ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോഹന്നാസ്ബർഗ്: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഒമിക്രോൺ കൂടുതൽ രാജ്യങ്ങളിൽ സ്ഥിരീകരിച്ചിരിക്കെ ഇത് എത്രത്തോളം അപകടകാരിയാണെന്ന് അറിയാൻ ഇനിയും കാത്തിരിക്കണം. ഒമിക്രോൺ പിടിപെടുന്നവർക്ക് നേരിയ രോഗലക്ഷണങ്ങൾ മാത്രമേ ഉള്ളെന്നും വീട്ടിൽ തന്നെ ചികിത്സിക്കാമെന്നും ദക്ഷിണാഫ്രിക്കയിൽ നിന്നുള്ള ഡോക്ടർ ഡോ. ആഞ്ചലിക് കോറ്റ്‌സി പറഞ്ഞു. പ്രൈവറ്റ് പ്രാക്ടീഷണറും സൗത്ത് ആഫ്രിക്കൻ മെഡിക്കൽ അസോസിയേഷന്റെ അധ്യക്ഷയുമാണ് ഡോ.ആഞ്ചലിക് കോറ്റ്‌സി. തന്റെ ക്ലിനിക്കിൽ ഏഴ് രോഗികളെ പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ അഭിപ്രായവുമായി കോറ്റ്‌സി രംഗത്തെത്തിയത്. ഡെൽറ്റ വേരിയന്റിൽ നിന്ന് വ്യത്യസ്തമായ ലക്ഷണങ്ങളാണ് കാണപ്പെടുന്നത്. ശരീരവേദനയും തലവേദനയും മൂലം ക്ഷീണിതനായ ഒരു വ്യക്തി നവംബർ 18ന് തന്റെ ക്ലിനിക്കിൽ എത്തിയതായി ഡോക്ടർ വെളിപ്പെടുത്തി. അതേ ദിവസം തന്നെ സമാനമായ ലക്ഷണങ്ങളുമായി കൂടുതൽ രോഗികൾ വന്നു. “ആ ഘട്ടത്തിലെ ലക്ഷണങ്ങൾ സാധാരണ വൈറൽ അണുബാധയുമായി ബന്ധപ്പെട്ടിരിക്കുന്നു. പരിശോധന നടത്തിയപ്പോഴാണ് രോഗിയും കുടുംബവും കോവിഡ് പോസിറ്റീവ് ആണെന്നറിഞ്ഞത്.” – കോറ്റ്‌സി പറഞ്ഞു.

രോഗികൾക്ക് മണമോ രുചിയോ നഷ്ടപ്പെട്ടതായി ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഓക്സിജന്റെ അളവിൽ വലിയ കുറവുണ്ടായിട്ടില്ലെന്നും മന്ത്രിതല ഉപദേശക സമിതിയിൽ അംഗമായ ഡോ.കോറ്റ്‌സി പറഞ്ഞു. ഇതുവരെയുള്ള തന്റെ അനുഭവത്തിൽ നിന്ന്, 40 വയസോ അതിൽ താഴെയോ പ്രായമുള്ളവരെയാണ് ഈ വേരിയന്റ് ബാധിക്കുന്നതെന്ന് അവർ കൂട്ടിച്ചേർത്തു.

ഒന്നോ രണ്ടോ ദിവസം നീണ്ടു നിൽക്കുന്ന കഠിനമായ ക്ഷീണമാണ് പ്രധാന ലക്ഷണം. തലവേദനയും ശരീരവേദനയും ഉണ്ടാകും. താൻ ചികിത്സിച്ച ഒമിക്രോൺ ലക്ഷണങ്ങളുള്ള രോഗികളിൽ പകുതിയോളം പേരും വാക്സിനേഷൻ എടുത്തിട്ടില്ലെന്നും ഡോക്ടർ വെളിപ്പെടുത്തി. എന്നാൽ, ഒമിക്രോൺ കൂടുതൽ അപകടകാരിയാവുന്നതെങ്ങനെ എന്നുള്ള ചോദ്യം നിലനിൽക്കുന്നു. കൊറോണ വൈറസിൽ നിന്ന് വ്യത്യസ്തമാണെന്നുള്ളതിനാൽ ആശങ്കയും ഒഴിയുന്നില്ല.