ഫാ. ഹാപ്പി ജേക്കബ്ബ്
പുരോഗമന വാദവും സോഷ്യലിസവും, സഹോദരത്വവും സമത്വവും കേൾക്കുവാനും ഉപദേശിപ്പാനും പഠിപ്പിപ്പാനും പറ്റിയ വിഷയങ്ങളാണ്. ഇതെല്ലാം കാലാകാലങ്ങളായി നാം കേട്ട് പരിചയിച്ചിട്ടുള്ളതുമാണ്. എന്നാൽ ഈ മേഖലകളിൽ ജീവിതപരിചയം ഉണ്ടോ എന്ന് ആരോടെങ്കിലും ചോദിച്ചാൽ പല ആചാര്യന്മാരുടെ പഠിപ്പിക്കലുകൾ അല്ലാതെ സ്വജീവിതത്തിൽ എടുത്തു കാണിക്കുവാൻ എന്താണ് ഉള്ളത്. സ്വർഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ എന്ന പ്രാർത്ഥന അറിയാത്തവരും ചൊല്ലാത്തവരുമായി ആരാണ് ഉള്ളത്. ഞങ്ങളുടെ കടക്കാരോട് ഞങ്ങൾ ക്ഷമിച്ചത് പോലെ ഞങ്ങളുടെ കടങ്ങളേയും ക്ഷമിക്കണമേ എന്ന് പ്രാർത്ഥിക്കുവാൻ എങ്ങനെ കഴിയുന്നു എന്ന് വിചാരിച്ച് അധൈര്യപ്പെടേണ്ട. ധൈര്യത്തോടെ അർത്ഥമറിഞ്ഞ് പൂർണ്ണമായി സമർപ്പിച്ച് പ്രാർത്ഥിക്കണം. നമ്മെപ്പോലെ ദൈവ ആശ്രയത്തോടെ കഴിഞ്ഞിരുന്ന ഒരു സ്ത്രീ, എന്നാൽ ആ കർത്തൃ മുഖത്തേക്ക് ഒന്ന് നോക്കുവാൻ കഴിയാതിരുന്ന ഒരു സ്ത്രീക്ക് എങ്ങനെ സൗഖ്യം ലഭിച്ചു എന്ന ചിന്ത ഇന്ന് ധ്യാനത്തോടെ ഓർക്കാം. വി. ലൂക്കോസ് 13 :10- 17
1 . അടിമത്വത്തിന്റെ ചങ്ങലകളെ പൊട്ടിക്കുക
ഈ സ്ത്രീ ആരെന്നോ എവിടെനിന്നോ വന്നതോ എന്നല്ല പ്രസക്തി . അവൾ ദേവാലയത്തിന്റെ ഉള്ളിൽ ആയിരുന്നു. ശാരീരികമായും, സാമൂഹികപരമായും, ആത്മീക പരമായും ഒറ്റപ്പെട്ടു കഴിയേണ്ടി വന്നവൾ ലക്ഷ്യം സൗഖ്യം തന്നെ ആയിരിക്കണം. അതുവരെയും ഇന്നും ചിന്തിക്കുന്ന പോലെ പൈശാചികതയുടെ ശക്തിയിൽ കീഴ്പ്പെട്ട് ശിരസ്സ് കുനിഞ്ഞ് പോയ ഒരു വ്യക്തി തന്നെ ബാധിച്ചിരിക്കുന്ന ബന്ധനവും അടിമത്വവും പൊട്ടിച്ചെറിയുവാൻ പാട് പെട്ടിട്ടുണ്ടാവാം. കഴിയാതെ വന്നപ്പോൾ നിരാശപ്പെട്ടിട്ടുണ്ടാവാം. എന്നാൽ നമ്മെപ്പോലെ ഓടി ഒളിക്കുവാനോ സ്വന്തേഷ്ടമായി അന്യതപ്പെട്ടു പോകാനോ അവൾ ആഗ്രഹിച്ചില്ല. ഒന്ന് അപേക്ഷിക്കാനോ അവൾക്കു വേണ്ടി മാധ്യസ്ഥം പറയുവാനോ ആരെയും കണ്ടതുമില്ല. എന്നാൽ രക്ഷകൻ അവളെ കണ്ടിരിക്കുന്നു. നമ്മെ ബാധിച്ചിരിക്കുന്ന തെറ്റും പാപങ്ങളും മാത്രമല്ല നാം പാലിക്കുന്ന പല ജീവിതചര്യകളും നമ്മെ അടിമകളാക്കി വച്ചിരിക്കുകയാണ്. നോമ്പിന്റെ നാളുകളിൽ കുമ്പസാരിക്കണം എന്ന് പിതാക്കന്മാർ പഠിപ്പിക്കുന്നതും ഇത് കാരണമാണ്. അനുതാപത്തോടെ കടന്നുവരുന്ന ഓരോരുത്തർക്കും ബന്ധനങ്ങൾ അഴിച്ച്, കെട്ടുകൾ മാറ്റി, സ്വാതന്ത്ര്യത്തോടെ ദൈവ മുഖത്തേക്ക് നോക്കുവാനും പിതാവേ എന്ന് അഭിസംബോധന ചെയ്യുവാനും പുത്രത്വത്തിന്റെ ആത്മാവിനെ നമുക്കായി ഒരുക്കിയിരിക്കുന്നു. കത്തൃ സാമിപ്യത്തിൽ അവളെ വിളിച്ച് അവൾക്ക് സൗഖ്യം കൊടുക്കുന്നു. അവൾ നിവർന്ന് നിന്ന് ദൈവ മുഖം ദർശിച്ചത് പോലെ നമ്മെ അടിമപ്പെടുത്തിയ എല്ലാ തിന്മകളെയും കത്തൃ കൃപയാല്‍ പൊട്ടിച്ചെറിയണം.
2 . മാറ്റുരക്കപ്പെടാത്ത ദൈവസ്നേഹം .
പാപം നമ്മെ അന്ധകാരപ്പെടുത്തും. നാണവും ലജ്ജയും ഇന്ന് ആരാധനയ്ക്കും ദേവാലയത്തിലും പങ്കെടുക്കുവാൻ ആവശ്യപ്പെടുമ്പോഴാണ് . എന്നാൽ എന്ത് തിന്മ ചെയ്യുന്നതിനും, ഏത് അധമപ്രവർത്തനത്തിനും പങ്കാളി ആവുന്നതിനും ഒട്ടും ലജ്ജ ഇല്ലാത്ത കാലമാണല്ലോ ഇത്. കൊള്ളയും പിടിച്ച് പറിയും മാത്രമല്ല ഏതൊക്കെ കാര്യങ്ങളിൽ കഴിഞ്ഞ തലമുറ തലകുനിച്ചുവോ അതെല്ലാം നിർലോഭം ലജ്ജ കൂടാതെ മാനുഷിക ബലഹീനതയായും, സാഹചര്യ സമ്മർദ്ദമായും ഒക്കെ ചെയ്ത് അഭിമാനിക്കുന്നു. എന്നാൽ നോമ്പിന്റെ കാലത്ത് നമ്മുടെ ഒക്കെ ചിന്ത ഇതെല്ലാം വിട്ടൊഴിഞ്ഞ് പുതിയ സൃഷ്ടി ആകണം എന്നാണ്. ഒരു ദിവസം തീരുമാനം എടുക്കും തൊട്ടടുത്ത ദിവസം തന്നെ വ്യതിചലിക്കും. എന്നാൽ ഓർക്കുക; വിട്ടുമാറാത്തവൻ , ഏത് ഹീനാവസ്ഥയിലും തൊട്ടു സൗഖ്യമാക്കുന്നവൻ, മാറോട് ചേർക്കുന്നവൻ ഈ സ്ത്രീയേയും അനുഗ്രഹിച്ച് തൊട്ട് സൗഖ്യമാക്കുന്നു. ഇതിനപ്പുറം ഒരു സ്നേഹവും കരുതലും വേറെ എവിടെ കിട്ടും. ആ കൃപ പ്രാപിപ്പാനാണ് ദൈവം നമ്മെ ആഹ്വാനം ചെയ്യുന്നത്. കരുണയും താഴ്മയും, ഓരോ ധർമ്മങ്ങളും ശീലിക്കുവാൻ പ്രായശ്ചിത്തത്തിലൂടെ നിർവഹിപ്പാൻ നോമ്പ് ആഹ്വാനം ചെയ്യുന്നു.
3 . ദൈവസ്നേഹത്തിന്റെ പ്രകീർത്തനം
അവൾ ക്ഷണത്തിൽ നിവർന്ന് നിന്ന് ദൈവത്തെ മഹത്വപ്പെടുത്തി എന്നത് ഏറ്റവും ശ്രദ്ധേയമായ ഒരു വാക്യമാണ്. സ്തുതിയും സ്തോത്രവും ആരാധനയും മഹത്വവും അർപ്പിപ്പാൻ വേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുള്ളവരാണ് നാം ഓരോരുത്തരും. അതിരാവിലെ നാം കേൾക്കുന്ന കളകൂജനങ്ങളും കാറ്റിലാടുന്ന വർണ്ണ പുഷ്പങ്ങളും നമുക്ക് തരുന്ന പാഠവും ഇത് തന്നെയാണ്. എപ്പോഴൊക്കെ നമുക്ക് ദൈവകൃപയെ സ്തോത്രം ചെയ്യുവാൻ കഴിയാതെ ഇരിക്കുന്നുവോ അപ്പോഴൊക്കെ നാം ഓർക്കുക നാം ദൈവ സ്നേഹത്തിൽ നിന്ന് അകന്ന് പോയെന്ന്. ഒരു തിരിച്ച് വരവ് സാധ്യമല്ലേ. ലഭിച്ചിരിക്കുന്ന ആയുസ്സിന്റെ ഓരോ ദിനവും മഹത്വത്തോടെ ദൈവ മുൻപിൽ നമുക്ക് നിൽക്കാം. ബാധിച്ചിരിക്കുന്ന എല്ലാ ബന്ധനങ്ങളേയും വിട്ട് ദൈവ മുഖത്തേക്ക് നോക്കുവാനും സ്തോത്രമർപ്പിപ്പാനും നമ്മെ തന്നെ ദൈവ സന്നിധിയിൽ കാഴ്ച അർപ്പിപ്പാനും ഈ ചിന്ത ബലം നൽകട്ടെ.
സ്നേഹത്തോടും പ്രാർത്ഥനയോടും
ഹാപ്പി ജേക്കബ് അച്ചൻ
റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .
Mobile # 0044 7863 562907
Leave a Reply