ഫാ. ഹാപ്പി ജേക്കബ്ബ്
സ്വന്തം കുറവുകൾ അവഗണിക്കുകയും മറ്റുള്ളവരുടെ ചെറിയ ന്യൂനതകൾ പോലും പെരുപ്പിച്ച് കാണിക്കുകയും ചെയ്യുന്ന കാലത്തിലാണ് നാം അധിവസിക്കുന്നത്. ആരാണ് അന്ധത ബാധിച്ചിരിക്കുന്നത് എന്ന് ഇക്കാലത്ത് തിരിച്ചറിയുവാൻ സാധിക്കില്ല. ഇന്നത്തെ വേദ ചിന്തയിൽ ഇപ്രകാരം ഒരു സംഭവം ആണ് അനുസ്മരിക്കുന്നത്. അന്ധത കണ്ണിന് മാത്രമല്ല; ഹൃദയത്തിനും ബാധിക്കും എന്നും ഹൃദയാന്തത നാം എല്ലാവരും പേറുന്ന ബലഹീനത ആണെന്ന് ഈ ഭാഗം ഓർമ്മപ്പെടുത്തുന്നു. സഭയും സന്നദ്ധ സേവനങ്ങളും ഈ അന്ധത മാറ്റാനാണ് ശ്രമിക്കേണ്ടത് എന്നുള്ള മുന്നറിയിപ്പും ഈ ചിന്ത നമുക്ക് തരുന്നു.
യേശു ഒരു വഴിയിലൂടെ കടന്നു പോകുമ്പോൾ ജന്മനാ അന്ധത ബാധിച്ച ഒരുവനെ കാണുന്നു. വി. യോഹന്നാൻ 9: 1 – 41. കൂടെ ഉണ്ടായിരുന്ന ശിഷ്യന്മാർ ചോദിക്കുന്നു, ഗുരോ ഇവൻ അന്ധനായി ജനിക്കുവാൻ ഇവനാണോ, ഇവന്റെ അമ്മയപ്പൻമാരാണോ പാപം ചെയ്തത്? ജനം കുറ്റം കണ്ടെത്തുവാൻ ശ്രമിക്കുമ്പോൾ യേശു പറയുന്നു ഇവനും ഇവൻറെ ആരും പാപം ചെയ്തിട്ടില്ല. ദൈവകൃപ ഇവനിൽ വെളിപ്പെടുവാനത്രേ ഇവൻ ഇങ്ങനെ ജനിച്ചത്. കുറ്റപ്പെടുത്തലിൽ നിന്ന് മഹത്വത്തിലേക്കാണ് കർത്താവ് ശ്രദ്ധ തിരിക്കുന്നത്. അവൻ മണ്ണ് കുഴച്ച് അവന്റെ കണ്ണിൽ പുരട്ടി, ശീലോഹാവിൽ പോയി കഴുകുവാൻ ആവശ്യപ്പെട്ടു. അവൻ അത് അനുസരിച്ചു, അവന് കാഴ്ച ലഭിച്ചു. അവൻ ചോദ്യം ചെയ്തില്ല, വിശ്വസിച്ചു പ്രവർത്തിച്ചു.
എന്നാൽ സംഭവം നീണ്ട് പോകുകയാണ്. അവൻറെ യഥാർത്ഥ പ്രശ്നം ആരംഭിച്ചത് സൗഖ്യം ലഭിച്ചതോടെയാണ്. ശാബത് ലംഘിച്ച് എന്ന് പറഞ്ഞ് അവനെ ഭേദിക്കുന്നു. അവൻ ശാന്തമായി ഉത്തരം പറഞ്ഞു. ഒരു കാര്യം സത്യമാണ് ഞാൻ അന്ധനായിരുന്നു ; ഇപ്പോൾ കാണുന്നു. സംഭാഷണം നീളുമ്പോൾ ആദ്യം ഒരു മനുഷ്യൻ, പിന്നെ ഒരു പ്രവാചകൻ അവസാനം ദൈവപുത്രൻ എന്ന് അവൻ സാക്ഷിക്കുന്നു. അതേസമയം കാഴ്ച ഉണ്ട് എന്ന് അഭിമാനിക്കുന്നവർ സ്വയം അന്ധതയിലേക്ക് നീങ്ങുന്നു. അവരുടെ മുമ്പിൽ നിൽക്കുന്ന സാക്ഷാൽ സത്യവളിച്ചത്തെ അവർ മറക്കുന്നു; മറയ്ക്കുന്നു.
നമ്മളിൽ വന്ന് ഭവിക്കുന്ന രോഗങ്ങളും കുറവുകളും ദുഃഖങ്ങളും ദൈവശിക്ഷ എന്ന് കരുതരുത്. ചില സാഹചര്യങ്ങളിൽ എങ്കിലും ദൈവപ്രവർത്തി വെളിപ്പെടുവാനും അനേകരെ ദൈവത്തിങ്കലേക്ക് വരുവാനുമുള്ള മുഖാന്തിരങ്ങൾ നാം ആയി തീരാറുണ്ട്. പഴിചാരലും കുറ്റപ്പെടുത്തലും മാറ്റി വിശ്വാസത്തിലേക്ക് നാം മാറേണ്ടിയിരിക്കുന്നു. അനുസരണമുള്ള ജീവിതം നമ്മെ മാറ്റത്തിലേക്ക് നയിക്കും. അത് സ്വയം ശിക്ഷണമായാലും നിയമവ്യവസ്ഥയോടായാലും ഇത് ദൃശ്യമായി നമുക്ക് കാണാം. സഭയിലെ നമസ്കാരങ്ങൾ, പ്രാർത്ഥനകൾ, നോമ്പ്, ഉപവാസം ഇതെല്ലാം സ്വയം ശിക്ഷണത്തിൽ നമ്മെ സഹായിക്കുന്നവയാണ്.
യഥാർത്ഥമായ ദർശനം ആത്മീയമാണ് . കാണുന്നതെല്ലാം ഹൃദയത്തിൽ എത്തുന്നില്ല എന്നാൽ ഹൃദയം കൊണ്ട് കാണുന്നതെല്ലാം ഉറച്ച് നിൽക്കുകയും ചെയ്യും. പരീശന്മാർ കണ്ടുവെങ്കിലും ഗ്രഹിച്ചില്ല. പ്രകാശത്തെ തിരിച്ചറിഞ്ഞില്ല.
കർത്താവ് പറയുന്നു, കാണാത്തവർ കാണേണ്ടതിനും, കാണുന്നു എന്ന് കരുതുന്നവർ അന്ധരാകേണ്ടതിനും ഞാൻ ഈ ലോകത്തിലേക്ക് വന്നു. അന്ധകാരം പലവിധത്തിൽ നമ്മെ ബാധിക്കും. എന്നാൽ യഥാർത്ഥ ദർശനം ദൈവത്തെ കാണുക എന്നതാണ്; അതിലൂടെ ദൈവസൃഷ്ടിയേയും കാണുക. നമ്മുടെ ദൗത്യം അതായിരിക്കണം. ഒരു മാറ്റം ആയിരുന്നു നോമ്പിന്റെ ആദ്യ നാളിലെ ചിന്ത. അവസാന ആഴ്ച ആയപ്പോഴേക്കും ഉൾക്കണ്ണുകൾ തുറക്കുവാൻ നാം പര്യാപ്തമായാൽ നോമ്പ് കാലം അർത്ഥപൂർണ്ണമാകും.
ദൈവം അനുഗ്രഹിക്കട്ടെ
ഹാപ്പി ജേക്കബ് അച്ചൻ
Mobile # 0044 7863 562907
https://aalap.co.uk/
https://www.facebook.com/profile.php?id=61585524784317
https://www.instagram.com/aalap.123?igsh=eGtyeWo5bGwzbDJu
https://youtube.com/@aalap-123?si=v2Kfhv6Vn3926qKX











Leave a Reply