ന്യൂസ് ഡെസ്ക് മലയാളം യുകെ

ജോലിക്കിടയിൽ ആകസ്മികമായി മരണം തട്ടിയെടുത്ത സുമിത്ത് സെബാസ്റ്റ്യന് (45) വികാരനിർഭരമായ വിടവാങ്ങലാണ് യുകെ മലയാളികൾ നടത്തിയത്. ജൂലൈ -3 ദുക്റാന തിരുനാളിന്റെ അന്നായിരുന്നു സുമിത്ത് മരണമടഞ്ഞത്. പ്രസിദ്ധമായ മാഞ്ചസ്റ്റർ ദുക്റാന തിരുനാളിന്റെ ഒരുക്കത്തിൽ തങ്ങളോടൊപ്പം ഉണ്ടായിരുന്ന സുമിത്ത് സെബാസ്റ്റ്യന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികളുമായി എല്ലാവരും ഒത്തുകൂടിയത് യുകെ മലയാളികളുടെ സ്നേഹത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി.

യുകെയുടെ നാനാഭാഗത്തുനിന്നും ബന്ധുക്കളും സുഹൃത്തുക്കളുമായി നൂറുകണക്കിനാളുകളാണ് തങ്ങളുടെ പ്രിയപ്പെട്ട സുമിത്തിന് ആദരാഞ്ജലികളർപ്പിക്കാനായി ഒത്തുചേർന്നത്. സുമിത്തിന്റെ മരണത്തിൽ പൊട്ടിക്കരയുന്ന ഭാര്യ മഞ്ജുവിനെയും മക്കളായ റെയ്മണ്ടിനെയും റിയയെയും ആശ്വസിപ്പിക്കാൻ വാക്കുകൾ കിട്ടാതെ വിങ്ങി പൊട്ടുന്ന അന്തരീക്ഷം.

പീൽഹാളിലെ ഒമ്പതാം നമ്പർ വീട്ടിലേയ്ക്ക് രാവിലെ 9 മണി കഴിഞ്ഞ് സുമിത്തിന്റെ ചേതനയറ്റ ശരീരം കൊണ്ടുവന്നപ്പോൾ കുടുംബാംഗങ്ങൾ ഒന്നു ചേർന്ന് മൃതദേഹം സ്വീകരിക്കുകയും അന്ത്യോപചാരം അർപ്പിക്കുകയും ചെയ്തു. വീട്ടിലെ തിരുക്കർമ്മങ്ങൾ നടന്നത് ഗ്രേറ്റ് ബ്രിട്ടൻ രൂപത വികാരി ജനറൽ മോൺ. സജി മലയിൽ പുത്തൻപുരയുടെയും ഫാ.ജോസ് അഞ്ചാനിക്കലിന്റെയും നേതൃത്വത്തിലാണ്. 10. 30 തോടു കൂടി ഇടവക ദേവാലയമായ വിഥിൻഷോ സെൻറ് ആൻറണീസ് ദേവാലയത്തിൽ എത്തിച്ച മൃതദേഹം ഇടവക വികാരി ഫാ.ജോസ് അഞ്ചാനിക്കൽ സ്വീകരിച്ചു. സുമിത്തിന്റെ ആത്മശാന്തിയ്ക്കുള്ള ദിവ്യബലിയ്ക്ക് നേതൃത്വം നൽകിയത് ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബിഷപ് മാർ ജോസഫ് സ്രാമ്പിക്കൽ ആണ് . രൂപതാ വികാരി ജനറൽ ഫാ.സജി മലയിൽപുത്തൻപുര, മാഞ്ചസ്റ്റർ മിഷൻ ഡയറക്റ്റർ ഫാ.ജോസ് അഞ്ചാനിക്കൽ, സിറോ മലങ്കര ചാപ്ലിൻ ഫാ.രഞ്ജിത് മാടത്തിറമ്പിൽ, ഹോളി ഫാമിലി മിഷൻ ഡയറക്‌ടർ ഫാ വിൻസെന്റ് ചിറ്റിലപ്പള്ളി, ബ്ലാക്‌ബേൺ മിഷൻ ഡയറക്‌ടർ ഫാ ഡാനി മുളെപറമ്പിൽ, ഫാ ജോ മൂലേചേരി എന്നിവർ ദിവ്യബലിയിൽ കാർമ്മികരായി.

 

സുമിത്തിനെ പ്രിയപ്പെട്ടവരും സുഹൃത്തുക്കളും അനുസ്മരിച്ച് സംസാരിച്ചത് കേൾവിക്കാരുടെ കണ്ണ് നനയിക്കുന്ന അനുഭവമായി. തൻറെ ചെറുപ്പം മുതൽ പപ്പ പാടിയ താരാട്ടുപാട്ടായ ലതാ മങ്കേഷ്കറിന്റെ പപ്പാ ജൽദി ആ ജാനാ ഡാഡി ജൽദി ആ ജാനാ മകൾ റിയ നിറകണ്ണുകളോടെ ആലപിച്ചപ്പോൾ മാഞ്ചസ്റ്റർ മലയാളികൾ എല്ലാവരും വിങ്ങിപ്പൊട്ടി. തങ്ങളെ എന്നും സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്ത പപ്പയെ കുറിച്ചായിരുന്നു മകൻ റെയ്മണ്ട് നിറകണ്ണുകളോടെ ഓർത്തെടുത്തത്. ആകാശത്തിലെ നക്ഷത്രങ്ങളിലൊരാളായി പപ്പയെ കാണാൻ കൊതിച്ച കുഞ്ഞു മനസ്സിന്റെ നിഷ്കളങ്ക സ്നേഹത്തിന് മുന്നിൽ ആശ്വസിപ്പിക്കാൻ വാക്കുകൾ പരിമിതമായിരുന്നു. അതി വൈകാരികമായി ഭാര്യയും മക്കളും സുമിത്തിന് നൽകിയ യാത്രാമൊഴി ആ കുടുംബനാഥന്റെ സ്നേഹത്തിന്റെയും കരുതലിന്റെയും നേർക്കാഴ്ചയായി.

സുമിത്ത് സെബാസ്റ്റ്യൻ കേരളത്തിൽ കോട്ടയം പള്ളിക്കത്തോട് സ്വദേശിയാണ്. കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത സുമിത്തിൻറെ മരണകാരണം ഹൃദയാഘാതമായിരുന്നു. ജോലി ചെയ്തുകൊണ്ടിരിക്കെ സുമിത് കുഴഞ്ഞു വീഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന നഴ്സുമാർ ഉടനടി ഉണർന്നു പ്രവർത്തിച്ചെങ്കിലും സുമിത്തിനെ രക്ഷിക്കാൻ സാധിച്ചില്ല. ഭാര്യ മഞ്ജു സുമിത്ത് കോട്ടയം കുറുപ്പന്തറ സ്വദേശിയാണ്. മക്കളായ റെയ്മണ്ട് ഇയർ 10 ലും, റിയ ഇയർ 5 ലും പഠിക്കുന്നു. അൽഡർലി എഡ്ജ് ബെൽവഡെർ നേഴ്സിംഗ് ഹോമിലായിരുന്നു സുമിത്തും ഭാര്യ മഞ്ജുവും ജോലി ചെയ്തിരുന്നത്.

യുകെയിൽ കോവിഡ് നിയന്ത്രണങ്ങൾ പിൻവലിച്ചതിനാൽ വളരെയേറെ ആളുകൾക്ക് തങ്ങളുടെ പ്രിയപ്പെട്ട സുമിത്തിന് അന്ത്യാഞ്ജലി അർപ്പിക്കുവാൻ എത്തിച്ചേരാനായി.