യു.കെയില്‍ വിനോദയാത്രയ്ക്കിടെ വെള്ളത്തില്‍ വീണ് നഴ്‌സായ മലയാളി യുവതി മരിച്ചു. പത്തനംതിട്ട സ്വദേശി പ്രവീണ്‍ കെ ഷാജിയുടെ ഭാര്യയും മുംബൈ സ്വദേശിനിയുമായ പ്രിയങ്ക മോഹന്‍ (29) ആണ് മരിച്ചത്. യു.കെയിലെ നോര്‍ത്ത് വെയില്‍സിലാണ് സംഭവം.

സൗത്ത്‌പോര്‍ട്ട് മേഴ്സി ആന്‍ഡ് വെസ്റ്റ് ലങ്കാഷെയര്‍ ടീച്ചിങ് ഹോസ്പിറ്റലിലെ എ ആന്‍ഡ് ഇ വിഭാഗത്തിലായിരുന്നു പ്രിയങ്കയുടെ ജോലി. സൗത്ത്‌പോര്‍ട്ടില്‍ ഭര്‍ത്താവിനും മകള്‍ നൈല അന്നയ്ക്കും (ഒരു വയസ്) ഒപ്പമായിരുന്നു യുവതിയുടെ താമസം. ജൂലൈ 13 നാണ് അപകടം സംഭവിച്ചതെങ്കിലും മരണം സംബന്ധിച്ച വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിരുന്നില്ല. ഇപ്പോള്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ബന്ധുക്കള്‍ക്കു വിട്ടു നല്‍കിയിട്ടുണ്ട്.

കേരളത്തിലെ തെക്കന്‍ ജില്ലയില്‍ നിന്നും മുംബൈയിലേക്ക് കുടിയേറിയ മലയാളി കുടുംബത്തിലെ അംഗമാണ് പ്രിയങ്ക. മൂന്നു വര്‍ഷം മുന്‍പാണ് യു.കെയില്‍ എത്തിയത്.

ഞായറാഴ്ച ഉച്ചയ്ക്ക് 2 മുതല്‍ 4 വരെ സൗത്തപോര്‍ട്ടിലെ ഹോളി ഫാമിലി ആര്‍.സി ചര്‍ച്ചില്‍ പൊതുദര്‍ശന സൗകര്യം ഒരുക്കിയിരുന്നു. മൃതദേഹം നാട്ടില്‍ എത്തിച്ചു സംസ്‌കരിക്കും.