അയര്‍ലണ്ടിലെ വാട്ടര്‍ഫോര്‍ഡ് ജനറല്‍ ഹോസ്പിറ്റലിലെ ചാപ്ലൈനും മലയാളിയുമായ വൈദികന് നേരെ ആക്രമണം. ഇന്നലെ ഞായറാഴ്ച വാട്ടര്‍ഫോര്‍ഡ് സിറ്റിയില്‍ വൈദിക വസതിയില്‍വെച്ചാണ് കമില്ലന്‍ സമൂഹാംഗവും വയനാട് മാനന്തവാടി സ്വദേശിയുമായ ഫാ. ബോബിറ്റ് തോമസിനു കുത്തേറ്റത്. വൈദിക വസതിയില്‍ എത്തിയ അക്രമിയുടെ അതിക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈദികന് കുത്തേല്‍ക്കുകയായിരിന്നു. സാരമായ പരിക്കേറ്റ ഫാ. ബോബിറ്റ് വാട്ടര്‍ഫോര്‍ഡിലെ യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ ചികിത്സയിലാണ്. വാട്ടര്‍ഫോര്‍ഡിലെ ആര്‍ഡ്കീന്‍ ഏരിയയിലാണ് വൈദികര്‍ താമസിക്കുന്ന ഭവനം സ്ഥിതി ചെയ്യുന്നത്.
സംഭവ സമയത്ത് ഇവിടെ താമസിക്കുന്ന മറ്റ് വൈദികർ ഉണ്ടായിരിന്നില്ല. സംഭവത്തില്‍ ഒരു യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മോഷണ ശ്രമമാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വാട്ടര്‍ഫോര്‍ഡ് ലിസ്മോര്‍ ബിഷപ്പ് അൽഫോൺസസ് കള്ളിനന്‍, സംഭവത്തില്‍ നടുക്കം രേഖപ്പെടുത്തി. ഫാ.ബോബിറ്റ് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നു പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം പറഞ്ഞു. സംഭവത്തില്‍ അറസ്റ്റ് ചെയ്ത പ്രതിയ്ക്കു 20 വയസ് ആണെന്ന് പിന്നീട് പോലീസ് വ്യക്തമാക്കി. ക്രിമിനല്‍ ജസ്റ്റിസ് ആക്ടിലെ സെക്ഷന്‍ 4 പ്രകാരം വാട്ടര്‍ഫോര്‍ഡ് ഗാര്‍ഡ് സ്റ്റേഷനില്‍ കസ്റ്റഡിയില്‍ സൂക്ഷിക്കുന്ന പ്രതിയെ വിശദമായി ചോദ്യം ചെയ്യും.
Leave a Reply