ഫാ. ഹാപ്പി ജേക്കബ്ബ്

സംഭവബഹുലമായ ജീവിതങ്ങൾക്ക് നടുവിൽ തിരുത്തിയും തിരുത്തപ്പെട്ടും എത്ര ശ്രമിച്ചിട്ടും തിരുത്തപ്പെടാൻ പറ്റാതെയും ഒക്കെ ജീവിക്കുന്ന സാധാരണപ്പെട്ട ജീവികളായ നാമൊക്കെയും പുതുജീവനത്തിന്റെയും അതിജീവനത്തിന്റെയും അനുഭവങ്ങൾ അയവിറക്കുന്ന സമയം ആണല്ലോ നോമ്പ് കാലം. ജീവൻറെ ലക്ഷണമല്ലോ മാറ്റം അതിനാണല്ലോ മാറ്റം ഇല്ലാത്തത് മാറ്റത്തിന് മാത്രം എന്ന് നാം അവകാശപ്പെടുന്നത്. നോമ്പ് കാലം എന്നത് മാറ്റത്തിന്റെ കാലമാണ്. പച്ചവെള്ളം വീഞ്ഞായി മാറുമ്പോൾ പടിവാതിൽ കടക്കുവാൻ മാറ്റപ്പെട്ടേ മതിയാവൂ എന്ന് മനസ്സിലാക്കിയാൽ നന്ന്. നമ്മുടെ കർത്താവിൻറെ പ്രേക്ഷിത പ്രവർത്തനത്തിൻ്റെ നാന്ദിയായി വി. വചനം ഈ സംഭവത്തെ എടുത്ത് കാട്ടുന്നു. വി. യോഹന്നാൻ 2:1 – 11.

ഈ കാലഘട്ടം, അതിൽ വളർന്ന് വരുന്ന തലമുറ വീഞ്ഞിന്റെ അർത്ഥം വികലമായ കാഴ്ചപ്പാടുകളുമായി മനസ്സിലാക്കുമ്പോൾ വി. നോമ്പിന്റെ ആദ്യ ആഴ്ച നാം ചിന്തിക്കുന്നത് ഈ സംഭവം ദൃഷ്ടാന്തീകരിക്കുന്ന ആത്മീക അനുഭവങ്ങൾ ആണ്. അതിൽ ചിലത് മാത്രം പങ്കുവയ്ക്കാം.

1. കത്തൃ സാന്നിധ്യം നൽകുന്നത് അതിരില്ലാത്ത സാധ്യതകളാണ്.

ഒരു കല്യാണ ഭവനത്തിൽ നടക്കുന്ന സംഭവം ആയിട്ടാണ് ഇത് എഴുതിയിരിക്കുന്നത്. അവരാൽ ആവുന്ന വിധം എല്ലാം ക്രമീകരിക്കപ്പെട്ടിട്ടുണ്ടായിരുന്നു എല്ലാ തരത്തിലും സന്തോഷം അലയടിക്കുന്ന അനുഭവം. നമ്മൾ ആഗ്രഹിക്കുന്ന ജീവിതവും ഇത് തന്നെയല്ലേ. എന്നാൽ ചില വീഴ്ചകളും കുറവുകളും എല്ലാ സന്തോഷവും കെടുത്തും. അത് വീട്ടുവാൻ നിവർത്തിയില്ലാതെ അന്ധാളിച്ച് നിൽക്കേണ്ട സാഹചര്യം വന്നനുഭവിച്ചിട്ടില്ലേ. അപ്പോഴൊക്കെ ചില കുറുക്ക് വഴികൾ ആസൂത്രണം ചെയ്യുകയും കൂടുതൽ അവതാളത്തിലേയ്ക്ക് വീഴ്ത്തപ്പെടുകയും ചെയ്തിട്ടില്ലേ. എന്നാൽ ഈ ഭാഗം ഒന്ന് ശ്രദ്ധിച്ച് നോക്കുക. പരിശുദ്ധ അമ്മ അവരോട് പറയുകയാണ് അവൻ പറയും പോലെ നിങ്ങൾ ചെയ്യുക. അനുഗ്രഹത്തിന്റെ വഴികൾ എങ്ങനെ കടന്നു വന്നു എന്ന് നാം തിരിച്ചറിയുക. അവർ കുറഞ്ഞുപോയ വീഞ്ഞ് ആഗ്രഹിച്ചു എന്നാൽ കൽപന വെള്ളം നിറയ്ക്കുവാൻ ആയിരുന്നു. അവർ സംശയിച്ചോ, ഇല്ലായിരിക്കും. നാം ഈ സാഹചര്യത്തിലാകുമ്പോൾ എന്തെല്ലാം ചോദ്യങ്ങളും സംശയങ്ങളും നമുക്കുണ്ടാകും. നിങ്ങൾ കൊണ്ടുപോയി വിരുന്നു വാഴയ്ക്ക് കൊടുക്കുവാൻ കർത്താവ് പറഞ്ഞപ്പോൾ അവർ നിരൂപിച്ചിട്ടുണ്ടാവില്ല ഇത് അത്ഭുതം ആകുമെന്ന്. ഇത് മാറ്റപ്പെടുമെന്ന്, ഇത് അധികമായി ഭവിക്കുമെന്ന്. ദൈവം തന്നെ സ്നേഹിക്കുന്നവർക്ക് ഒരുക്കീട്ടുള്ളത് കണ്ണ് കണ്ടിട്ടില്ല, ചെവി കേട്ടിട്ടില്ല, ഒരു മനുഷ്യന്റെയും ഹൃദയത്തിൽ തോന്നീട്ടുമില്ല. 1 കോരിന്ത്യർ 2: 9, അവരുടെ പ്രതീക്ഷയിലും കവിഞ്ഞ തൃപ്തി അവർക്കായി ദാനം നൽകി. ഈ ആദ്യ അത്ഭുതം തന്റെ പ്രേക്ഷിത പ്രവർത്തിയുടെ ആരംഭമായി നിവർത്തിച്ചതിലൂടെ തന്റെ ദൗത്യം ലോകത്തിന് വെളിപ്പെടുത്തി.

2 . കൽ ഭരണികൾ പ്രസക്തമാകുന്നു.

യഹൂദ മര്യാദകളുടെ ഭാഗമായി ശുദ്ധീകരണത്തിന്റെ ഭാഗമായി വച്ചിരുന്ന കൽ ഭരണികളാണ് ഈ ഭാഗത്ത് പ്രസക്തമാകുന്നത്. വലിയ നോമ്പിന്റെ പ്രധാന ചിന്തയാണ് ശുദ്ധീകരണം എന്ന വാക്കിലൂടെ നമ്മെ പഠിപ്പിക്കുന്നത്. എന്നാൽ ഈ വേദഭാഗം ശുദ്ധീകരണത്തിന്റെ ആന്തരികമായ അർത്ഥം ആനുകാലിക ജീവിതത്തിൻറെ ആവശ്യമായി കൂട്ടണമെന്ന് നമ്മെ ഓർമ്മിപ്പിക്കുന്നു. എബ്രായർ 12:14 വായിക്കുന്നു ശുദ്ധീകരണം കൂടാതെ ആരും കർത്താവിനെ കാണുകയില്ല. ചിലപ്പോഴെങ്കിലും നാമൊക്കെ കൽഭരണികളായി വാതിക്കൽ ഉണ്ട്, ചിലരെയെങ്കിലും ദൈവ സന്നിധിയിൽ ശുദ്ധീകരണത്തോടെ കടന്നുപോകുവാൻ ഇടയാക്കിയിട്ടുണ്ടാവാം. എന്നാൽ നാം വാതുക്കൽ വരെ മാത്രം എത്തപ്പെടേണ്ടവരാണോ . ഈ സംഭവത്തിങ്കൽ കത്തൃ ദൃഷ്ടി കൽഭരണികളിൽ പതിച്ചപ്പോൾ ഏറ്റം ശുദ്ധീകരിക്കപ്പെടുന്ന അനുഭവത്തിലൂടെ ഭവനത്തിന്റെ ഉള്ളറകളിലും അതിയായ സന്തോഷവും സംതൃപ്തിയും അനുഭവിക്കുന്ന ഇടത്തേക്ക് എത്തപ്പെടുവാൻ ഇടയായി. ദൈവ സാന്നിധ്യവും ദൈവ ചിന്തയും നമ്മെ ശുദ്ധീകരിക്കും എന്ന് ഈ നോമ്പിന്റെ ആദ്യ ദിനം നമ്മെ പഠിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

3 . രക്ഷണ്യമായ അനുഭവത്തിന്റെ മുന്നവതരണം.

ഓരോ വിശുദ്ധ ബലിയിലും നാം പങ്കുകാരാകുമ്പോൾ ആഹരിക്കുന്ന കത്തൃശരീരവും രക്തവും അപ്പത്താലും വീഞ്ഞിനാലും ദൃഷ്ടന്തീകരിക്കുന്നു. ഇത് എൻറെ ശരീരം, ഇത് എന്റെ രക്തം എന്ന് പറഞ്ഞ് ശിഷ്യരെ ഭരമേൽപ്പിച്ച വി. കുർബാന സ്ഥാപനം പെസഹാതിരുനാളിൽ നാം ഓർക്കുമ്പോൾ അതിലേക്ക് നമ്മെ ഒരുക്കുന്ന നോമ്പിൻറെ ആദ്യനാളിൽ തന്നെ കാൽവരിയിലെ രക്തത്തിൻറെ ഒഴുക്കായി ഈ വിരുന്നിലൂടെ കാണിച്ചു തന്നു. ഓരോ മനുഷ്യന്റെയും കുറവുകളും പാപങ്ങളും രോഗങ്ങളും നീക്കി കാൽവരിയിലെ രക്തത്തിൽ ശുദ്ധീകരിക്കപ്പെട്ട തലമുറകളായി നമ്മെ രൂപാന്തരപ്പെടുത്തുവാൻ കർത്താവ് ഈ അത്ഭുതം ചെയ്തു.

സത്യ അനുതാപത്തോടെ നോമ്പിനെ വരവേൽക്കാം.

ഹാപ്പി ജേക്കബ് അച്ചൻ.

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907