ബർമിങ്ഹാംകാരുടെ പ്രിയപ്പെട്ട ജെയ്സമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചിതാഭസ്മം ജന്മനാടിനെ പുൽകും

ബർമിങ്ഹാംകാരുടെ പ്രിയപ്പെട്ട ജെയ്സമ്മയ്ക്ക് കണ്ണീരിൽ കുതിർന്ന യാത്രാമൊഴി. ചിതാഭസ്മം ജന്മനാടിനെ പുൽകും
November 18 17:08 2020 Print This Article

തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിക്ക് ബർമിങ്ഹാം നിവാസികൾ സ്നേഹത്തിൽ ചാലിച്ച അന്ത്യയാത്രാമൊഴി നൽകി. യുകെ മലയാളികളെ ദുഃഖത്തിലാഴ്ത്തി കോട്ടയം പൂഞ്ഞാർ പടന്നമാക്കൽ ടോമി ലൂക്കോസിൻെറ ഭാര്യ ജെയ്സമ്മ (56) രണ്ടാഴ്ച മുമ്പാണ് കോവിഡ് ബാധിതയായി നിര്യാതയായത്. അലൻ എബ്രഹാം ഏകമകനാണ് . ബർമിങ്ഹാമിലും, യുകെയിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി മലയാളികളാണ് തങ്ങളുടെ പ്രിയപ്പെട്ട ജെയ്സമ്മ ചേച്ചിക്ക് അന്ത്യയാത്രാമൊഴി നൽകാനായി എത്തിച്ചേർന്നത്.

പൂർണ്ണമായും കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന മൃതസംസ്കാര ശുശ്രൂഷകൾ മുൻനിശ്ചയപ്രകാരം കൃത്യം 11. 15 ന് തന്നെ ആരംഭിച്ചു. ഫാ. മാത്യു പിന്നക്കാട്ട്, ഫാ. ഷൈജു നടുവതാനിയിൽ, ഫാ. ജോബിൻ കോശക്കൽ വിസി, തുടങ്ങിയവർ മൃതസംസ്കാര ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സീറോ മലബാർ സഭാ ഗ്രേറ്റ് ബ്രിട്ടൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ അന്ത്യകർമ്മങ്ങൾ നടന്ന സാൾട്ടലി ദേവാലയത്തിലെത്തി പരേതയുടെ ആത്മശാന്തിക്കായി പ്രാർത്ഥിക്കുകയും ബന്ധുമിത്രാദികളെ അനുശോചനം അറിയിക്കുകയും ചെയ്തു.

ബന്ധുമിത്രാദികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ ഇന്നലെ ഫ്യൂണറൽ ഡയറക്ടേഴ്സിൻെറ അടുത്ത് സൗകര്യം ഒരുക്കിയിരുന്നു. ദേവാലയത്തിലെ പ്രാർത്ഥനകൾക്ക് ശേഷം മൃതശരീരം ദഹിപ്പിക്കുന്നതിനായി പെറിബാർ ക്രിമിറ്റോറിയത്തിലേയ്ക്ക് നിരവധിപേരുടെ അകമ്പടിയോടെ വിലാപയാത്രയായി കൊണ്ടുപോയി.

കോവിഡ് ബാധിതയായി മരണമടഞ്ഞതിനാൽ മൃതശരീരം കേരളത്തിലേയ്ക്ക് അയക്കാൻ സാധിക്കാതിരുന്നതെന്നാണ് അറിയാൻ കഴിഞ്ഞത്. എങ്കിലും ജെയ്സമ്മയ്ക്ക് ജന്മനാടിനോടുള്ള സ്നേഹം മുൻനിർത്തി ചിതാഭസ്മവുമായി ഭർത്താവ് ടോമി ശനിയാഴ്ച്ച കേരളത്തിലേയ്ക്ക് പോകും. അതിന് ശേഷം അരുവിത്തറ സെന്റ് ജോർജ്ജ് പള്ളിയിൽ കുടുംബകല്ലറയിൽ ചിതാഭസ്മം അടക്കം ചെയ്യും. സെഹിയോൻ യുകെയുടെ മുൻനിര പ്രവർത്തകയായിരുന്ന ജെയ്സമ്മ ബർമിങ്ഹാം സെന്റ് ബെനഡിക് മിഷനിലെ അംഗമാണ്.

 വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles