ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

പ്രെസ്റ്റൺ : പ്രെസ്റ്റണിൽ നിന്നുള്ള കൊച്ചു മിടുക്കി വീണ്ടും വാർത്തകളിൽ നിറയുകയാണ്. യുദ്ധം സൃഷ്ടിച്ച ഭീകരതയിൽ ജീവൻ നഷ്ടപ്പെടുന്ന കൊച്ചു കുട്ടികൾക്ക് വേണ്ടി റഷ്യൻ പ്രസിഡന്റ് പുടിന് കത്തയച്ച മലയാളി പെൺകുട്ടി കൃപാ തങ്കച്ചൻ, ഇത്തവണ എലിസബത്ത് രാജ്ഞിക്ക് ആശംസകൾ നേർന്നു കത്തയച്ചു. അതിലേറ്റവും പ്രധാനമായ കാര്യം, കൃപയുടെ കത്തിന് എലിസബത്ത് രാജ്ഞി മറുപടിയും അയച്ചു.

രാജസിംഹാസനത്തിൽ എഴുപത് വർഷം പൂർത്തിയാക്കിയ എലിസബത്ത് രാജ്ഞിക്ക് ആശംസകൾ അറിയിച്ചാണ് കൃപ കത്തയച്ചത്. “ബ്രിട്ടീഷ് രാജസിംഹാസനത്തിൽ എഴുപത് വർഷം തികച്ച രാജ്ഞിക്ക് അഭിനന്ദനങ്ങൾ. വൈവിധ്യവും സംസ്കാരവും ഒരുപോലെ നിറയുന്ന രാജ്യത്ത് പ്ലാറ്റിനം ജൂബിലി വർഷാഘോഷങ്ങളിൽ പങ്കുചേരുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു. കുട്ടികളും മുതിർന്നവരും ഒരുപോലെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നു. എഴുപത് വർഷമായി രാജ്ഞി നമ്മുടെ അഭിമാനമായി വാഴുന്നു. ഇത് ഭാവി തലമുറകൾക്കും പ്രചോദനമേകും. അവർ രാജസിംഹാസനത്തോട് ആദരവും ബഹുമാനവും പുലർത്തുന്നവരാകും.” കൃപയുടെ മനസ്സിൽ നിന്നുള്ള ഈ വാക്കുകൾ രാജ്ഞിയെ സന്തോഷിപ്പിച്ചു എന്നതിന്റെ സൂചനയാണ് മറുപടി കത്ത്. കൃപയുടെ വാക്കുകൾക്ക് രാജ്ഞി ഹൃദയം നിറഞ്ഞ നന്ദി അറിയിച്ചു. ഏപ്രിൽ 30ന് അയച്ച കത്തിന് കഴിഞ്ഞ വെള്ളിയാഴ്ച മറുപടി ലഭിച്ചു.

മറ്റുള്ളവരുടെ വിഷമങ്ങളിൽ പരിഹാരം കണ്ടെത്താൻ മാത്രമല്ല, വലിയ അംഗീകാരങ്ങൾക്ക് ഹൃദയം നിറഞ്ഞ് അഭിനന്ദനം അറിയിക്കാനും കൃപയ്ക്ക് മടിയില്ല. മാസങ്ങൾക്ക് മുൻപ്, സ്കൂൾ പരിസരത്തെ റോഡുകളുടെ അരികിൽ കിടന്ന ചപ്പുചവറുകൾ നീക്കം ചെയ്യുന്നതിനായി കൗൺസിലിലേക്ക് കത്തയച്ചു കാര്യം സാധിക്കുന്നതിൽ കൃപയും ക്ലാസിലെ കുട്ടികളും വിജയം നേടിയിരുന്നു.

തൊടുപുഴ ചീനിക്കുഴി സ്വദേശിയായ തങ്കച്ചൻ എബ്രഹാം ലിസമ്മ ദമ്പതികളുടെ മൂന്നാമത്തെ കുട്ടിയാണ് കൃപ. പ്രെസ്റ്റൺ സെന്റ് ഗ്രിഗറി കാത്തലിക് പ്രൈമറി സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിനി. മൂത്ത മകൻ നവീൻ, മറൈൻ എഞ്ചിനീയറിംഗ്, ക്രിസ്റ്റീൻ തങ്കച്ചൻ എ ലെവൽ വിദ്യാർത്ഥിനിയും ആണ്. ലിസമ്മ പ്രെസ്റ്റൺ ആശുപത്രിയിൽ നേഴ്സായി ജോലി ചെയ്യുന്നു. 2004 ലിൽ പ്രെസ്റ്റണിൽ എത്തിയ ആദ്യകാല മലയാളികളിൽ തങ്കച്ചനും കുടുംബവും ഉൾപ്പെടുന്നു. മുൻ കേരള പൊലീസ് ഉദ്യോഗസ്ഥനാണ് തങ്കച്ചൻ എബ്രഹാം.

റഷ്യൻ ഉക്രൈൻ യുദ്ധത്തിൻറെ പശ്ചാത്തലത്തിൽ താൻ എഴുതിയ കത്തിന് പുടിനിൽ നിന്ന് മറുപടി ലഭിക്കാത്തതിൽ ദുഃഖമുണ്ടെന്ന് കൃപാ തങ്കച്ചൻ മലയാളം യുകെ ന്യൂസിനോട് പറഞ്ഞു. റഷ്യൻ ഉക്രൈൻ പ്രശ്നത്തിൽ സമാധാന ദൂതനായി ഇടപെടണമെന്ന് മാർപാപ്പയോട് അഭ്യർത്ഥിക്കുന്ന കത്തെഴുതാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ കൃപ തങ്കച്ചൻ .