ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- പത്തൊൻപതുകാരിയായ ലോറൻ മാൾട്ട് കാർ ക്രാഷിൽ മരിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. ഞായറാഴ്ച വൈകിട്ട് നോർഫോക്കിലെ വെസ്റ്റ് വിഞ്ചിൽ വെച്ചാണ് അപകടമുണ്ടായത്. അപകടം നടന്ന ഉടൻ തന്നെ പെൺകുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണത്തിനു കീഴടങ്ങുകയായിരുന്നു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ ശ്വാസകോശത്തിനും ആമാശയത്തിലും മറ്റുമേറ്റ മുറിവുകളാണ് അപകടകാരണമെന്ന് വ്യക്തമാക്കുന്നു.
ലോറന്റെ വാഹനത്തിലേക്ക് മറ്റൊരു കാർ വന്ന് ഇടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക നിഗമനം. ഇടിച്ച വാഹനം ഓടിച്ച ഡ്രൈവറും ലോറന്റെ പിതാവുമായ നൈജൽ മാൾട്ടിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ഇയാൾ തന്നെയാണ് പെൺകുട്ടിയുടെ കൊലപാതകത്തിന് കാരണമെന്നാണ് പോലിസ് കണ്ടെത്തിയിരിക്കുന്നത്. നാളെ രാവിലെ ഇയാളെ നോർവിച്ച് മജിസ്ട്രേറ്റ് കോടതിക്ക് മുൻപിൽ ഹാജരാക്കും.
സംഭവത്തെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അധികൃതരെ സമീപിക്കേണ്ടതാണെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. ലോറന്റെ മരണം ഇപ്പോഴും അംഗീകരിക്കാൻ ആവുന്നതല്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞു. വാഹനം ഓടിച്ചിരുന്ന നൈജൽ അമിതമായി മദ്യപിച്ചിരുന്നതായും ഇതാകാം അപകടത്തിന് കാരണമെന്നാണ് പോലീസിന്റെ പ്രാഥമിക വിലയിരുത്തൽ. നിലവിൽ ഇയാൾ പോലിസ് കസ്റ്റഡിയിലാണ്.
Leave a Reply