കരുവന്നൂർ കള്ളപ്പണക്കേസിൽ പ്രതിച്ഛായ മോശമായ സി.പി.എം. തൃശ്ശൂർ ജില്ലാ കമ്മിറ്റിക്ക് ഇപ്പോൾ ആദായ നികുതിവകുപ്പിന്റെ പ്രഹരവും. തിരഞ്ഞെടുപ്പു കാലത്ത് ചട്ടവിരുദ്ധമായി പിൻവലിച്ച ഒരുേകാടിയുടെ നോട്ടുകൾ തിരികെ നിക്ഷേപിക്കാനെത്തിയപ്പോൾ വീണ്ടും പിടിയിലായത് കനത്ത തിരിച്ചടിയായി.
മരവിപ്പിച്ച പാർട്ടി അക്കൗണ്ടിലേക്ക് അനുമതിയില്ലാതെ പണമിടാൻ സ്വകാര്യകാറിലാണ് ജില്ലാ സെക്രട്ടറി ഉൾപ്പെടെയുള്ള നേതാക്കൾ എത്തിയത്. ആദായനികുതിവകുപ്പറിയാതെ പണം നിക്ഷേപിക്കാനായിരുന്നു പദ്ധതി. നിയമോപദേശം കിട്ടിയശേഷമാണ് പണം നിക്ഷേപിക്കാനെത്തിയതെന്ന് പാർട്ടിനേതാക്കൾ പറയുന്നു.
ജില്ലാ കമ്മിറ്റിയുടെ ഒാഫീസിന് സമീപം എം.ജി. റോഡിലെ ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിൽനിന്ന് ഏപ്രിൽ രണ്ടിന് ഒരുകോടി പിൻവലിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. പെരുമാറ്റച്ചട്ടം നിലനിൽക്കേ ഇത്രയും വലിയ തുക പണമായി പിൻവലിച്ചത് ആദായനികുതി വകുപ്പ് കണ്ടെത്തി. അതോടെ സി.പി.എമ്മിന്റെ അക്കൗണ്ടുകളിലേക്ക് അന്വേഷണമെത്തി. ബാങ്കിലെ സി.പി.എമ്മിന്റെ അക്കൗണ്ടുകൾ മരവിപ്പിച്ചു.
ജില്ലാ കമ്മിറ്റി നൽകിയ ആദായനികുതി റിട്ടേണുകളിലൊന്നും ഈ അക്കൗണ്ട് വിവരങ്ങളില്ലെന്നും കെ.വൈ.സി. രേഖകളും പൂർണമല്ലെന്നും ആദായനികുതി വകുപ്പ് അന്ന് വ്യക്തമാക്കി. ഏപ്രിൽ രണ്ടിന് പിൻവലിച്ച പണം ചെലവഴിക്കരുതെന്ന് ആദായനികുതിവകുപ്പ് നിർദേശം നൽകിയിരുന്നു. 1998-ൽ തുടങ്ങിയ ഒരു അക്കൗണ്ടിൽ അഞ്ചുകോടി പത്തുലക്ഷം രൂപയാണുണ്ടായിരുന്നത്. ഇതിൽ ഒരുകോടി രൂപ സ്ഥിരനിക്ഷേപമാണ്. മറ്റൊരു അക്കൗണ്ടിൽ പത്തു കോടിയുടെയും നിക്ഷേപമുണ്ടെന്ന് ആദായനികുതി വകുപ്പ് പറയുന്നു.
മുൻപ് പിൻവലിച്ച ഒരുകോടി രൂപയിൽപ്പെട്ട അതേ നോട്ടുകളാണ് സി.പി.എം. നേതാക്കൾ ചൊവ്വാഴ്ച തിരികെ നിക്ഷേപിക്കാൻ കൊണ്ടുവന്നത്. അതേനോട്ടുകളാണെന്ന് ഉറപ്പാക്കി ജില്ലാസെക്രട്ടറി എം.എം. വർഗീസിനോട് ആദായനികുതി വകുപ്പ് അധികൃതർ ഒപ്പിട്ടുവാങ്ങി.
ഇടപാടു സംബന്ധിച്ച് ആദായനികുതിവകുപ്പ് സ്റ്റേറ്റ്മെന്റ് എഴുതിവാങ്ങിയെന്നും അല്ലാതെ മറ്റൊന്നുമില്ലെന്നും എം.എം. വർഗീസ് പ്രതികരിച്ചു. ബാങ്കിൽ നിന്നിറങ്ങവേ മാധ്യമപ്രവർത്തകരോടായിരുന്നു പ്രതികരണം. ഇ.ഡി. ചോദ്യംചെയ്തതിന്റെ തുടർച്ചയാണിത്. അല്ലാതെ യാതൊന്നുമില്ല. പണംതിരിച്ചടയ്ക്കാൻ സമ്മതിച്ചോയെന്ന ചോദ്യത്തിന് പൈസ അടച്ചോ അടച്ചില്ലയോ എന്നതല്ല പ്രശ്നമെന്നായിരുന്നു മറുപടി.
Leave a Reply