ഫാ. ഹാപ്പി ജേക്കബ്ബ്

തിരക്കിന്റെ നാളുകൾക്കിടയിലും അനുതാപവും, പാപബോധവും ആത്മീക ജീവിതവും ഓർമ്മയിൽ വരുന്ന നോമ്പിന്റെ നാളുകളിലേയ്ക്ക് നാം ഇന്ന് കടക്കുകയാണ്. പതിവ് രീതികൾക്ക് അല്പം വ്യത്യാസം വരുത്തി ചില കാര്യങ്ങൾക്കെങ്കിലും കരങ്ങൾ നൽകി പ്രാർത്ഥിക്കാനായി പഠിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്ന ദിനങ്ങൾ. ഒരു ദിവസം കൊണ്ടുള്ള അന്തരമല്ല പകരം ക്രമമായി നിഷ്ഠയോടെ ശീലിക്കേണ്ട അനുഭവങ്ങൾ തരുന്ന ദിനങ്ങൾ .രൂപാന്തരം നൽകുന്ന ഈ ദിനങ്ങൾ നമുക്ക് നൽകുന്നത് പുനരുത്ഥാനവും ജീവനും സമാധാനവും സ്നേഹവുമാണ്. അത്രമാത്രം വലിയ ഒരു മാറ്റം ആണ് നോമ്പിലൂടെ നാം നേടിയെടുക്കേണ്ടത്. പരിവർത്തനം എന്ന വാക്ക് നൽകുന്നത് ഇപ്പോഴുള്ള അവസ്ഥകളും വ്യാപാരങ്ങളും മാറ്റി പുതുക്കത്തിന്റെ മേന്മ നമ്മിൽ നിറയുക എന്നതാണ്. ഈ ചിന്ത നമുക്ക് നൽകുന്ന വേദഭാഗം വി. യോഹന്നാന്റെ സുവിശേഷം 2: 1- 11 വരെയുള്ള ഭാഗങ്ങളാണ്. ഈ അത്ഭുതകര സംഭവത്തിൽ യേശു തൻ്റെ ആദ്യ പരസ്യ അടയാളം നിർവ്വഹിക്കുന്നു.

ഈ പാഠഭാഗം ആരംഭിക്കുന്നത് മൂന്നാം ദിനത്തിൽ എന്ന വാക്കിലാണ്. വിവിധ സന്ദർഭങ്ങളിൽ നമുക്ക് പദപ്രയോഗം കാണാവുന്നതാണ്. നവീകരണം പരിവർത്തനം, പൂർത്തീകരണം എന്ന അർത്ഥമാക്കുന്ന ആത്മീക പ്രധാനമായ അർത്ഥങ്ങൾ നമുക്ക് നൽകുന്നു. പഴയ നിയമത്തിൽ ദൈവത്തിൻറെ വിടുതൽ, ഇടപെടലുകൾ എന്ന അർത്ഥം കാണാവുന്നതാണ്. ഉദാഹരണം ഉല്പത്തി 22 :4 , യോഹന്നാൻ 1: 17 , പുതിയ നിയമത്തിലേക്ക് വരുമ്പോൾ പുനരുത്ഥാനം നൽകുന്ന പ്രത്യാശയാണ്. ഈ ചിന്ത പരിവർത്തനത്തിന്റെ അർത്ഥം കർത്താവിൻറെ കുരിശു മരണവും പുനരുത്ഥാനവും നൽകുന്ന സൂചനയാണ്.

1. ദൈവിക ശക്തിയുടെ പ്രകടനം

ഈ അത്ഭുതം യേശുവിൻറെ ദൈവിക അധികാരത്തിന്റെയും പ്രകൃതിയിൻമേലുള്ള അധികാരത്തിന്റെയും സാധാരണമായിരിക്കുന്നതിനെ അസാധാരണം ആക്കി മാറ്റാനുള്ള ശക്തമായ പ്രകടനമായി വർത്തിക്കുന്നു. വിരുന്നിൽ വീഞ്ഞ് തീർന്നപ്പോൾ, ആറ് കൽപാത്രങ്ങളിൽ വെള്ളം നിറയ്ക്കാൻ യേശു കൽപിക്കുന്നു. അവൻറെ കല്പനയിലൂടെ വെള്ളം അത്ഭുതകരമായ വീഞ്ഞായി രൂപാന്തരപ്പെടുന്നു. തൻറെ പരമാധികാരത്തെ വെളിപ്പെടുത്താനും വരാനിരിക്കുന്ന അത്ഭുതങ്ങളുടെ നിഴലായും താൻ ദൈവപുത്രൻ എന്ന വെളിപ്പെടുത്തലുമായി ഇത് അത്ഭുതം നമ്മെ മനസ്സിലാക്കുന്നു.

2. സമൃദ്ധിയുടെയും സന്തോഷത്തിന്റെയും പ്രതീകം

ഈ ഭാഗത്തിന്റെ അക്ഷരീയ വ്യാഖ്യാനത്തിനപ്പുറം ജലത്തെ വീഞ്ഞാക്കി മാറ്റുന്നത് അഗാധമായ പ്രതികാത്മക പ്രാധാന്യം വഹിക്കുന്നു. യഹൂദ രീതിയിൽ വീഞ്ഞ് സന്തോഷം, ആഘോഷം, സമൃദ്ധി എന്നിവയെ പ്രതീകപ്പെടുത്തുന്നു. കുറവില്ലാതെ സമൃദ്ധിയായി വീഞ്ഞ് നൽകിയതിലൂടെ യേശു തൻറെ ജനത്തിന്റെ ആവശ്യങ്ങൾ നിറവേറ്റുക മാത്രമല്ല, പ്രതികാത്മകമായി തന്റെ രാജ്യത്തിൻറെ സമൃദ്ധിയും, അനുഗ്രഹങ്ങളും നൽകുകയും ചെയ്തു. ഈ പ്രവൃത്തി ദൈവത്തിൻറെ വാഗ്ദാനങ്ങളുടെ പൂർത്തീകരണത്തിന്റെയും മിശിഹായുടെ സാന്നിധ്യത്തിൽ സന്തോഷത്തിന്റെയും സമൃദ്ധിയുടെയും പുതിയ യുഗത്തെയും സൂചിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

3. വിശ്വാസത്തിലേക്കും ശിഷ്യത്വത്തിലേക്കുമുള്ള ക്ഷണം.

കാനായിലെ അത്ഭുതം താൻ ദൈവം എന്ന് വെളിപ്പെടുത്തുകയും വിശ്വാസത്തിലേക്കും , ശിഷ്യത്വത്തിലേക്കും നമ്മെ ക്ഷണിക്കുകയും ചെയ്യുന്നു . ഈ അത്ഭുതം അവരെ അവന്റെ ശിഷ്യന്മാരാക്കി. അവർ ദീർഘകാലമായി കാത്തിരിക്കുന്ന മിശിഹാ ഇവനാണെന്ന് മനസ്സിലാക്കി. ആ ദാസന്മാർ യേശുവിൻറെ നിർദേശങ്ങൾ ചോദ്യം ചെയ്യാതെ അനുസരിച്ചത് പോലെ, അസാധ്യകരമായ സാഹചര്യങ്ങൾ നാം അഭിമുഖീകരിക്കുമ്പോൾ അവൻറെ ശക്തിയിലും അധികാരത്തിലും ആശ്രയിക്കുവാൻ നാം വിളിക്കപ്പെട്ടിരിക്കുന്നു. ഈ അത്ഭുതത്തിലൂടെ നമ്മിലൂടെ ഭൂമിയിലും വിശ്വാസത്തിന്റെയും അനുസരണത്തിന്റെയും പ്രവൃത്തികളിലൂടെ ദൈവരാജ്യം കൊണ്ടുവരുവാനുള്ള ദൗത്യത്തിൽ പങ്കു ചേരുവാൻ യേശു നമ്മെയും ക്ഷണിക്കുന്നു.

ക്രിസ്തുവും ആയുള്ള നമ്മുടെ ബന്ധം ആഴത്തിലാക്കുവാൻ നമ്മുടെ ജീവിതത്തിലും ഈ സമൂഹത്തിലും പരിവർത്തനത്തിലൂടെ ഈ നോമ്പ് അനുഗ്രഹമായി തീരട്ടെ. ഇനിയുള്ള അൻപത് നാൾ പിശാചുമായി, അവന്റെ തന്ത്രങ്ങളോടും പടവെട്ടി മഹത്വം ദർശിക്കുവാൻ നമുക്ക് ഇടയാകട്ടെ.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907