ഫുട്‌ബോള്‍ ലോകകപ്പിന്റെ ചൂടിലാണ് കേരളം. മെസിയും അര്‍ജന്റീനയും ബ്രസീലുമെല്ലാം ചങ്കും ചങ്കിടിപ്പുമാകുന്ന സമയമാണിത്. ആളു കൂടുന്നിടത്തെല്ലാം ചര്‍ച്ച കാല്‍പ്പന്ത് മാമാങ്കം മാത്രം. അതിനിടയില്‍ ഒന്നുറങ്ങി എണീറ്റപ്പോള്‍ സ്വന്തം കുടുംബത്തിലെ എട്ട് പേരെ നഷ്ടപ്പെട്ട റാഫിയെന്ന യുവാവിനെ ആര്‍ക്ക് സമയം. നമ്മള്‍ മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള്‍ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ എന്നു തുടങ്ങി ഷറഫുദീന്‍ സഹ്‌റ എന്നൊരാള്‍ ഫേസ്ബുക്കില്‍ ഇട്ട കുറിപ്പ് വൈറലാകുകയാണ്.
കോഴിക്കോട് താമരശേരി കട്ടിപ്പാറ സ്വദേശി മുഹമ്മദ് റാഫിയെക്കുറിച്ചാണ് ഷറഫുദീന്റെ ഫേസ്ബുക്ക് കുറിപ്പ്. കരിഞ്ചോല മലയിലുണ്ടായ ഉരുള്‍പൊട്ടല്‍ റാഫിയുടെ കുടുംബത്തിലെ എട്ടുപേരുടെ ജീവനാണെടുത്തത്. റാഫിയുടെ മാതാപിതാക്കളും ഭാര്യയും മൂന്നു വയസ്സുകാരി മകളും രണ്ടു സഹോദരിമാരും സഹോദരിയുടെ രണ്ടു കുട്ടികളുമാണ് അന്നത്തെ ദുരന്തത്തില്‍ മരണമടഞ്ഞത്. അപകടത്തില്‍ തന്റെ കുടുംബത്തിന് ഒന്നും വരുത്തരുതെ എന്ന പ്രാര്‍ത്ഥനയോടെ സൗദിയില്‍ നിന്ന് നാട്ടിലെത്തിയ റാഫിയ്ക്ക് തന്റെ പ്രിയയരുടെ ചേതനയറ്റ ശരീരങ്ങള്‍ കണ്ട് ഒന്നുറക്കെ കരയാന്‍ പോലും കഴിയാതെ മരവിച്ച് നോക്കി നില്‍ക്കാനെ ആയുള്ളു.
കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ…
നമ്മള്‍ മെസ്സി ഗോളടിക്കാത്തതിന്റെ പേരില്‍ പരിതപിച്ചിരിക്കുമ്പോള്‍ നമ്മുടെ തൊട്ടരികെ ഒരാളിരിക്കുന്നതു കണ്ടോ… ഖല്‍ബ് തകര്‍ന്ന് ഒന്നു കരയാന്‍ പോലുമാവാതെ…പിഞ്ചുമോളടക്കം സ്വന്തം ചോരയിലെ ഒന്‍പതു പേരെയാണ് ഒറ്റദിവസം കൊണ്ടു വിധി കൊണ്ടുപോയത്. വീടിന്റെ തരി പോലും കാണാനില്ല. സ്വപ്നങ്ങളും പ്രതീക്ഷകളുമെല്ലാം ഇതാ കിടക്കുന്നു ഈ മണ്ണിനടയില്‍…
ചെറുപ്പം മുതല്‍ ആ മലയുടെ മടിത്തട്ടിലായിരുന്നു കളിച്ചതും വളര്‍ന്നതും. അതാണിപ്പോള്‍ ഒരു രാത്രികൊണ്ട് ഒരു ദുരന്തമായി തന്റെ കുടുംബത്തിനു മേല്‍ വന്നു പതിച്ചത്. മണിക്കൂറുകള്‍ക്കു മുന്‍പേ എല്ലാവരുമായി ഫോണ്‍ ചെയ്തു സംസാരിച്ചതാണ്. പെരുന്നാളിനേക്കുറിച്ചുള്ള ഒരുക്കങ്ങളൊക്കെ ചോദിച്ചറിഞ്ഞു. മരണത്തെ സ്വീകരിക്കാനെന്നോണം കയറി വന്ന പെങ്ങളോടും കുശലം പറഞ്ഞു. ഒന്നുറങ്ങി എഴുന്നേറ്റപ്പോഴേക്കും എല്ലാം അവസാനിച്ചിരുന്നു.
ഒരു ദുഃസ്വപ്നം കണക്കെ വന്നെത്തിയ നാട്ടിലെ ഉരുള്‍ പൊട്ടല്‍ വാര്‍ത്തകള്‍… എത്രയും പെട്ടെന്നു നാട്ടിലെത്താനുള്ള കൂട്ടുകാരുടെ കോളുകള്‍… തന്റെ കുടുംബത്തിനൊന്നും സംഭവിച്ചിട്ടുണ്ടാകരുതേയെന്ന പ്രാര്‍ഥനകള്‍… നാട്ടിലെത്തിയപ്പോള്‍ കണ്ട ഭീകരമായ കാഴ്ചകള്‍… മണ്ണിനടിയില്‍നിന്നു പുറത്തെടുത്ത തന്റെ പിഞ്ചു മോളുടെയും പ്രിയതമയുടെയും മയ്യിത്തുകള്‍… എല്ലാം കണ്ടു ഖല്‍ബ് തകര്‍ന്ന്… തന്റെ സ്വപ്നങ്ങള്‍ക്കു മീതെ വന്നു പതിച്ച മണ്‍കൂനകള്‍ നോക്കി… ഒന്നുറക്കെ കരയാന്‍ പോലുമാവാതെ വിറങ്ങലിച്ചു നില്‍ക്കുകയാണീ സഹോദരന്‍.സഹനം നല്‍കണേ നാഥാ… എല്ലാം താങ്ങാനുള്ള കരുത്തു നല്‍കണേ റബ്ബേ…
Leave a Reply