ഓൺലൈനിൽ ഓർഡർ ചെയ്ത് വരുത്തിയ ഐഫോണിന് നൽകാൻ പണമില്ലാത്തതിനെ തുടർന്ന് ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തി. കേസിൽ ഇരുപതുകാരനെ കർണാടക പോലീസ് അറസ്റ്റ് ചെയ്തു. ഹസൻ ജില്ലയിലെ അരാസികേരെ സ്വദേശിയായ ഹേമന്ത് ദത്തിനെയാണ് പോലീസ് പിടികൂടിയത്.
ഫെബ്രുവരി ഏഴിനാണ് കൊലപാതകം നടന്നത്. ഓർഡർ ചെയ്ത ഐഫോണുമായെത്തിയ ഇകാർട്ട് ഡെലിവറി ഏജന്റ് ഹേമന്ത് നായിക്കാണ് കൊല്ലപ്പെട്ടത്.ഹോമന്ത് ദത്ത് ഓർഡർ ചെയ്ത ഐഫോണിന്റെ വിലയായ 46,000 രൂപ നൽകാനില്ലാത്തതിന്റെ പേരിലാണ് ഇയാൾ ഡെലിവറി ഏജന്റിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.
ഫോൺ നൽകാനായി ഹസനിലെ വീട്ടിലെത്തിയ നായിക്കിനെ, ഹേമന്ത് ദത്ത് കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ഫോണുമായെത്തിയ നായിക്കിനോട്, ബോക്‌സ് തുറക്കാൻ ഹേമന്ത് ദത്ത് ആവശ്യപ്പെട്ടെങ്കിലും പണം നൽകാതെ തുറക്കാനാകില്ലെന്ന് നായിക്ക് ആവശ്യപ്പെട്ടു. ഇതോടെ ഹേമന്ദ് ദത്ത്, നായിക്കിനെ കത്തിയെടുത്തു കുത്തുകയായിരുന്നു.
കൊലപാതകത്തിനു ശേഷം ഹേമന്ത് നായിക്കിന്റെ മൃതദേഹം ചാക്കിൽക്കെട്ടി മൂന്നു ദിവസത്തോളം ഇയാൾ വീട്ടിൽ സൂക്ഷിക്കുകയും പിന്നീട് പിന്നീട് റെയിൽവേ ട്രാക്കിനു സമീപം വച്ച് പെട്രോളൊഴിച്ച് കത്തിച്ചുകളയുകയും ചെയ്തു.
ഹേമന്ത് നായിക്കിനെ കാണാതായെന്ന പരാതി ലഭിച്ചതിനെ തുടർന്ന് പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഹേമന്ത് ദത്ത് കുടുങ്ങിയത്. ഇയാൾ മൃതദേഹവുമായി സ്‌കൂട്ടറിൽ റെയിൽവേ ട്രാക്കിനു സമീപത്തേക്കു പോകുന്ന ദൃശ്യങ്ങൾ സമീപത്തെ സിസിടിവികളിൽനിന്ന് പോലീസ് കണ്ടെത്തുകയായിരുന്നു.
Leave a Reply