കോവിഡ് മഹാമാരി ലോകമാകെ പിടിച്ചുകുലുക്കിയിരിക്കുന്ന സന്ദർഭത്തിൽ പ്രത്യേകിച്ച് യുകെയിലെ ജനജീവിതത്തെ സ്തംഭിപ്പിക്കുകയും, മരണം ഒരു ലക്ഷം കടക്കുകയും ചെയ്തുവെങ്കിലും പ്രതീക്ഷയുടെയും പ്രത്യാശയുടെയും വാർത്തകളാണ് ഇംഗ്ലണ്ടിൻെറ നോർത്തിലുള്ള സ്കൻന്തോർപ്പിൽ നിന്ന് കേൾക്കുന്നത്.

കോവിഡ് ബാധിച്ച് ആരോഗ്യസ്ഥിതി വളരെ മോശമായിരുന്ന പൂർണഗർഭിണിയായ മലയാളി യുവതി കുഞ്ഞിനെ ജന്മം നൽകുകയും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്ന വാർത്തകൾ യുകെ മലയാളികൾ വളരെ ആശ്വാസത്തോടെയാണ് ശ്രവിച്ചത്.

കാരണം പൂർണ്ണ ഗർഭിണിയായ റോസ് ജിമ്മിച്ചൻ കോവിഡ് ബാധിതയായി അത്യാസന്ന നിലയിലായ വിവരം പ്രാർത്ഥനാ ഗ്രൂപ്പുകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും അറിഞ്ഞ യുകെ മലയാളികൾ വളരെയധികം ആശങ്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ റോസും റോസ് ജന്മം നൽകിയ കാതറീനും സുഖമായിരിക്കുന്നു എന്ന വാർത്ത മലയാളി സമൂഹത്തിന് വളരെ ആശ്വാസമായി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

യുകെയിലെ ഹള്ളിനടുത്തുള്ള സ്കൻന്തോർപ്പിലാണ് ജിമ്മി റോസ് ദമ്പതികൾ താമസിക്കുന്നത്. റോസിന് 29 ആഴ്ച ഗർഭിണിയായിരിക്കെയാണ് ഡിസംബർ ആദ്യവാരം കോവിഡ് ബാധിതയായി സ്കൻന്തോർപ്പ് ജനറൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുന്നത്. എന്നാൽ റോസിൻറെ ആരോഗ്യസ്ഥിതി പൊടുന്നനെ ഗുരുതരമായതിനാൽ റോസിനെ പെട്ടെന്നുതന്നെ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി കുഞ്ഞിനെ പുറത്തെടുക്കുകയല്ലാതെ മറ്റു മാർഗ്ഗങ്ങൾ ആരോഗ്യ പ്രവർത്തകർക്ക് മുന്നിലില്ലായിരുന്നു.

ഡിസംബർ ഒമ്പതാം തീയതി അതായത് പതിനൊന്ന് ആഴ്ച്ച മുൻപേ റോസ് കൊച്ചു കാതറീന് ജന്മം നൽകിയപ്പോൾ 1.2kg  മാത്രമാണ് തൂക്കമുണ്ടായിരുന്നത്. എന്നാൽ ഇപ്പോൾ റോസും, കാതറീനും സുഖമായിരിക്കുന്നു എന്ന വാർത്തയാണ് പുറത്തുവരുന്നത്.

തൻറെ കുഞ്ഞ് ജീവിച്ചിരിക്കുമെന്നോ തനിക്ക് കുടുംബാംഗങ്ങളെ വീണ്ടും കാണാൻ സാധിക്കുമെന്നോ താൻ കരുതിയിരുന്നില്ലെന്നും റോസ് മാധ്യമങ്ങളോട് പറഞ്ഞു. ‘ഇനി എനിക്ക് ശ്വസിക്കണ്ട’…. “ഞാൻ ഉറങ്ങട്ടെ…” കൊറോണ പിടിപെട്ട് വേദനയിൽ പുളഞ്ഞ ഗർഭിണിയായ യുകെ മലയാളി നഴ്‌സ്‌ സഹപ്രവർത്തകരായ ആരോഗ്യ പ്രവർത്തകരോട് പറഞ്ഞതായി ഓർമ്മിച്ചെടുത്തു. അത്രയധികം വേദനയിൽകൂടിയാണ് ആ ദിവസങ്ങൾ കടന്നുപോയത്.

താൻ ജോലി ചെയ്യുന്ന എൻഎച്ച്എസിനോടും അവിടുത്തെ സഹപ്രവർത്തകരോടും ഒത്തിരി നന്ദി ഉണ്ടെന്ന് റോസ് പറഞ്ഞു. എന്തായാലും റോസിൻെറയും കുഞ്ഞു കാതറീൻെറയും അതിജീവനത്തിൻെറ കഥ ബ്രിട്ടനിലെ മലയാളി സമൂഹത്തിൽ കോവിഡ് കാലത്തും ഉണ്ടാക്കിയത് പ്രതീക്ഷയുടെയും, പ്രത്യാശയുടെയും കാഴ്ചകളാണ്.