ഉലയുന്ന കപ്പലിനുള്ളിൽ നിരങ്ങി നീങ്ങുന്ന ഫർണിച്ചറുകൾ, ലൈഫ് ജാക്കറ്റുകൾ ധരിച്ച് രക്ഷാപ്രവർത്തകരെ കാത്ത് ഭീതിയോടെയിരിക്കുന്ന യാത്രക്കാർ… ലോകം ശ്വാസമടക്കി കണ്ട ടൈറ്റാനിക്ക് സിനിമയുടെ രംഗങ്ങൾക്കു സമാനമായിരുന്നു ‘ദ് വൈകിങ് സ്കൈ’ എന്ന ആഡംബരക്കപ്പലിൽനിന്നു ചില യാത്രക്കാർ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ ദൃശ്യങ്ങൾ. ആടിയുലഞ്ഞ കപ്പലിൽ വീണും, അടർന്നു വീണ ഭാഗങ്ങൾ ദേഹത്തു പതിച്ചും 17 പേർക്ക് പരുക്കേറ്റിട്ടുണ്ട്.

നോർവേയിലെ ട്രോംസോയിൽനിന്നു സ്റ്റാവഞ്ചറിലേക്കു 4 ദിവസത്തെ യാത്രയായിരുന്നു കപ്പലിന്റെ ലക്ഷ്യം. 21ന് പ്രാദേശിക സമയം രാത്രി 10.30 ന് തുടങ്ങി. 24ന് ഉച്ചയ്ക്ക് ഒരുമണിക്കു ലക്ഷ്യസ്ഥാനത്ത് എത്തേണ്ടതായിരുന്നു. നോർവേയുടെ തീരംപറ്റിയായിരുന്നു കപ്പലിന്റെ സഞ്ചാരം. മൂന്നാം ദിനം, ശനിയാഴ്ച ഉച്ചയ്ക്ക് ഹസ്റ്റാഡ്വിക മേഖലയിലേക്കു പ്രവേശിച്ചതോടെയാണ് അപകടമുണ്ടായത്. കപ്പലിന്റെ 4 എൻജിനുകളുടെയും പ്രവർത്തനം ഒന്നിച്ചു നിലച്ചു. കടൽ ക്ഷോഭിച്ച അവസ്ഥയിലായിരുന്നു. ഈ സമയത്ത് കപ്പലിന്റെ പ്രവർത്തനം നിലച്ചതു പ്രതിസന്ധി ഇരട്ടിയാക്കി. ഉയർന്ന തിരകളിലും കാറ്റിലും കപ്പൽ നിയന്ത്രണം നഷ്ടപ്പെട്ട് ഒഴുകിനടക്കാൻ തുടങ്ങി. അപകടകരമായ കപ്പൽച്ചാലായി അറിയപ്പെടുന്ന ഈ മേഖലയിൽ, എവിടെയെങ്കിലും ഇടിച്ചു കപ്പൽ തകരാൻ സാധ്യതയുണ്ടായിരുന്നു. ജീവനക്കാരുടെ പരിശ്രമങ്ങളെല്ലാം പാഴായതോടെ ഉച്ചയ്ക്ക് 2 മണിക്കാണ് കപ്പലിന്റെ ക്യാപ്റ്റൻ കരയിലേക്ക് അപകട സന്ദേശം അയച്ചത്.

അപകട സന്ദേശം ലഭിച്ചയുടനെ 5 ഹെലികോപ്റ്ററുകളും ഒട്ടേറെ രക്ഷായാനങ്ങളും രംഗത്തെത്തി. എന്നാൽ ഹെലികോപ്റ്ററിൽ ഒരു സമയം പരമാവധി 20 പേരെ മാത്രമേ ഉൾക്കൊള്ളാനാകൂ എന്നതിനാൽ രക്ഷാപ്രവർത്തനം വൈകി.. അഞ്ഞൂറോളം ആളുകളെ ഇങ്ങനെ മാറ്റിയപ്പോഴേയ്ക്കും ഒരുരാത്രി ഇരുട്ടി വെളുത്തു. രാവിലെ കപ്പലിന്റെ 3 എൻജിനുകൾ ഭാഗികമായി പ്രവർത്തിച്ചു തുടങ്ങി. കടലിൽ വൻതിരയും കാറ്റും ശമിച്ചു. ഇതോടെ ടഗ് ബോട്ടുകൾ ഉപയോഗിച്ച് കപ്പൽ കെട്ടിവലിച്ചു തീരത്തടുപ്പിക്കാമെന്ന നിലയിലായി. ഇപ്പോൾ മണിക്കൂറിൽ 13 കിലോമീറ്റർ മാത്രം വേഗത്തിലാണു കപ്പൽ തീരത്തേക്ക് നീങ്ങുന്നത്. അടുത്ത തുറമുഖമായ മോൾഡെയിലേക്ക് അപകട സ്ഥലത്തുനിന്ന് 80 കിലോമീറ്റർ ദൂരമുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇരുപതിലേറെ ബസുകളുടെ നീളമുള്ള ബഹുനില ആഡംബരക്കപ്പലാണ് ദ് വൈകിങ് സ്കൈ. 227 മീറ്റർ നീളവും 29 മീറ്റർ വീതിയുമുണ്ട്. അതിഥികൾക്കും ജീവനക്കാർക്കുമായി 465 മുറികളാണ് കപ്പലിലുള്ളത്. 8 ഭക്ഷണശാലകൾ, സ്പാ, യോഗാ കേന്ദ്രം, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ തുടങ്ങിയവയും കപ്പലിനുള്ളിലുണ്ട്.