ഫാ. ഹാപ്പി ജേക്കബ്ബ്

വലിയ നോമ്പിൻറെ അവസാന ആഴ്ചകളിലേക്ക് നാം വന്നിരിക്കുന്നു. ഓരോ ദിനവും സമർപ്പണവും തപനവും അനുതാപവും ശീലിച്ചവർക്ക് നോമ്പ് ജീവിതഭാഗമായി തീരുന്നു. കുറവുകൾ ഭവിക്കാം. ന്യൂനതകൾ വന്നേക്കാം. എന്നാലും ലക്ഷ്യവും മാർഗവും ശ്രേഷ്ഠമാണ് എന്ന ചിന്ത നമ്മെ മുന്നോട്ട് നയിക്കുന്നു. ഈ ആഴ്ച വേദചിന്തയായി ഭവിക്കുന്നത് കർത്താവ് പിറവി കുരുടന് കാഴ്ച നൽകുന്ന അനുഭവമാണ്. ഒരു മുഴുവൻ അധ്യായവും ഈ അത്ഭുതം വിവരിക്കുവാൻ മാറ്റി വച്ചിരിക്കുന്നു. വി. യോഹന്നാന്റെ സുവിശേഷം 9-ാം അധ്യായം 1 – 41 വരെയുള്ള വാക്യങ്ങൾ ഈ അത്ഭുതകരമായ പ്രവൃത്തിയിൽ യേശു ശാരീരിക കാഴ്ച പുനഃസ്ഥാപിക്കുക മാത്രമല്ല, അവനിലുള്ള വിശ്വാസത്തിലൂടെ ലഭിക്കുന്നു. അഗാധമായ ആത്മീയ പ്രബുദ്ധതയെ പ്രതീകപ്പെടുത്തുകയും ചെയ്തു.

1. ആത്മീക അന്ധതയുടെ വെളിപ്പെടുത്തൽ

ഈ സൗഖ്യദാന ശുശ്രൂഷയിൽ നാം കാണുന്ന വ്യക്തി പ്രതിനിധീകരിക്കുന്നത് മനുഷ്യജാതിയെ തന്നെയാണ്. ഈ തലമുറയെ മുഴുവൻ ബാധിച്ചിരിക്കുന്ന ആത്മീക നിർജീവിത്വവും ആത്മീക ച്യുതിയും അത് ഉൾക്കൊള്ളുന്ന സമൂഹവും ചിന്തിച്ച് മാറ്റം ഉൾക്കൊള്ളേണ്ടതാണ്. ഈ മനുഷ്യന് ചുറ്റുമുള്ള ലോകം കാണാൻ കഴിയാത്തത് പോലെ നമ്മളിൽ പലരും അന്ധരാകുന്നു എന്ന ഓർമ്മപ്പെടുത്തലാണ്. പ്രകൃതി ഭംഗിയോ മാനുഷിക വികാരങ്ങളോ കാണാനോ തിരിച്ചറിയുവാനോ കഴിയാതെ അല്ലേ നാം ജീവിക്കുന്നത്. ദൈവവചനത്തെ കുറിച്ചുള്ള അന്ധത, മറ്റുള്ളവരുടെ ആവശ്യങ്ങളോടുള്ള നിസ്സംഗത , നമ്മുടെ പാപങ്ങളെ കുറിച്ചുള്ള അവബോധമില്ലായ്മ ഇതെല്ലാം നിഴലിക്കുന്നുവെങ്കിലും യേശു നമ്മുടെ അടുക്കലേക്ക് വരുന്നു. ന്യായവിധിക്കായി അവൻ വരുമ്പോൾ യോഹന്നാൻ 9 :33 അന്ധർ കാണുകയും കാഴ്ച ഉണ്ട് എന്ന് കരുതുന്നവർ അന്ധരാവുകയും ചെയ്യും.

2. വിശ്വാസത്തിൻറെ ശക്തി

സമൂഹം പല അവസരങ്ങളിലും പ്രചോദനം ആകാറുണ്ട് ഓരോ ജീവിതാനുഭവങ്ങളിലും. എന്നാൽ പല അവസരങ്ങളിലും വിഘാതവും വിലങ്ങുതടിയും ആകാറുമുണ്ട് . ആത്മീക തലങ്ങളിൽ ആധുനിക സമൂഹം ഉൾപ്പെട്ടിരിക്കുന്ന സമൂഹത്തിൻറെ മുൻപിൽ താഴ്ന്ന് പോകുന്നു. എന്നാൽ വ്യത്യസ്തനായ ഈ അന്ധൻ സമൂഹം എന്ത് പറയുന്നു എന്നല്ല തന്റെ വിശ്വാസം, തൻറെ ലക്ഷ്യം ഇതായിരുന്നു മുൻപിൽ വച്ചത്. കർത്താവ് തന്നോട് കൽപ്പിച്ചത് സംശയലേശമെന്യേ അനുസരിച്ചു. ശീലോഹാം കുളത്തിന്റെ കുറവുകൾ അല്ല കർത്താവായ തമ്പുരാൻറെ വാക്കിലുള്ള വിശ്വാസമാണ് അവനെ നയിച്ചത്. നാം കർത്താവിൽ അടിയുറച്ച് വിശ്വസിക്കുമ്പോൾ നമ്മുടെ ജീവിതത്തിൽ ലഭിക്കുന്ന അത്ഭുതകരമായ പരിവർത്തനം ഈ സൗഖ്യം ലഭിച്ചവൻ നമ്മെ പഠിപ്പിക്കുന്നു.

3. ദൈവ മഹത്വത്തിൻറെ സാക്ഷ്യ വാഹകരാകുവിൻ

WhatsApp Image 2024-12-09 at 10.15.48 PM

ഒരു സമൂഹത്തെ മുഴുവൻ അത്ഭുതപ്പെടുത്തിയ ഒരു മനുഷ്യൻ ദൈവത്തിൻറെ അത്ഭുത പ്രവർത്തനത്തിന്റെ സാക്ഷ്യമായി നിൽക്കുന്നു. ‘ഒരു കാര്യം എനിക്കറിയാം. ഞാൻ അന്ധനായിരുന്നു എന്നാൽ ഇപ്പോൾ ഞാൻ കാണുന്നു. (9:25) അന്ധകാരവും , സംശയങ്ങളും നമ്മുടെ ആത്മീകതയിൽ നിഴലിക്കുമ്പോൾ ക്രിസ്തുവിൻറെ സാന്നിധ്യം വെളിച്ചമായി, സാക്ഷ്യമായി നാം തീരുക. ക്രിസ്തുവിൻറെ അനുയായികളായ നമുക്ക് നമ്മുടെ വാക്കുകളിലൂടെയും പ്രവർത്തികളിലൂടെയും അവൻറെ വീണ്ടെടുപ്പ് ശക്തിയിലൂടെയുള്ള അചഞ്ചലമായ വിശ്വാസത്തിലൂടെയും ദൈവത്തിൻറെ മഹത്വത്തിന് സാക്ഷ്യം വഹിക്കാം.

കാനായിലെ കല്യാണവിരുന്നിൽ പരിവർത്തനം അടയാളമായി നാം യാത്ര ആരംഭിച്ചു. 40 ദിവസം പിന്നിടുമ്പോൾ രുചിയും, ഗുണവും, കൃപയും , സൗഖ്യവും ഉള്ളവരായി നാം തീരുക. അനേകർക്ക് രുചികരമായ അനുഭവമായി നാം ആയി തീരുക.

ദൈവം അനുഗ്രഹിക്കട്ടെ

ഹാപ്പി ജേക്കബ് അച്ചൻ

റവ. ഫാ. ഹാപ്പി ജേക്കബ്ബ് : മലയാളം യുകെ ന്യൂസിന്റെ സ്പിരിച്വൽ വിഭാഗത്തിൽ പ്രസിദ്ധീകരിച്ച നിരവധി ലേഖനങ്ങളിലൂടെ ലോകമെങ്ങുമുള്ള വായനക്കാരുടെ ഹൃദയത്തിലേയ്ക്ക് ദൈവപരിപാലനയുടെ നെയ്ത്തിരികൾ തെളിയിച്ച അനുഗ്രഹീത എഴുത്തുകാരൻ . യോർക്ക്‌ഷെയറിലെ ഹാരോഗേറ്റിൽ താമസിക്കുന്ന അച്ചൻ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ച് ലിവർപൂളിൻെറ വികാരിയാണ്. 2022 -ലെ സ്പിരിച്വൽ റൈറ്ററിനുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് .

Mobile # 0044 7863 562907