ഫാ. ഹാപ്പി ജേക്കബ്ബ്

“പുല്ല് ഉണങ്ങി, പൂ ഉതിർന്നു “എന്ന ആശയവും പ്രയോഗവും വി. വേദപുസ്തകത്തിൽ നാം കാണാറുണ്ട്. ക്ഷണികം, നൈമിഷികം എന്ന അർത്ഥം ആണ് ഈ വിശേഷണം നൽകുന്നത്. എന്നാൽ തുടർച്ചയായ , എന്നും പ്രാപ്യമായി നിലനിൽക്കുന്ന, അനിത്യമായി വ്യാപരിക്കുന്ന ഒരു തലം കൂടി നാം മനസ്സിലാക്കേണ്ടതുണ്ട്. ജീവിതം ക്ഷണികം എങ്കിൽ നിത്യജീവൻ എന്നേക്കും ഉള്ളതാണ്. പ്രാർത്ഥിക്കുക എന്ന വാക്ക് പരിചിതമാണ് എങ്കിലും അതിൻറെ ആവർത്തനം എത്ര രുചി തരും നമുക്ക്. എന്നാൽ നിരന്തരം പ്രാർത്ഥിക്കുക എന്ന ക്രിയ നമ്മെ കൊണ്ടെത്തിക്കുന്നത് നിത്യ ദൈവത്തോടുള്ള നിത്യ ബന്ധത്തിലാണ് . അങ്ങനെ നിത്യനായ ദൈവത്തോട് നിരന്തരമായ പ്രാർത്ഥന മൂലം അത്ഭുതം നേടിയ ഒരു സ്ത്രീയുടെ കഥയാണ് ഇന്നത്തെ ചിന്തയുടെ ആധാരം ; വി. മത്തായി 15: 21- 31 വരെയുള്ള വാക്യങ്ങൾ തൻറെ മകളുടെ രോഗശാന്തിക്കായി നിരന്തര അപേക്ഷയുമായി യേശുവിനെ സമീപിച്ച കനന്യക്കാരിയായ സ്ത്രീ ഈ സംഭവം നിരന്തരമായ വിശ്വാസത്തിലൂടെ പരിവർത്തനത്തിന്റെ അനുഭവങ്ങളെ ഉയർത്തി കാണിക്കുകയും ദൈവരാജ്യത്തിന്റെ സ്വഭാവത്തെക്കുറിച്ച് ആഴമേറിയ ഉൾക്കാഴ്ചകൾ നൽകുകയും ചെയ്യുന്നു.

1. നിരാശയുടെ നിലവിളി

കർത്താവേ ദാവീദു പുത്രാ എന്നോട് കരുണയുണ്ടാകണമേ എന്ന് നിലവിളിക്കുന്ന ആ സ്ത്രീയുടെ ചിത്രം, നമ്മളിൽ പലരും കടന്നു പോയിട്ടുള്ള ജീവിത സാഹചര്യം ,ആശ്രയം അറ്റ ദിനങ്ങളിൽ ഒരിറ്റ് ആശ്വാസത്തിനായി കേഴുന്ന ദിനങ്ങൾ, ഇങ്ങനെ എണ്ണമറ്റ വ്യക്തികളുടെ ഹൃദയംഗമമായ നിലവിളിയുടെ പ്രതിധ്വനി. യേശുവിനോടുള്ള തീഷ്ണമായ അഭ്യർത്ഥനയും അവളുടെ പ്രതീക്ഷയും രോഗശാന്തിയിലൂടെ വിടുതലും വിശ്വാസത്തിന്റെയും പ്രാർത്ഥനയുടെയും പാഠം നമുക്ക് നൽകുന്നു. നമ്മുടെ ജീവിതത്തിൽ ഏത് നിമിഷവും ഇങ്ങനെയുള്ള ദിനങ്ങൾ കടന്നു വന്നേക്കാം, എങ്കിലും നമുക്കും ഒരു ഈ കനന്യ സ്ത്രീയെ പോലെ സൗഖ്യം ലഭിക്കും വരെ അവൻറെ കരുണയും അതിരില്ലാത്ത സ്നേഹത്തോടും നമുക്ക് പ്രാർത്ഥിക്കാം.

2. പരീക്ഷണത്തിൽ തളരാത്ത വിശ്വാസം

യേശുവും ആ സ്ത്രീയും തമ്മിലുള്ള സംഭാഷണം ശ്രദ്ധിക്കുക . ” കുട്ടികളുടെ അപ്പം എടുത്ത് നായ് കുട്ടികൾക്ക് കൊടുക്കുന്നത് വിഹിതമല്ല ” എന്ന പ്രസ്താവന അവളുടെ വിശ്വാസത്തെയും സ്ഥിരതയും പരീക്ഷിക്കുന്നു. എന്നാലും അവൾ പിന്മാറാതെ നായ്ക്കൾ യജമാനന്മാരുടെ മേശമേൽ നിന്നും വീഴുന്ന നുറുക്കുകൾ തിന്ന് ജീവിക്കുന്നു എന്ന് മറുപടി പറയുന്നു .യേശുവിൻറെ സമൃദ്ധമായ കൃപയും കാരുണ്യത്തെയും കുറിച്ചുള്ള അവളുടെ അഗാധ ബോധം ആ കൃപയുടെ ഒരു നുറുക്ക് മതി തൻറെ മകളുടെ സൗഖ്യത്തിന് എന്ന് അവൾ പ്രതിവചിക്കുന്നു. ദൈവത്തിൻറെ നന്മയിലും പരമാധികാരത്തിലും വിശ്വാസമർപ്പിച്ചുകൊണ്ട്, പരീക്ഷണങ്ങളിലും പ്രത്യക്ഷമായ തിരിച്ചടികളിലും വിശ്വാസത്തിൽ ഉറച്ച് നിൽക്കുവാൻ നമ്മെ ഈ ഭാഗം പഠിപ്പിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

3. വിശ്വാസത്തിലുള്ള അന്തിമവിജയം.

അവളുടെ വിശ്വാസം കണ്ടിട്ട് കർത്താവ് അവളോട് പ്രതിവചിക്കുന്നു. “സ്ത്രീയേ നിൻറെ വിശ്വാസം വലിയത്, നിൻറെ അപേക്ഷ കേട്ടിരിക്കുന്നു. ” ആ നാഴികയിൽ തന്നെ അവളുടെ മകൾക്ക് സൗഖ്യം ലഭിക്കുന്നു. അവളുടെ മകളുടെ രോഗശാന്തി വിശ്വാസത്തിന്റെയും പരിവർത്തന ശക്തിയുടെയും നമ്മുടെ രക്ഷകന്റെ അതിരില്ലാത്ത അനുകമ്പയുടെയും തെളിവായി വർത്തിക്കുന്നു. അവളുടെ വിശ്വാസം മൂലം തൻറെ മകൾ ശാരീരിക ശാന്തി മാത്രമല്ല ആത്മീക സ്ഥിരീകരണവും അനുഗ്രഹവും ലഭിക്കുന്നു. വിശ്വാസത്തോടെ അർപ്പിക്കുന്ന പ്രാർത്ഥനകൾക്ക് ഉത്തരം ലഭിക്കാതെ പോകുന്നില്ല എന്നുള്ളതും ആത്മാർത്ഥമായി അന്വേഷിക്കുന്നവർക്ക് പ്രതിഫലം നൽകുന്നതിൽ ദൈവം സന്തോഷിക്കുന്നു എന്നും ഈ സംഭവം നമ്മെ പഠിപ്പിക്കുന്നു. വിശ്വാസത്തിൽ ഉറച്ച് നിൽക്കുവാനും ദൈവത്തിൻറെ നന്മയിലും കരുണയിലും ആശ്രയിക്കാനും അങ്ങനെയെങ്കിൽ തൻറെ വാഗ്ദാനം അവൻ നിറവേറ്റും എന്നുള്ള ഉറപ്പും നമുക്ക് ലഭിക്കുന്നു. നമ്മുടെ ജീവിതത്തിൽ വെല്ലുവിളികളും പരീക്ഷണങ്ങളും നേരിടുമ്പോൾ പർവ്വതങ്ങളെ ചലിപ്പിക്കുവാനും അത്ഭുതഫലങ്ങൾ കൊണ്ടുവരുവാനും നമ്മുടെ വിശ്വാസത്തിന് ശക്തിയുണ്ട് എന്ന് അറിഞ്ഞുകൊണ്ട് ഈ കനാനായ സ്ത്രീയുടെ ദൃഢതയും സ്ഥിരോത്സാഹവും നമുക്കും അനുകരിക്കാം.

പ്രാർത്ഥനയിൽ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907