ഫാ. ഹാപ്പി ജേക്കബ്ബ്
ആദ്യ ആഴ്ചയിലെ നോമ്പിലെ ദിനങ്ങൾ നല്ല ചിന്തകളും അനുഭവങ്ങളും തന്നു എന്ന് കരുതി ചില ചിന്തകൾ കൂടി കുറിക്കുകയാണ്. ആത്മീകത പലപ്പോഴും നാം കരുതുന്നത് ഞായറാഴ്ചകൾക്കും ദേവാലയങ്ങൾക്കും ഉള്ളതാണെന്നാണ്. എന്നാൽ നിങ്ങൾ ദൈവത്തിൻറെ മന്ദിരം എന്ന് പൗലോസ് ശ്ലീഹ പറഞ്ഞതിൽ നിന്നും നാമം ദൈവാലയങ്ങൾ എന്ന നിഗമനത്തിൽ എത്തിയേ മതിയാവൂ. അപ്രകാരം ഓരോ ദിനവും ആത്മീകതയിൽ വളരുവാൻ നാം വിളിക്കപ്പെട്ടവരാണ്. ദൈവ സാന്നിധ്യം അനുഭവിപ്പാൻ ഓരോ ദിവസവും ഇടയാകണം. സമൂഹം പുറന്തള്ളിയേക്കാം, സാമൂഹ്യ ജീവിത തിരക്കിനിടയിൽ സമയം ഇല്ലാതിരിക്കാം, പല കാരണങ്ങൾ പറയാൻ ഉണ്ടായിരിക്കാം. സമൂഹം ഒറ്റപ്പെടുത്തി, പിന്തള്ളിയ ഒരുവന്റെ ജീവൻ പ്രയാണ യാത്രയാണ് ഇന്നത്തെ ചിന്തയുടെ ആധാരം.
വി. ലൂക്കോസ് 5: 12 -16 വരെയുള്ള വേദഭാഗങ്ങൾ. ലോകക്കാർ പരിമിതപ്പെടുത്തിയ ഒരു മനുഷ്യൻറെ കഥ. അവൻ കുഷ്ഠരോഗിയായിരുന്നു. സമൂഹവും മതവും അവന് ശിക്ഷ വിധിച്ചു . അവനെ അശുദ്ധൻ എന്ന് മുദ്രകുത്തി. ചുരുക്കത്തിൽ അവൻ സകലത്തിൽ നിന്നും അകന്നു . ആരും ഇല്ല എങ്കിലും ദൈവം ഉണ്ടെന്ന് തിരിച്ചറിയുന്ന ഒരു നിമിഷം അവനുണ്ടായി. മനുഷ്യനും മതവും നിർമ്മിച്ച എല്ലാ വേലിക്കെട്ടുകളും അതിർ രേഖകളും തകർത്ത് മൃതമദ്ധ്യേ നിൽക്കുന്ന ദൈവം തമ്പുരാൻ്റെ അടുക്കൽ അവൻ വന്നു. ലക്ഷ്യം നേരായിരുന്നത് കൊണ്ട് പ്രതിബന്ധങ്ങൾ അവന് നിസ്സാരമായിരുന്നു. അവൻറെ ഉള്ളിലെ ബോധ്യവും ഇച്ഛാശക്തിയും വിശ്വാസവും മതിലുകളെ ഇടിച്ച് നിരത്തി.
ഇത്രയും ധൈര്യത്തോടെ കടന്നു വന്നവന്റെ ചോദ്യമാണ് നമ്മെ ഇരുത്തി ചിന്തിപ്പിക്കേണ്ടത്. “കർത്താവേ നിനക്ക് മനസ്സുണ്ടെങ്കിൽ എന്നെ ശുദ്ധമാക്ക് ” . ഇവൻ എന്താണ് ഇങ്ങനെ പറഞ്ഞത്. അവൻറെ സൗഖ്യം ലഭിക്കും എന്നുള്ള ഉറപ്പും നമുക്ക് നൽകുന്ന പാഠവും ഇതാണ് യഥാർത്ഥ പ്രാർത്ഥന. എൻറെ ഇഷ്ടമല്ല അവിടുത്തെ ഇഷ്ടം നിറവേറാനുള്ള പ്രാർത്ഥന . ഫലം എപ്പോഴും നാം ആഗ്രഹിക്കും പോലെ ആവണം എന്നില്ല. എന്തായാലും ദൈവഹിതം അതാണ് നാം പാലിക്കേണ്ടതും പഠിക്കേണ്ടതും .
യേശു അവനെ സ്പർശിച്ചു. ഒരുപാട് ഉൾക്കാഴ്ചകൾ തരുന്ന ചിന്തയാണിത്. മനുഷ്യൻ തൊടുവാൻ അറയ്ക്കുന്ന ഒരു വ്യക്തിയെ അവൻ ചേർത്ത് നിർത്തുന്നു. ഉള്ള അവസ്ഥയിൽ നമ്മെ ചേർത്ത് നിർത്തുന്നവനാണ് കർത്താവ്. അവൻറെ സ്പർശനം മതി സൗഖ്യമാകുവാൻ.
അവൻ പറഞ്ഞു എനിക്ക് മനസ്സുണ്ട് നീ ശുദ്ധനാകുക. ആ നിമിഷം തന്നെ അവൻ സൗഖ്യപ്പെട്ടു; പുരോഹിതന്മാർക്ക് തന്നെ തന്നെ സാക്ഷ്യത്തിനായി കാണിച്ച് കൊടുക്കുവാൻ പറഞ്ഞു. സൗഖ്യം വ്യക്തിപരമായിരുന്നുവെങ്കിലും സാക്ഷ്യം സമൂഹപരമാണ്. ഓരോ ചെറിയ അനുഗ്രഹങ്ങൾ ദിവസേന നാം പ്രാപിക്കുമ്പോഴും നേർച്ച കാഴ്ചകളോടെ ദേവാലയത്തിൽ നാം എത്തണം. ദൈവ മുമ്പാകെ സമർപ്പിക്കണം.
ഇനി നമ്മുക്ക് ശ്രദ്ധ കർത്താവിങ്കലേക്ക് സമർപ്പിക്കാം. അവൻ അവിടെ നിന്ന് മാറി ഏകാന്തമായ ഒരു സ്ഥലത്തേക്ക് പോകുന്നു. അവിടെ പിതാവുമായുള്ള സംസർഗ്ഗത്തിൽ കഴിയുന്നു. നമ്മളിലൂടെ എന്തെങ്കിലും പ്രവർത്തനങ്ങൾ നടന്നിട്ടുണ്ടെങ്കിൽ അത് സ്വയം പ്രശംസിക്കാനായുള്ള അവസരമായിട്ടല്ല ദൈവപദ്ധതി എന്ന് മനസ്സിലാക്കുക.
ഇന്ന് ഭയം, കുറ്റബോധം, ദുരുപയോഗങ്ങൾ, ഏകാന്തത എന്നിങ്ങനെയുള്ള വിഷയത്തിൽ പലരും കുടുങ്ങിയിരിക്കുന്നു. ചെറിയ പ്രതിബന്ധങ്ങൾ മുൻപിൽ ഉണ്ടെങ്കിലും ദൈവം സാമിപ്യേ ഉണ്ടെന്ന് തിരിച്ചറിയണം. പ്രതിബന്ധങ്ങൾ തരണം ചെയ്ത് വിശ്വാസത്തോടെ അവന്റെ അടുക്കലേക്ക് കടന്ന് വരൂ. കൃപ നേടിയാൽ വാക്കുകളിൽ അല്ല ജീവിതത്തിലൂടെ സാക്ഷ്യം നൽകൂ.
അനുഗ്രഹിക്കപ്പെട്ട നോമ്പ് ദിനങ്ങൾ ദൈവം നൽകട്ടെ.
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് സ്റ്റോക്ക്-ഓൺ-ട്രെന്റ് വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu
https://youtube.com/@aalap-123?si=v2Kfhv6Vn3926qKX











Leave a Reply