അഡ്വ. റോയ് പഞ്ഞിക്കാരൻ

മലയാള ഭാഷയ്ക്ക് പുതിയ വിചിന്തനങ്ങളും പഠനങ്ങളും ആവശ്യമായ ഒരു കാലത്താണ് മലയാള കൃതികൾ ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തുന്നത്. അത് സാഹിത്യത്തിന് ഒരു മുതൽക്കൂട്ടാണ്. ഇംഗ്ലീഷ് ഭാഷ ലോകമെങ്ങും പ്രത്യേകിച്ചും ബ്രിട്ടനിൽ മുന്നിൽ നിൽക്കുന്നതിന്റ പ്രധാന കാരണം മിന്നിമറയുന്ന സിനിമകളേക്കാൾ പുസ്തകം, വായന അവർ ഹൃദയത്തോടെ ചേർത്ത് പിടിക്കുന്നതുകൊണ്ടാണ്. അതിന് അടിത്തറയിട്ടത് 1066-1087 വരെ ഇംഗ്ലണ്ട് ഭരിച്ച വില്യം ഒന്നാമൻ രാജാവാണ്. പ്രമുഖ പ്രവാസി സാഹിത്യകാരൻ കാരൂർ സോമന്റെ ഇംഗ്ലീഷ് നോവൽ “മലബാർ അഫ്ളയിം” (Malabar Aflame) ജെയിൻ യൂണിവേഴ്സിറ്റി, ഇംഗ്ലീഷ് വിഭാഗത്തിലെ ഗവേഷകയായ മിസ്.ചിത്ര സൂസൻ തമ്പി, പ്രമുഖ ജെറ്റിർ എന്ന റിസർച്ച് ജേർണലിൽ നോവലിന്റ അന്തരാത്മാവിൽ നിന്നുള്ള നീരീക്ഷണം നടത്തുക മാത്രമല്ല അതൊരു പഠനവിഷയമാക്കി അവതരിപ്പിച്ചു.


മലയാളത്തിൽ നിന്ന് പല ഭാഷകളിലേക്ക് വിവർത്തനം ചെയ്യുന്നുണ്ടെങ്കിലും ഇംഗ്ലീഷിന് ലഭിക്കുന്നത്ര പ്രാതിനിധ്യം മറ്റ് ഭാഷകൾക്ക് ലഭിക്കുന്നില്ല. അങ്ങനെ പരിഭാഷപ്പെടുത്തിയ നല്ല കൃതികൾക്ക് ഇന്ത്യയിലെ ഏറ്റവും വലിയ പുരസ്‌കാരം ജെസിബിയുടെ 25 ലക്ഷം ഇപ്പോൾ ലഭിക്കുന്നുണ്ട്. 2019 ൽ മാധുരി വിജയിയുടെ “ദി ഫാർ ഫീൽഡ്”, എന്ന കൃതിക്കും, 2020 ൽ മലയാളത്തിലെ എസ്. ഹരീഷിന്റ നോവൽ “മീശ” ക്കും ലഭിച്ചു. രവീന്ദ്രനാഥ്‌ ടാഗോറിന് 1913 ൽ നൊബേൽ സമ്മാനം ലഭിച്ചതുമുതൽ ഇന്ത്യൻ സാഹിത്യം ലോകമറിഞ്ഞുതുടങ്ങി. അവരിൽ പ്രധാനികളാണ് അമിതാവ്‌ ഘോഷ്, ആർ.കെ.നാരായണൻ, വിക്രം സേത്, സൽമാൻ റുഷ്‌ദി, അരുന്ധതി റോയ്, ചേതൻ പ്രകാശ് ഭഗത് തുടങ്ങിയവർ. ഈ നോവൽ 2010 ൽ “കാണാപ്പുറങ്ങൾ” എന്ന പേരിൽ സാഹിത്യപ്രവർത്തക സഹകരണ സംഘമാണ് പ്രസിദ്ധികരിച്ചത്. പിന്നീട് ഇംഗ്ലീഷിലേക്ക് പരിഭാഷപ്പെടുത്തി 2015 ൽ മീഡിയ ഹൗസ്, ഇംഗ്ലീഷ് വിഭാഗം ന്യൂഡൽഹി പ്രസിദ്ധികരിച്ചു. ഇതിൻെറ എഡിറ്റർ കുര്യൻ പാമ്പാടിയാണ്. ഈ നോവൽ ആമസോൺ വഴിയും ഉടൻ പുറത്തുവരുന്നുണ്ട്.

രണ്ടാം ലോകമഹായുദ്ധകാലത്ത് ഇംഗ്ലണ്ടിലേക്ക് വന്ന രണ്ട് ബ്രിട്ടീഷ് ഇന്ത്യൻ പട്ടാളക്കാരാണ് ആന്റണി, അലി. ഒരാൾ മലയാളി മറ്റൊരാൾ ഇന്നത്തെ പാകിസ്ഥാൻ കാശ്മീരുകാരൻ. അവർ കൊച്ചി നാവികകേന്ദ്രത്തിൽ ഒന്നിച്ച് ജോലിചെയ്യുക മാത്രമല്ല ആത്മസുഹൃത്തുക്കളുമാണ്. അലി വിവാഹം കഴിച്ചിരിക്കുന്നത് മലബാറിൽ നിന്നുള്ള മുസ്ലിം യുവതിയെയാണ്. അവരിൽ തുടങ്ങുന്ന മൂന്ന് തലമുറകളുടെ സംഭവബഹുലമായ ജീവിതപ്രാരാബ്‌ധങ്ങൾ, വർണ്ണവിവേചന സംസ്കാര൦, അസമത്വ-അസ്വാതന്ത്ര്യ൦ നിറഞ്ഞ ജീർണ്ണമായ മതിൽകെട്ടിനുള്ളിൽ നിന്നുള്ള ഉയർത്തെഴുനേൽപ്പിന്റ അനുഭവപാഠങ്ങളും സവിശേഷതകളുമാണ് ഈ നോവലിൽ പ്രത്യക്ഷപ്പെടുന്നത്.

ജഡിക സ്വഭാവക്കാരനായ അലി മക്കയിൽ പോയിട്ടു വന്ന് ഹാജ്ജിയരായി മാറുക മാത്രമല്ല ഒടുവിൽ മുസ്ലിയാർ എന്ന് സ്വയം തീരുമാനിച്ചു. ആദ്യമായിട്ടാണ് ഈസ്റ്റ് ലണ്ടനിൽനിന്നൊരാൾ മക്കയിൽ പ്രാർത്ഥിക്കാൻ പോകുന്നത്. സൗദി രാജാവുമായി ബന്ധമുണ്ടാക്കി പള്ളി പണിയാൻ പണം സമ്പാദിച്ചു. പള്ളി പണിയുന്നതിന് പകരം വീടുകൾ വാങ്ങിക്കൂട്ടി. വെള്ളക്കാരും അകമഴിഞ്ഞു സഹായിച്ചു. സ്വന്തം വീട് പള്ളിയാക്കിയപ്പോൾ മറ്റുള്ളവരുടെ പ്രിയങ്കരനായി മാറി. മറ്റുള്ളവരിൽ നിന്ന് പണം വാങ്ങിയതൊന്നും ഒപ്പം നടന്ന വിശ്വാസികൾ തിരിച്ചറിഞ്ഞില്ല. അല്ലാഹുവിന്റ അനുയായി എന്നവർ വിശ്വസിച്ചു. ലണ്ടനിലുള്ള ഭാര്യയെ മൊഴി ചൊല്ലി പിരിഞ്ഞിട്ട് പാകിസ്ഥാനിൽ നിന്ന് രക്തബന്ധത്തിലുള്ളവരെ വിവാഹം കഴിച്ച് കൊണ്ടുവന്നു. അലിയുടെ വളഞ്ഞ വഴിയിലൂടെ പാക്കിസ്ഥാനികളുടെ എണ്ണം ഇംഗ്ലണ്ടിൽ പെരുകി വന്നു. രാത്രികാലം മൊഴിചൊല്ലി പാർത്തിരുന്ന ഭാര്യമാരുടെ വീട് സന്ദർശനമൊന്നും മറ്റാരുമറിഞ്ഞില്ല. പാകിസ്ഥാൻ കാശ്മീരികളുമായുള്ള കൂട്ടുകെട്ടിൽ സ്വന്തം വീട്ടിലെ വിദ്യാസമ്പന്നനായ മകൻ ഒരു ഭീകരനായി മാറിയത് പിതാവ് അറിഞ്ഞില്ല. അത് അനുയായികളെ അത്ഭുതപ്പെടുത്തി.

സത്യവിശ്വാസത്തിൽ കടന്നുവന്ന അലിക്ക് മറ്റൊരാളെ കൊല്ലുന്നതിനോടെ ഒട്ടും പൊരുത്തപ്പെടാൻ സാധിച്ചില്ല. ദാരിദ്യത്തിൽ കിടന്ന തങ്ങളെ സമ്പന്നരാക്കിയത് ഈ മണ്ണാണ്. പെറ്റുവളർത്തിയ മണ്ണിൽ രാജ്യദ്രോഹം നടത്തുന്ന മകനെ കൊല്ലണമെന്ന് തന്നെ അലി തീരുമാനിച്ചു. ചെറുപ്പത്തിൽ അച്ഛനൊപ്പം ആടുമാടുകളെ വെട്ടിനുറുക്കിയത് അലി ഓർത്തോർത്തു നടന്നു. തന്റെ കൈകളിൽ രക്തക്കറ പുരളാൻ പാടില്ല. മറ്റാരുമറിയാതെ രഹസ്യത്തിൽ പോലീസിനെ വിവരമറിയിച്ചു. പോലീസ് മകനെ കസ്റ്റഡിയിലെടുത്തു. അലി പൊലീസിന് പ്രിയപ്പെട്ടവനായി മാറി. ആ സത്യം പ്രിയ സുഹൃത്ത് ആന്റണിക്ക് മാത്രമേ അറിയൂ.

ഈ നോവൽ തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിൽ വച്ച് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി, സെൻട്രൽ യൂണിവേഴ്സിറ്റി ഓഫ് കേരള മുൻ വൈസ് ചാൻസലർ, ഡോ. ജാൻസി ജെയിംസ് ,, ഇംഗ്ലീഷ് നോവലിസ്റ്റ് ജയശ്രി മിശ്രക്ക് നൽകി പ്രകാശനം ചെയ്തു. പിന്നീട് ബ്രിട്ടീഷ് പാർലമെന്റ് മന്ദിരത്തിൽ വച്ച് മുൻ ബ്രിട്ടീഷ് സഹമന്ത്രിയും ഇപ്പോഴത്തെ എം.പി.യുമായ സ്റ്റീഫൻ ടിംസ് കേരളത്തിലെ മുൻ ചീഫ് സെക്രട്ടറി ജിജി തോംസന് നൽകി പ്രകാശനം ചെയ്തു.

മനുഷ്യമനസ്സുകളുടെ വിഹ്വലതകളും ഗൃഹാതുരത്വവും സ്‌നേഹബന്ധങ്ങളും നിറനിലാവുപോലെ ഈ കൃതിയിൽ നിറഞ്ഞു നിൽക്കുന്നു. കൊച്ചുമക്കളെ ആന്റണി മലയാളം പഠിപ്പിച്ചു. പാശ്ചാത്യ രാജ്യങ്ങളിൽ മലയാളത്തനിമയുള്ള മലയാളികൾ താലോലിച്ചു വളർത്തിയ മാതൃഭാഷയോടുള്ള സ്‌നേഹം, ആദരം, സംസ്കാരം, പ്രാർത്ഥന തുടങ്ങിയ നല്ല ശീലങ്ങൾ കൊച്ചുമക്കൾക്ക് പകർന്നുകൊടുത്തിട്ടാണ് ആന്റണി ഈ ലോകത്തോട് വിട പറഞ്ഞത്. യൂറോപ്പിൽ നിന്ന് ആദ്യമായിട്ടാണ് ബ്രിട്ടന്റെ ചരിത്രം പറയുന്ന ഒരു മലയാള, ഇംഗ്ലീഷ് നോവൽ ലഭിക്കുന്നത്. ഈ കൃതി മലയാള ഭാഷയ്ക്കെന്നും ഒരു മുതൽക്കൂട്ടാണ്.

അഡ്വ.റോയ് പഞ്ഞിക്കാരൻ