ഫാ. മാത്യു നെരിയാട്ടിൽ

സീറോ മലങ്കര കത്തോലിക്കാ സഭാ യുകെ കോർഡിനേറ്റർ ആയ ഫാ. തോമസ് മടുക്കുമ്മൂട്ടിൽ ഒൻപത് വർഷത്തെ സ്തുത്യർഹമായ സേവനങ്ങൾക്ക് ശേഷം മാതൃരൂപതയായ ബത്തേരിയിലേക്ക് മടങ്ങുന്നു. 2012 ജൂണിലാണ് ഫാ. തോമസ് യുകെയിലെ മലങ്കര കത്തോലിക്കാ റീജിയനിലേക്ക് ശുശ്രൂഷയ്ക്കായി നിയമിതനാവുന്നത്. ഷെഫീൽഡിലെ സെന്റ് മേരീസ്‌ കത്തീഡ്രലിലെ അസിസ്റ്റന്റ് വികാരിയായി സേവനമാരംഭിച്ച ഫാ. തോമസ് പിന്നീട് മാഞ്ചസ്റ്ററിലെ വിതിൻഷോയിലുള്ള സെന്റ് ആന്റണിസ്, ഹെയ്നൽട്ടിലെ അസംപ്ഷൻ, ഇൽഫോഡിലെ സെന്റ്ജോൺ ദി ബാപ്റ്റിസ്റ്റ് എന്നീ ലാറ്റിൻ ദൈവാലയങ്ങളിലും ശുശ്രൂഷ ചെയ്തു. ഇതേ സമയം തന്നെ മാഞ്ചസ്റ്റർ, ലിവർപൂൾ, ഷെഫീൽഡ്, നോട്ടിങ്ങ്ഹാം, കവൻട്രി, ബ്രിസ്റ്റോൾ, ഗ്ലോസ്റ്റർ, ആഷ്ഫോർഡ്, ക്രോയ്ഡൺ, ഈസ്റ്റ്‌ ലണ്ടൻ, ലൂട്ടൺ, വെസ്റ്റ് ലണ്ടൻ, സൗത്താംപ്റ്റൺഎന്നീ മലങ്കര മിഷനുകളുടെ ചാപ്ലൈനുമായിരുന്നു.

2017 മുതൽ യുകെയിലും നോർത്തേൺ അയർലണ്ടിലുമായി വ്യാപിച്ചു കിടക്കുന്ന മലങ്കര കത്തോലിക്കാ റീജിയന്റെ കോഓർഡിനേറ്റർ ആയി അദ്ദേഹം നിയമിതനായി. ഈ കാലയളവിൽ നോർത്താംപ്റ്റൺ, ഇപ്സ്വിച്, അബർഡീൻ, കാർഡിഫ് എന്നിവിടങ്ങളിൽ പുതിയ മലങ്കര സഭാ മിഷനുകൾ ആരംഭിക്കപ്പെട്ടു. അദ്ദേഹം നേതൃത്വം നൽകിയ ലിവർപൂൾ, വോൾവർഹാംപ്റ്റൺ മലങ്കര കൺവെൻഷനുകളും വൻവിജയങ്ങളായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഫാ. തോമസ് മടുക്കുമ്മൂട്ടിൽ

യുകെയിൽ ആദ്യമായി ഒരു മലങ്കര യുവജന ദേശീയ എക്സിക്യൂട്ടീവ് കമ്മിറ്റി നിലവിൽ വന്നത് ഫാ. തോമസിന്റെ ശുശ്രൂഷാ കാലയളവിലാണ്. കഴിഞ്ഞ വർഷം രൂപീകൃതമായ ഇരുപത് പേരടങ്ങുന്ന യുകെയിലെ സുവിശേഷസംഘം, ഇന്ത്യയ്ക്ക് പുറത്തുള്ള ആദ്യത്തേതാണ്. ഫാ. തോമസിന്റെ അനേക കാലത്തെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായിരുന്നു 2019 പൂർത്തിയായ മലങ്കര റീജിയന്റെ ചാരിറ്റി രജിസ്ട്രേഷൻ. ചുരുങ്ങിയ കാലയളവിൽ നാലു വൈദീകരെ കൂടി യുകെയിലെ മിഷനുകളിൽ ശുശ്രൂഷയ്ക്കായി എത്തിക്കാൻ അദ്ദേഹത്തിനായി. യുകെയിലെ വിവിധ എക്യൂമെനിക്കൽ വേദികളിലും ആത്മീയ പ്രഭാഷണ വേദികളും സജീവ സാന്നിധ്യമായിരുന്ന ഫാ. തോമസ് നല്ലൊരു വാഗ്മിയും ഗ്രന്ഥ രചയിതാവ് കൂടിയാണ്.

മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് ബാവായുടെ നിർദ്ദേശം പ്രകാരം പുതിയ നിയോഗം ഏറ്റെടുക്കാനായി മാതൃരൂപതയായ ബത്തേരിയിലേക്ക് മടങ്ങി പോകുന്ന തങ്ങളുടെ പ്രിയപ്പെട്ട തോമസ് അച്ചന് സ്നേഹനിർഭരമായ യാത്രയയപ്പ് നൽകാൻ ഒരുങ്ങുകയാണ് യുകെയിലെ മലങ്കര കത്തോലിക്കാ സഭാസമൂഹം. കോവിഡിന്റെ പശ്ചാത്തലത്തിൽ മാർച്ച്‌ 20, ശനിയാഴ്ച ഓൺലൈൻ ആയാണ് യാത്ര അയപ്പ് ഒരുക്കിയിരിക്കുന്നത്. പുതിയ കോർഡിനേറ്റർ ആയി നിയമിതനായിരിക്കുന്ന റവ. ഡോ. കുര്യാക്കോസ് തടത്തിലിന്റെ സ്വീകരണവും ഇതോടൊപ്പം നടക്കും.

രാവിലെ 9.30 ന് ഫാ. തോമസ് അർപ്പിക്കുന്ന കൃതഞ്ജതാബലി ലൈവ് ആയി യൂട്യൂബിൽ ലഭ്യമാണ്. തുടർന്ന് നടക്കുന്ന സമ്മേളനത്തിൽ മലങ്കര കത്തോലിക്കാ സഭയുടെ തലവനും പിതാവുമായ മോറാൻ മോർ ബസേലിയോസ് ക്‌ളീമിസ് ബാവാ, യുകെയിലെ അപ്പസ്‌റ്റോലിക് വിസിറ്റർ അഭിവന്ദ്യ യൂഹാനോൻ മാർ തെയഡോഷ്യസ്, ഗ്രേറ്റ് ബ്രിട്ടൻ രൂപതാധ്യക്ഷൻ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കൽ തുടങ്ങിയ നിരവധി വിശിഷ്ടാതിഥികൾ പങ്കെടുക്കും.