ന്യൂസ് ഡെസ്ക് , മലയാളം യുകെ

യുകെയിൽ വൻ മയക്കുമരുന്ന് കടത്ത് കണ്ടെത്തി. നൂറു മില്യൺ പൗണ്ടിൻെറ കൊക്കയിനാണ് പിടിച്ചെടുത്തത്. രണ്ടുമാസത്തിനുള്ളിൽ ലണ്ടൻ ഗ്രേറ്റ് വെയിൽ നിന്ന് കണ്ടെത്തിയ രണ്ടാമത്തെ വലിയ മയക്കുമരുന്ന് വേട്ടയിൽ കണ്ടെത്തിയത് ഒരു ടൺ കൊക്കെയിനാണ്. ബനാന പൾപ്പിനുള്ളിലൊളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്. കൊളംബിയയിൽ നിന്ന് ബെൽജിയത്തിലേയ്ക്ക് അയച്ച കണ്ടെയ്നറിൽ നിന്നാണ് ബോർഡർ ഫോഴ്സ് മയക്കുമരുന്ന് കണ്ടെടുത്തത്.

മയക്കുമരുന്ന് കുറ്റകൃത്യങ്ങൾക്ക് വളം വെച്ചു കൊടുക്കുന്നതും ജീവിതങ്ങളെ നശിപ്പിക്കുകയും ചെയ്യുമെന്ന് അഭ്യന്തര സെക്രട്ടറി പ്രീതി പട്ടേൽ പറഞ്ഞു. മയക്കുമരുന്ന് വേട്ടയിലൂടെ യുകെയിലെയും വിദേശത്തെയും കുറ്റവാളികൾക്ക് ശക്തമായ സന്ദേശം നൽകാൻ സാധിച്ചുവെന്ന് അവർ കൂട്ടിച്ചേർത്തു. യുകെയിലേയ്ക്ക് മയക്കു മരുന്ന് വരുന്നത് തടയാൻ സാധ്യമായ എല്ലാം ചെയ്യാൻ ശ്രമിക്കുമെന്നും അവർ പറഞ്ഞു.

അടുത്തയിടെ കണ്ടെത്തിയ മയക്കുമരുന്ന് കേസുകൾ തമ്മിൽ ബന്ധമുണ്ടെന്ന് സംശയിക്കുന്നതിനാൽ നാഷണൽ ക്രൈം ഏജൻസി രണ്ടു കേസുകളും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. മയക്കുമരുന്ന് കടത്താൻ ശ്രമിച്ചവരുടെ അന്തിമലക്ഷ്യം യുകെ അല്ലെങ്കിലും കുറച്ചെങ്കിലും രാജ്യത്ത് വിറ്റഴിക്കാൻ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നു എന്നാണ് കരുതപ്പെടുന്നത്.