളിലൊന്നായ വുഹാനിൽ നിന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് ഡിസംബർ 31ന് ലോകാരോഗ്യ സംഘടനയെ (ഡബ്ല്യുഎച്ച്ഒ) ചൈന അറിയിക്കുകയും ചെയ്തു – വലിയൊരു ഇടവേളയ്ക്കു ശേഷം മാരകമായ കൊറോണ വൈറസ് രാജ്യത്തു പടർന്നിരിക്കുന്നു! അതിന്റെ ബാക്കിപത്രമായിരുന്നു മേൽപ്പറഞ്ഞ കാഴ്ചകൾ.

ജനുവരി 24 വരെയുള്ള കണക്ക് പ്രകാരം ചൈനയിൽ മാത്രം 41 പേർ കൊറോണ വൈറസ് ബാധിച്ചു മരിച്ചു. 1300ൽ ഏറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. വൈറസ് ബാധയുണ്ടെന്ന സംശയത്തിൽ ചൈനയിൽ 1965 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. യുഎസ് ഉൾപ്പെടെ 11 രാജ്യങ്ങളിലേക്ക് രോഗാണുക്കളെത്തിയിരിക്കുന്നു – ഹോങ്കോങ്, മക്കാവു, തയ്‌വാൻ, തായ്‌ലൻഡ്, വിയറ്റ്നാം, സിംഗപ്പൂർ, ജപ്പാൻ, ദക്ഷിണ കൊറിയ, നേപ്പാൾ, മലേഷ്യ. സൗദിയിൽ ഒരു മലയാളി നഴ്സിന് കൊറോണ വൈറസ് സ്ഥിരീകരിച്ചെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചിരുന്നു. എന്നാൽ പിന്നീട് സൗദി ആരോഗ്യവകുപ്പ് ഇക്കാര്യം തള്ളി. മെർസ് വൈറസാണ് സൗദിയിലെ നഴ്സിനെ ബാധിച്ചതെന്നും ചൈനയിൽ റിപ്പോർട്ട് ചെയ്ത പുതിയ വൈറസ് ഇവിടെയെത്തിയിട്ടില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കി.

2002–03ൽ സാർസ് പൊട്ടിപ്പുറപ്പെട്ടപ്പോൾ ചൈനയിലും ഹോങ്കോങ്ങിലുമായി 650 ഓളം പേരാണു മരിച്ചത്. അന്ന് ലോകാരോഗ്യ സംഘടനാ പ്രവർത്തകർക്കു പോലും പ്രവേശനം നൽകാതെ മതില്‍ തീർക്കുകയാണ് ചൈന ചെയ്തത്. ഇപ്പോഴും ചൈനയുടെ നടപടികളിൽ സംശയമുണ്ടെന്ന നിലപാടിലാണ് യുഎസ്. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ജനിതക തിരുത്തൽ സംഭവിച്ച വൈറസിനെപ്പറ്റിയുള്ള വിവരം അതിവേഗം അറിയിച്ചതിന് ചൈനയെ പ്രകീർത്തിക്കുകയും ചെയ്യുന്നു. അതിനിടെയാണ് നഗരങ്ങളെ അടച്ചുപൂട്ടി ഒറ്റപ്പെടുത്തുന്ന ചൈനീസ് നടപടി. അതേസമയം, രോഗം പടരുന്നതു തടയാൻ ഇത്തരമൊരു നീക്കത്തിന്റെ ആവശ്യമില്ലെന്നാണ് ഡബ്ല്യുഎച്ച്ഒ ആവർത്തിക്കുന്നത്.

ചൈന പേടിക്കണം

ആഗോള അടിയന്തരാവസ്ഥ പ്രഖ്യാപിക്കേണ്ടതില്ലെന്നാണ് ലോകാരോഗ്യ സംഘടന വ്യക്തമാക്കുന്നത്. എന്നാൽ ചൈന ആശങ്കപ്പെടേണ്ടതുണ്ടെന്നും ഡബ്ല്യുഎച്ച്ഒ പറഞ്ഞു. അതിന്റെ തുടർച്ചയായി ചൈനീസ് സർക്കാർ സ്വീകരിച്ച നടപടി പക്ഷേ ഞെട്ടിക്കുന്നതായിരുന്നു. ഏകദേശം രണ്ടു കോടി ജനത്തെയാണ് പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ ചൈന വീട്ടുതടങ്കലിലാക്കിയിരിക്കുന്നത്. അതും ചൈനീസ് പുതുവത്സരാഘോഷത്തിനായുള്ള അവധി വെള്ളിയാഴ്ച ആരംഭിച്ചതിനു തൊട്ടുമുൻപ്. ചൈനക്കാർ രാജ്യത്തും വിദേശത്തുമായി ആഘോഷിക്കുന്ന സമയമാണിത്. എന്നാൽ കൊറോണയുടെ സാഹചര്യത്തിൽ ലോകത്തിലെ ഭൂരിപക്ഷം വിമാനത്താവളങ്ങളിലും കർശന പരിശോധനയാണ്.

ചൈനയിൽ നിന്നു പറന്നുയരുന്ന വിമാനങ്ങളിലും വിവിധ രാജ്യങ്ങളിൽ വന്നിറങ്ങുന്നവയിലും തെർമൽ സ്ക്രീനിങ്ങിലൂടെയും മറ്റും പരിശോധന ശക്തം. പുറംലോകവുമായി ബന്ധമില്ലാതെ ഇപ്പോൾ അടച്ചുപൂട്ടിയിരിക്കുന്നതിൽ ഏറ്റവും ഗുരുതരമായ സ്ഥിതിവിശേഷം ചൈനയുടെ ഏറ്റവും പ്രധാനപ്പെട്ട ട്രാൻസ്പോർട്ട് ഹബുകളിലൊന്നായ വുഹാൻ നഗരത്തിലാണ്. ഇവിടത്തെ ഹ്വാനൻ മാംസ മാർക്കറ്റിൽ നിന്നാണ് കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടത്. മുതല മുതൽ കൊവാലയുടെയും കങ്കാരുവിന്റെയും വരെ ഇറച്ചി ലഭിക്കുന്ന ചന്ത എന്നാണ് ഇതറിയപ്പെടുന്നത്. ഓരോ കടയിലും ലഭിക്കുന്ന മൃഗങ്ങളുടെ ചിത്രം സഹിതമാണ് മാർക്കറ്റിലെ പരസ്യം. മാംസം കൈകാര്യം ചെയ്യുന്നതാകട്ടെ വൃത്തിഹീനമായ സാഹചര്യത്തിലും.അനധികൃതമായാണ് വന്യജീവികളുടെ ഇറച്ചി വിൽക്കുന്നതും. ഇവിടെ നിന്നു വാങ്ങിയ പാമ്പിറച്ചിയിൽ നിന്നായിരിക്കാം പുതിയ കൊറോണ വൈറസ് (2019-nCoV: 2019 നോവെൽ കൊറോണ) പടർന്നതെന്നാണു പഠനങ്ങൾ സൂചിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ പേർക്ക് കൊറോണ ബാധിച്ചിരിക്കുന്നതും വുഹാനിലാണെന്നും ചൈനീസ് നാഷനൽ ഹെൽത്ത് കമ്മിഷൻ പറയുന്നു.

‘തടങ്കലിലാക്കപ്പെട്ട’ വുഹാൻ

ഏകദേശം 1.1 കോടിയാണ് വുഹാനിലെ ജനസംഖ്യ. ഇവിടുത്തെ ജനങ്ങൾക്ക് നഗരംവിട്ടു പുറത്തുപോകാന്‍ അനുമതിയില്ല. അഥവാ പോകണമെങ്കിൽ വ്യക്തമായ കാരണം അധികൃതരെ ബോധിപ്പിക്കണം. ആർക്കും നഗരത്തിലേക്കും പ്രവേശനമില്ല. ചൈനയുടെ നാലു വശങ്ങളിലേക്കും ഒപ്പം ലോകത്തിന്റെ ഏതുഭാഗത്തേക്കും ഗതാഗത സൗകര്യമുണ്ടെന്നതാണ് വുഹാൻ നഗരത്തിന് അനുഗ്രഹമാകുന്നത്. അതാണ് ഇപ്പോൾ ശാപമായിരിക്കുന്നതും.

ചൈനയിലെ പ്രധാനപ്പെട്ട എല്ലാ നഗരങ്ങളിലേക്കും വുഹാനിൽ നിന്ന് ഏതാനും മണിക്കൂറുകൾ കൊണ്ട് ട്രെയിനിൽ എത്തിച്ചേരാനാകും. ചൈനയുടെ അതിവേഗ റെയിൽവേപാതകളുടെ ‘ഹബ്’ കൂടിയായി പലപ്പോഴും വുഹാൻ മാറുന്നു (ഭൂപടം കാണുക. അതിൽ അടയാളപ്പെടുത്തിയ നീല വര മണിക്കൂറിൽ 300 കിലോമീറ്ററിനു വേഗതയിൽ സഞ്ചരിക്കാവുന്ന ലൈനുകളാണ്. പച്ചനിറത്തിലുള്ളത് മണിക്കൂറിൽ 200–299 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാനാകുന്നതും. ഓറഞ്ച് നിറത്തിലുള്ളത് ചൈനയുടെ അതിവേഗ റെയിൽപാതയുമായി അപ്ഗ്രേഡ് ചെയ്ത് ചേർത്തിട്ടുള്ള ലൈനുകൾ. അതിവേഗപാതയിൽ ബുള്ളറ്റ് ട്രെയിനുകൾക്ക് 250–350 കിലോമീറ്ററാണ് മണിക്കൂറിൽ വേഗം. ചാരനിറത്തിൽ അടയാളപ്പെടുത്തിയത് ചൈനയുടെ പരമ്പരാഗത റെയിൽപാതയും).

ഏഷ്യയിലെ ഏറ്റവും നീളമുള്ള യാങ്സി നദിയും വുഹാനിനു സമീപത്തുകൂടെ ഒഴുകുന്നുണ്ട്. നദിയോടു ചേർന്ന് വുഹാനിലെ പ്രധാനപ്പെട്ട തുറമുഖവുമുണ്ട്. ഷാങ്‌ഹായ്, ചോങ്‌ക്വിങ് തുടങ്ങിയ പ്രദേശങ്ങളുമായി വുഹാന്റെ ചരക്ക് ഇടപാടുകളും ജലഗതാഗതവും ഈ തുറമുഖം കേന്ദ്രീകരിച്ചാണ്. ഇന്ത്യക്കാരായ മെഡിക്കൽ വിദ്യാർഥികൾ ഉൾപ്പെടെ ഭൂരിപക്ഷം വിദേശികളുടെയും സുപ്രധാന പ്രവർത്തന കേന്ദ്രവും വുഹാനാണ്. അതിനു സഹായിക്കുന്നതാകട്ടെ വുഹാന്‍ രാജ്യാന്തര വിമാനത്താവളവും.എയർ ചൈന, ചൈന ഈസ്റ്റേൺ എയർലൈൻസ്, ചൈന സതേണ്‍ എയർലൈൻസ് എന്നീ സുപ്രധാന വിമാനക്കമ്പനികളുടെ പ്രധാന പ്രവർത്തനകേന്ദ്രമാണിത്. ന്യൂയോർക്ക് സിറ്റി, സാൻഫ്രാൻസിസ്കോ, ലണ്ടൻ, ടോക്കിയോ, റോം, ഇസ്തംബുൾ, ദുബായ്, പാരിസ്, സിഡ്നി, ബാങ്കോക്ക്, മോസ്കോ, ഒസാക്ക, സോൾ, സിംഗപ്പൂർ എന്നിവിടങ്ങളിലേക്കെല്ലാം ഇവിടെ നിന്നു നേരിട്ട് വിമാന സർവീസുകളുണ്ട്. യുഎസ്, ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നിവിടങ്ങളിലുൾപ്പെടെ കൊറോണ വൈറസ് റിപ്പോർട്ട് ചെയ്തത് അവിടേക്കു ചൈനയിൽ നിന്നെത്തിയവരിൽ നിന്നാണെന്നതാണ് ഇപ്പോൾ ഈ സുപ്രധാന വിമാനത്താവളവും അടച്ചിടുന്നതിലേക്കു ചൈനയെ നയിച്ചത്. വുഹാനിൽ നിന്നുള്ളവർക്ക് തായ്‌വാൻ പ്രവേശനവും നിഷേധിച്ചിരിക്കുകയാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ലോകാവസാനം പോലെ…വുഹാനിലെ തെരുവുകളും ഷോപ്പിങ് സെന്ററുകളുമെല്ലാം വിജനമാണ്. ‘ലോകാവസാനമാണെന്നു തോന്നിപ്പിക്കുംവിധമാണ് ഇപ്പോൾ കാര്യങ്ങൾ…’ ചൈനീസ് സമൂഹമാധ്യമമായ വെയ്ബോയിൽ വുഹാൻ സ്വദേശി കുറിച്ചിട്ട ഈ വാക്കുകൾ രാജ്യാന്തരതലത്തിൽ തന്നെ ചർച്ചയായിക്കഴിഞ്ഞു. ജനത്തിന് ആവശ്യത്തിനു ഭക്ഷ്യവസ്തുക്കളും മരുന്നും ഉൾപ്പെടെ ലഭിക്കാത്തതിന്റെ പ്രശ്നങ്ങളും ചർച്ചയാകുന്നുണ്ട്. ഹൈവേ റൂട്ടുകളെല്ലാം ഒന്നൊന്നായി അടയ്ക്കുകയാണ്.

വുഹാന് തൊട്ടടുത്തുള്ള ഹ്വാങ്കേങ്ങിലും സമാനമാണ് അവസ്ഥ. ഏകദേശം 75 ലക്ഷമാണ് ഇവിടുത്തെ ജനസംഖ്യ. ഇവിടെയും ജനത്തിനു നഗരം വിട്ടുപോകാൻ വിലക്കാണ്. ഏകദേശം 11 ലക്ഷമാണ് സമീപത്തെ എജൗ നഗരത്തിലെ ജനസംഖ്യ. ഇവിടെയും റെയിൽവേ സ്റ്റേഷനുകളും മറ്റു പൊതുഗതാഗത സൗകര്യങ്ങളും റദ്ദാക്കി. പ്രത്യേക കാരണങ്ങളുണ്ടെങ്കിൽ, അതും അധികൃതരെ ബോധിപ്പിച്ചു മാത്രമേ, ഇവിടെനിന്നും പുറത്തേക്കു കടക്കാനാകൂ.

ചൈനയുടെ മധ്യ പ്രവിശ്യയായ ഹുബെയിലെ 10 നഗരങ്ങളിലും സർക്കാർ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. ഹുബെയ് പ്രവിശ്യയിൽ മാത്രം ജനുവരി 23 വരെ 549 പേർക്ക് കൊറോണ വൈറസ് ബാധിച്ചിട്ടുണ്ട്. 24 മരണവും ഇവിടെയാണ്. എൻഷി, ഷിജിയാങ്, ഹ്വാങ്ഷി എന്നിവയുൾപ്പെടെ ഏഴു നഗരങ്ങളിൽ ബസ് ഗതാഗതം പൂർണമായും നിർത്തലാക്കി. ഷിജിയാങ് നഗരത്തിൽ ആശുപത്രികൾ, സൂപ്പർ മാർക്കറ്റുകൾ, കർഷകർക്കായുള്ള ചന്ത, പെട്രോൾ പമ്പുകൾ, മരുന്നുകടകൾ എന്നിവയൊഴികെ ബാക്കിയെല്ലായിടവും അടച്ചിട്ടിരിക്കുകയാണ്. എൻഷി നഗരത്തിൽ അടച്ചിട്ട വേദികളിലുള്ള ആഘോഷ പരിപാരികളെല്ലാം നിരോധിച്ചു. നിലവിൽ ആകെ 13 നഗരങ്ങളിൽ ബസും ട്രെയിനും ഉൾപ്പെടെ പൊതുഗതാഗതം നിരോധിച്ചുകഴിഞ്ഞു. 4.1 കോടി ജനങ്ങളെയാണ് ഇതു ബാധിച്ചിരിക്കുന്നത്.

രോഗബാധയേറ്റ് മണിക്കൂറുകളും ചിലപ്പോൾ ദിവസങ്ങളും കഴിഞ്ഞായിരിക്കും ലക്ഷണം കാണിച്ചു തുടങ്ങുക. പലരും തുടക്കത്തിൽ ജലദോഷമോ പനിയോ ആണെന്നാണു കരുതുക. ശ്രദ്ധിച്ചില്ലെങ്കിൽ വൈറസ് കൂടുതൽ പേരിലേക്കു പടരുകയും ചെയ്യും. ഈ സാഹചര്യത്തിൽ ബന്ധുക്കളെപ്പോലും കാണാനാകാതെ വീട്ടിൽ അടച്ചിരിക്കുകയാണ് വുഹാൻ നിവാസികൾ. സൂപ്പർമാർക്കറ്റുകളിൽ സാധനങ്ങൾ വാങ്ങാനെത്തുന്നവരും വൻതോതിൽ ഒന്നും വാങ്ങുന്നില്ലെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എല്ലാവരുടെയും മനസ്സിലുള്ളത്, വൈകാതെ തന്നെ ഈ ‘ഒറ്റപ്പെടൽ’ അവസാനിക്കുമെന്നാണ്. ഭരണകൂടമാകട്ടെ ഇതിനെപ്പറ്റി മിണ്ടുന്നുമില്ല.അതിനിടയിൽ അവശ്യവസ്തുക്കൾക്ക് വില കുത്തനെ ഉയർത്തിയിട്ടുമുണ്ട് പലരും. അതും നേരത്തേ ഉണ്ടായിരുന്നതിനേക്കാൾ അഞ്ചിരട്ടി വരെ. വുഹാനിൽ മുഖാവരണങ്ങളും ശുചിത്വത്തിന് ഉപയോഗിക്കുന്നതരം നേർപ്പിച്ച ആൽക്കഹോളും വൈറ്റമിൻ സി ഗുളികകളും ആവശ്യത്തിനു ലഭിക്കുന്നില്ലെന്ന പരാതിയുമുണ്ട്. വീടിനകത്തു വരെ എല്ലാവരും മുഖാവരണം ധരിച്ചാണു നടക്കുന്നത്. ടാക്സി കാറുകൾ ഓടുന്നുണ്ടെങ്കിലും നേരത്തേ ഉണ്ടായിരുന്നതിനേക്കാളും മൂന്നിരട്ടി തുകയാണു കൊടുക്കേണ്ടി വരുന്നത്.

കിരീടം’ വച്ച വൈറസ്ശരീരത്തിൽ കിരീടം (corona) പോലെ ഉയർന്ന ഭാഗങ്ങളുള്ളതിനാലാണ് കൊറോണ വൈറസിന് ആ പേരു ലഭിച്ചത്. മൃഗങ്ങളിൽ നിന്നു മനുഷ്യരിലേക്കു പകരുന്ന ഈ രോഗം മനുഷ്യരിൽ നിന്നു മനുഷ്യരിലേക്കു പകരുമ്പോഴാണ് അപകടകാരിയാകുന്നത്. 1960കളിലാണ് അത്തരം വൈറസുകളെ ആദ്യം തിരിച്ചറിഞ്ഞത്. ആൽഫ, ബീറ്റ, ഗാമ, ഡെൽറ്റ എന്നിങ്ങനെ നാല് ഉപവിഭാഗങ്ങളായി തിരിച്ചിട്ടുണ്ട് കൊറോണ വൈറസുകളെ. അവയിൽ സാധാരണയായി മനുഷ്യനെ ബാധിക്കുന്ന കൊറോണ വൈറസുകൾ ഇവയാണ്

1) 229ഇ (ആൽഫ കൊറോണ വൈറസ്)
2) എൻഎൽ63 (ആൽഫ കൊറോണ വൈറസ്)
3) ഒസി43 (ബീറ്റ കൊറോണ വൈറസ്)
4) എച്ച്കെയു1 (ബീറ്റ കൊറോണ വൈറസ്)

മൃഗങ്ങളിൽ നിന്നു മനുഷ്യരിലെത്തി അവിടെ സ്വയം ജനിതക തിരുത്തലുകൾ (Genetic Mutation) വരുത്തി കോശങ്ങളില്‍ പെരുകുന്നതാണ് ഇപ്പോൾ കണ്ടെത്തിയ 2019–നോവൽ കൊറോണ വൈറസ് ഉൾപ്പെടെയുള്ളവയുടെ സ്വഭാവം. അത്തരത്തില്‍ രണ്ടെണ്ണത്തെ കൂടി നേരത്തേ കണ്ടെത്തിയതാണ് മെർസ് (മിഡിലീസ്റ്റ് റെസ്പിരേറ്ററി സിൻഡ്രം–ബീറ്റ) വൈറസും സാർസ് (സിവിയർ അക്യൂട്ട് റെസ്പിരേറ്ററി സിൻഡ്രം–ബീറ്റ) വൈറസും. സാർസ് വഴി 2003–03ൽ ലോകത്ത് എണ്ണൂറോളം പേരും മെർസ് ബാധിച്ച് 2012 മുതൽ ഏകദേശം 700 പേരും മരിച്ചിട്ടുണ്ട്.

മനുഷ്യനെ ബാധിക്കുന്ന കൊറോണ വൈറസുകളിലെ ഏഴാമനാണ് ഇപ്പോൾ ചൈനയിൽ വില്ലൻ. ലക്ഷക്കണക്കിനു മനുഷ്യരിലേക്ക് എളുപ്പത്തിൽ പടർന്നുകയറാന്‍ ഇവയ്ക്കാകും. ചൈനയ്ക്കു പുറമേ മറ്റൊരു രാജ്യത്തും മനുഷ്യരിൽ നിന്നു മനുഷ്യരിലേക്ക് രോഗം പടർന്നതായി സ്ഥിരീകരിച്ചിട്ടില്ല. ഒരുപക്ഷേ ഈ വൈറസ് ആപത്‌കാരിയായേക്കാമെന്നും ഡബ്ല്യുഎച്ച്ഒ പറയുന്നു. എന്നാൽ നിലവിൽ ഭയക്കേണ്ടതില്ലെന്നു മാത്രം. എത്രമാത്രം വേഗത്തിൽ ഇവ മനുഷ്യരിലേക്കു പടരും എന്നതനുസരിച്ചിരിക്കും ലോകാരോഗ്യ സംഘടനയുടെയും തുടർനടപടികൾ.അടിയന്തരാവസ്ഥ വന്നാൽ…

വൈറസ് ബാധിച്ചിട്ടുള്ളത് ആർക്കൊക്കെയാണെന്നും അതിന്റെ ഉറവിടവും കൃത്യമായി അറിയാത്തതിനാലാണ് ലോകം മുൾമുനയിലാകുന്നതും നിരീക്ഷണം ശക്തമാക്കുന്നതും. വൈറസ് വ്യാപിച്ചാൽ ആഗോള അടിയന്തരാവസ്ഥയായി ഇതിനെ ഡബ്ല്യുഎച്ച്ഒയ്ക്കു പ്രഖ്യാപിക്കേണ്ടിവരും. ചൈനയുടെ കയറ്റുമതി–ടൂറിസം വരുമാനത്തെ ഉൾപ്പെടെ ഇതു ദോഷകരമായി ബാധിക്കും. യുഎസ് ഉപരോധത്താലും മറ്റും വലഞ്ഞ ചൈനയ്ക്ക് നിലവിലെ സാഹചര്യത്തിൽ സ്വന്തം ജനത്തെ ‘തടങ്കലിലാക്കുക’ എന്നതിൽക്കവിഞ്ഞു മറ്റൊന്നും ചെയ്യാനാകാത്തതും അതുകൊണ്ടാണ്.

നിലവിൽ മൂന്നു രാജ്യാന്തര ഗവേഷണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ഈ പുതിയ കൊറോണ വൈറസിനെ ഇല്ലാതാക്കാനുള്ള മരുന്നിനായുള്ള പരീക്ഷണം തുടരുകയാണ്. അതിനിടെ അടിയന്തര സാഹചര്യം നേരിടാൻ 1000 പേരെ ചികിത്സിക്കാൻ സൗകര്യമുള്ള ആശുപത്രിയുടെ നിർമാണവും വുഹാനിൽ പുരോഗമിക്കുന്നു. യുദ്ധകാലാടിസ്ഥാനത്തിൽ തിങ്കളാഴ്ചയ്ക്കുള്ളിൽ നിർമാണം പൂർത്തിയാക്കുമെന്നാണു കരുതുന്നത്. രോഗം തടയാൻ കർശന നടപടികൾ സ്വീകരിക്കുമെന്നാണു ചൈനീസ് സ്റ്റേറ്റ് കൗൺസിൽ യോഗവും വ്യക്തമാക്കിയത്.

മേഖലകള്‍ കേന്ദ്രീകരിച്ചുള്ള നടപടിയുണ്ടാകുമെന്നും ദേശീയ ചാനൽ റിപ്പോർട്ട് ചെയ്യുന്നു. വുഹാന്റെ ഒറ്റപ്പെടൽ തുടരുമെന്നുതന്നെയാണ് ഇതു സൂചിപ്പിക്കുന്നത്. ആവശ്യത്തിനു മുൻകരുതലെടുക്കാതെ മാംസവിപണികൾക്കു പ്രവർത്തനാനുമതി നൽകിയതിനു പ്രാദേശിക സർക്കാരുകളെയാണ് ഭരണകൂടം വിമർശിക്കുന്നത്. എങ്ങനെയാണ് വൈറസ് പരന്നതെന്നും വുഹാൻ നഗരത്തിനു പുറത്തേക്ക് ഇതെങ്ങനെ എത്തിയെന്നും ഉൾപ്പെടെ ഹെൽത്ത് കമ്മിഷൻ സംഘം അന്വേഷിക്കുന്നുണ്ട്. ചൈനയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം ഇനിയും കൂടാമെന്ന റിപ്പോർട്ടും അതിനിടെ ഡബ്ല്യുഎച്ച്ഒ പുറത്തുവിട്ടുകഴിഞ്ഞു.