ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഈസ്റ്റ് യോർക്ക് ഷെയർ തീരത്ത് ചരക്ക് കപ്പലും എണ്ണ ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടം കടുത്ത പാരിസ്ഥിതിക പ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന വാർത്തകൾ പുറത്തുവന്നു. കടൽ ജീവികൾക്ക് ഒപ്പം അന്തരീക്ഷത്തിലുള്ള ജീവജാലങ്ങൾക്കും കടുത്ത നാശത്തിന് പ്രസ്തുത സംഭവം വഴിവെക്കുമെന്നാണ് പരിസ്ഥിതി വിദഗ്ധർ വിലയിരുത്തുന്നത്. ഇപ്പോഴും കത്തുന്ന തീയിൽ നിന്നുള്ള കടുത്ത പുക അന്തരീക്ഷത്തിലേയ്ക്ക് ഉയർന്നു കൊണ്ടിരിക്കുകയാണ്.
ടാങ്കറിലെയും ചരക്ക് കപ്പലിലെയും എത്രമാത്രം എണ്ണയും മറ്റ് വസ്തുക്കളും കടൽ ജലത്തിൽ എത്തി എന്നതിനെ കുറിച്ച് ശരിയായ ഒരു കണക്കെടുപ്പ് ഇതുവരെ സാധിച്ചിട്ടില്ല. കനത്ത തീപിടുത്തം തുടരുന്നതിനാൽ ഇപ്പോഴും സംഭവസ്ഥലത്ത് രക്ഷാപ്രവർത്തനത്തിനും മറ്റ് കാര്യങ്ങൾക്കും പരിമിതികൾ ഉണ്ടെന്നാണ് അറിയാൻ സാധിച്ചത്. 183 മീറ്റർ നീളമുള്ള ടാങ്കറിൽ 220,000 ബാരൽ ജെറ്റ് ഇന്ധനം പ്രത്യേക ടാങ്കുകളിലായി ഉണ്ടായിരുന്നു. അവയിൽ എത്രമാത്രം കടലിലേക്ക് ഒഴുകി എന്നാണ് അറിയേണ്ടത്. ജെറ്റ് ഇന്ധനം ഭാരമേറിയ എണ്ണകളെ പോലെ ഒട്ടിപ്പിടിക്കുന്നത് അല്ല. ഇത് പെട്ടെന്ന് ബാഷ്പീകരിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ ഇത് കടലിലെ പക്ഷികൾക്ക് ഹാനികരമായി തീരുമെന്നാണ് കരുതുന്നത്. ഒപ്പം മത്സ്യങ്ങൾക്കും മറ്റ് ജല ജീവികൾക്കും കടുത്ത അപകടം സൃഷ്ടിക്കുകയും ചെയ്യും.
എണ്ണ ടാങ്കറിൽ കൂട്ടിയിടിച്ച കപ്പലിൽ മദ്യവും സോഡിയം സയനൈഡും ആണ് ഉണ്ടായിരുന്നത്. വിഷലിപ്തമായ സോഡിയം സയനൈഡ് കടലിൽ ഒഴുകിയാൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാകും. പക്ഷേ സോഡിയം സയനൈഡ് കടലിൽ പടർന്നിട്ടുണ്ടോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഈസ്റ്റ് യോർക്ക് ഷെയർ തീരത്തിന് ചുറ്റും ഒട്ടേറെ അപൂർവ്വ ഇനം പക്ഷികളുടെയും ജലജീവികളുടെയും സങ്കേതമാണ്. പഫിനുകൾ, ഗാനെറ്റുകൾ തുടങ്ങിയ കടൽ പക്ഷികളുടെ പ്രധാന കോളനികൾ ആണ് ഈ പ്രദേശം. അതുപോലെ തന്നെ ഗ്രേ സീലുകൾ മുട്ടയിട്ട് കുഞ്ഞുങ്ങളെ വിരിയിക്കുന്ന കേന്ദ്രങ്ങളും ഈ സമുദ്ര പ്രദേശങ്ങളിൽ ഉണ്ട്. മലിനീകരണം ഹംബർ അഴിമുഖത്ത് പ്രവേശിച്ചാൽ അത് വന്യജീവികൾക്ക് വിനാശകരമാകുമെന്ന് യോർക്ക്ഷയർ വൈൽഡ് ലൈഫ് ട്രസ്റ്റിൽ നിന്നുള്ള മാർട്ടിൻ സ്ലേറ്റർ പറഞ്ഞു. മത്സ്യ സമ്പത്തിനും ദേശാടനം നടത്തുന്ന പതിനായിരക്കണക്കിന് പക്ഷികളെയും അത് മോശമായി ബാധിക്കും. ഇംഗ്ലണ്ടിലെ ഏറ്റവും വലിയ ഗാനറ്റ് കോളനിക്ക് സമീപമാണ് അപകടമുണ്ടായതെന്നും ചോർച്ച കടൽപ്പക്ഷികൾക്ക് മാരകമായേക്കാമെന്നും റോയൽ സൊസൈറ്റി ഫോർ ദി പ്രൊട്ടക്ഷൻ ഓഫ് ബേർഡ്സ് (ആർഎസ്പിബി) മുന്നറിയിപ്പ് നൽകി
Leave a Reply