ന്യൂസ് ഡെസ്ക്, മലയാളം യുകെ

സതാംപ്ടണിൽ വൻ തീപിടുത്തം ഉണ്ടായതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. സതാംപ്ടണിൽ സെൻറ് മേരീസ് സ്റ്റേഡിയത്തിന്റെ സമീപമുള്ള ഇൻഡസ്ട്രി യൂണിറ്റുകളിലാണ് വ്യാപകമായ അഗ്നിബാധ ഉണ്ടായത്. കനത്ത പുക ശ്വസിച്ചതിന് തുടർന്ന് ആളുകൾക്ക് ചികിത്സ നൽകിയെങ്കിലും മറ്റ് പരുക്കുകളൊന്നും നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


മറൈൻ പരേഡിലെ വ്യവസായ യൂണിറ്റിൽ നിന്ന് അഗ്നിബാധയെ തുടർന്നുള്ള പുക കിലോമീറ്ററുകൾക്ക് അപ്പുറവും ദൃശ്യമായിരുന്നു. സംഭവത്തെ തുടർന്ന് സതാംപ്ടണിലെ സെന്റ് മേരീസ് സ്റ്റേഡിയത്തിലെ ചാമ്പ്യൻഷിപ്പ് മത്സരം ഉപേക്ഷിച്ചു. 18 ഓളം ഫയർ എൻജിനികൾ സംഭവസ്ഥലത്ത് തീപിടുത്തം അണയ്ക്കുന്നതിനുള്ള തീവ്ര പരിശ്രമത്തിലാണ് . പ്രദേശം പൂർണ്ണമായും ഒഴിവാക്കണമെന്ന് ആളുകളോട് അഭ്യർത്ഥിച്ചിട്ടുണ്ട്. തീപിടുത്തത്തെ നേരിടാൻ 100- ലധികം ഉദ്യോഗസ്ഥർ കഠിനാധ്വാനം ചെയ്യുകയാണെന്ന് ഫയർ ഇൻസിഡന്റ് കമാൻഡർ ജോൺ ആമോസ് പറഞ്ഞു.


നാല് വ്യവസായ യൂണിറ്റുകളിൽ അഗ്നിബാധയുണ്ടായതായാണ് പ്രാഥമിക വിവരങ്ങൾ സൂചിപ്പിക്കുന്നത്. തീപിടുത്തത്തിന് എന്താണ് കാരണം എന്നതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമായിട്ടില്ല . അഗ്നിശമന വാഹനങ്ങൾ ഉൾപ്പെടെ അടിയന്തിര പ്രാധാന്യമുള്ള വാഹനങ്ങളുടെ സുഗമമായ സഞ്ചാരത്തിനായി ഈ പ്രദേശത്തൂടെയുള്ള യാത്ര ഒഴിവാക്കണമെന്ന് അഗ്നിശമന സേന ആവശ്യപ്പെട്ടിട്ടുണ്ട്.