ഫാ. ഹാപ്പി ജേക്കബ്ബ്

കാഴ്ചപ്രകാരം എല്ലാം തികഞ്ഞവർ ആണെങ്കിലും പലതിനും നാം ആവശ്യങ്ങളിൽ ഇരിക്കുന്നവർ ആണ്. വിശുദ്ധമായ അൻപത് നോമ്പിന്റെ നാളുകളിൽ പകുതിയോളം നാം പിന്നിടുകയാണ്. ചിലപ്പോൾ നാം വിസ്മരിച്ചിരിക്കാം, ചിലപ്പോൾ തിരക്കിൽ ആയിരിക്കാം , ചിലപ്പോൾ സ്വയത്തിനും ലൗകികതയ്ക്കും അടിമപ്പെട്ടേക്കാം. എന്നാലും ഇന്ന് തന്നെയാണ് നല്ല ദിവസം, ഇന്ന് തന്നെ തിരികെ വരിക. കാരണം എന്ത് ആവശ്യങ്ങൾ ജീവിതത്തിൽ വന്നു ഭവിച്ചാലും, എല്ലാ വാതിലുകളും അടഞ്ഞാലും എല്ലാ ബന്ധങ്ങളും ഉപേക്ഷിച്ചാലും കാത്തിരിക്കുന്ന ഒരു വാതിൽ, എന്ത് ആവശ്യത്തിനും സമീപിക്കുവാൻ കഴിയുന്ന ഒരു ഇടം – അത് ദൈവ സന്നിധി എന്ന് തിരിച്ചറിയുക. അപ്രകാരം തിരിച്ചറിഞ്ഞ ഒരു സ്ത്രീയുടെ ആവശ്യമാണ് ഇന്ന് ചിന്തിക്കുന്നത് . വി . മത്തായി 15: 21 – 28 വരെയുള്ള ഭാഗങ്ങൾ

എല്ലായ്പ്പോഴും നമ്മുടെ ആവശ്യങ്ങൾക്ക് ഘനം കൂടുകയും മറ്റുള്ളവരെ നിസ്സാരരാക്കുകയും ചെയ്യും. ആവശ്യങ്ങളുടെ പട്ടിക ദൈനംദിനം ഏറുന്ന ജീവിതക്രമമാണ് നമ്മുടേത്. രോഗസൗഖ്യം, സാമ്പത്തിക പരാധീനത, മക്കൾ ഉള്ളതും ഇല്ലാത്തതും ആയ പ്രശ്നങ്ങൾ, സാമൂഹിക പ്രതിബദ്ധതകളും പ്രയാസങ്ങളും – ഇങ്ങനെ ആവശ്യങ്ങൾ ഏറുന്നു. എന്നാൽ ഈ സ്ത്രീ വന്നിരിക്കുന്നത് സ്വന്തം ആവശ്യങ്ങൾക്കല്ല അവളുടെ മകളുടെ സൗഖ്യത്തിന് വേണ്ടിയാണ്. അവൾക്ക് അറിയാം മേശമേൽ നിന്നും വീഴുന്ന ഒരു തരി മതി അവളുടെ മകൾക്ക് സൗഖ്യം ലഭിക്കുവാൻ എന്ന്. പുറം ജാതിക്കാരിയായ അവൾക്ക് മനസ്സിലായി എങ്കിലും സ്വന്തം കുടുംബത്തിന്ന് ഇന്നും മനസ്സിൽ കയറിയിട്ടില്ല. കൂടെ ഉണ്ടായിരുന്ന ശ്ലീഹന്മാർ പോലും അവനെ തിരിച്ചറിയാഞ്ഞിട്ടും അവൾ തിരിച്ചറിഞ്ഞു അവൻ ദാവീദിന്റെ സിംഹാസനത്തിൽ നിന്നുള്ള രാജാധി രാജൻ ആണെന്ന്. നീ ആരെന്നോ ഏതെന്നോ എന്ന ചോദ്യങ്ങൾ അല്ല ആർക്കും എപ്പോഴും അവൻ സമീപസ്ഥൻ ആണ്.

രണ്ടാം ചിന്തയിലേക്ക് വരുമ്പോൾ അവളുടെ സ്ഥിരോത്സവും വിശ്വാസവും നാം കണ്ട് പഠിക്കേണ്ടിയിരിക്കുന്നു. ഒരു ഫലവത്തായ സംഭാഷണം അവിടെ നമുക്ക് കാണാം. അവളെ ഒഴിവാക്കണം എന്നാണ് ശിഷ്യന്മാർ പറഞ്ഞത് . എന്നാൽ അവളെ കേൾക്കുന്ന രക്ഷകനെ അവൾ കണ്ടു . അന്നത്തെ സാഹചര്യത്തിൽ അവൾക്ക് വലിയ ഒരു കടമ്പ തന്നെ ആയിരുന്നു യിസ്രായേൽ അവകാശം എന്ന് കരുതിയ ഇടത്ത് എത്തി ചേരുവാൻ. ജാതി വേറെ, മതം വേറെ ,രാജ്യം വേറെ, ഭാഷ വേറെ, തിരസ്കരിക്കപ്പെട്ട സമൂഹം ഇങ്ങനെ ഒഴിവാക്കപ്പെടുവാൻ ഉള്ള സാധ്യത ഏറിയിട്ടും തൻറെ ആവശ്യം ലഭിച്ചിട്ടേ പിന്നോട്ടുള്ളൂ എന്ന ദൃഢനിശ്ചയം അവളെ അവിടെ നിലനിർത്തി. ഒരു വിളിക്ക് ഉത്തരം കിട്ടിയില്ല എങ്കിൽ പിന്മാറുന്ന നമുക്ക് ഈ സ്ത്രീ എത്ര വലിയ പാഠം ആണ് നൽകുന്നത്. അർഹത ഉണ്ടായിട്ടും അർഹിക്കപ്പെട്ടത് നേടുവാൻ നമുക്ക് ആയിട്ടുണ്ടോ? നഷ്ടബോധം ജീവിതത്തിൽ നിന്ന് നീക്കുവാൻ നമുക്ക് കഴിയുന്നുണ്ടോ? വിശ്വാസത്തിലൂടെ അടഞ്ഞ വാതിലുകൾ തുറക്കുവാനും അതിലൂടെ സാധ്യതകളുടെ സാഗരത്തിൽ എത്തപ്പെടുവാനും നമുക്ക് കഴിയണം. അറിയാഞ്ഞിട്ടല്ല പാലിക്കുവാനും അനുസരിക്കുവാനും ഉള്ള ഒരുക്കം ഇല്ലാത്തത് ആണ് നമ്മുടെ കുറവ്.

മൂന്നാമതായി അവൾക്ക് ലഭിക്കുന്ന സമ്മാനം എത്ര വലുതെന്ന് അറിയുക. ലോകപ്രകാരം വിലയിടുവാൻ പറ്റാത്ത ജീവനും സൗഖ്യവും അവളുടെ മകൾക്ക് ലഭിക്കുന്നു. ഒരു തരി മാത്രം മതി എന്ന് പറഞ്ഞവൾക്ക് മറ്റൊരാളെക്കാളും മറ്റാരെക്കാളും അവൻ നൽകുന്നു ; കാരണം ഒന്ന് മാത്രം അവളുടെ മങ്ങാത്ത വിശ്വാസം. അതിന്റെ ഫലമാണ് വിലയേറിയ സമ്മാനം. ദൈവം കാണില്ല , അവൻ തരില്ല എന്ന് പരിതപിക്കുന്ന നമുക്ക് ഈ സംഭവത്തെ എങ്ങനെ വിലയിരുത്തുവാൻ കഴിയും. അടഞ്ഞ വാതിലുകൾ തുറക്കുവാൻ ഈ സംഭവം നമുക്ക് മാതൃക ആക്കാം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യായിറോസിൻ്റെ മകളെയും , അഴുകിയ ലാസറിനെയും ജീവൻ നൽകിയവന് നമ്മുടെ നിസ്സാര പ്രാർത്ഥനകൾ കേൾക്കാതിരിക്കാൻ കഴിയുമോ? അതിനാൽ ഈ നോമ്പിന്റെ ശിഷ്ടകാലം വിശ്വാസം എന്തെന്ന് തിരിച്ചറിഞ്ഞ് മുന്നോട്ട് പോകാം. നമുക്ക് വേണ്ടി മാത്രമല്ല , നമ്മളിലൂടെ മറ്റുള്ളവർക്കും അത്ഭുതങ്ങൾ ലഭിക്കുവാൻ ഇടയാകട്ടെ. അതിന് വലിയ അനുഭവങ്ങൾ അല്ല അല്പം സമർപ്പണം അല്പം വിശ്വാസം അല്പം ജീവിത വിശുദ്ധി. ദൈവം നിഗളികളോട് എതിർക്കുന്നു ; താഴ്മ ഉള്ളവർക്കോ, അവൻ കൃപ നൽകുന്നു. 1 പത്രോസ് 5: 5

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907