വിമാനയാത്രയ്ക്കിടയില്‍ കോതമംഗലം സ്വദേശിനിയായ നഴ്സിന്‍റെ സമയോചിത ഇടപെടലില്‍ കോല്‍ക്കത്ത സ്വദേശിനിയായ വയോധികയ്ക്ക് പുതുജീവൻ. ഡല്‍ഹി എയിംസ് ആശുപത്രി നഴ്സിംഗ് ഓഫീസറായ കോതമംഗലം എളംബ്ര സ്വദേശി അശ്വതി രതീഷിന്‍റെ ഔചിത്യ പൂർണമായ ഇടപെടലാണ് കോല്‍ക്കത്ത സ്വദേശിയായ വയോധികയുടെ ജീവൻ രക്ഷിച്ചത്.

ആൻഡമാനില്‍ അവധിക്കാല ആഘോഷങ്ങള്‍ക്കു ശേഷം ശനിയാഴ്ച ഉച്ചയോടെ കുടുംബാംഗങ്ങള്‍ക്കൊപ്പം വിമാനത്തിലാണ് ഡല്‍ഹിയിലേക്ക് അശ്വതി പുറപ്പെട്ടത്. വിമാനം കൊല്‍ക്കത്ത എത്താറായപ്പോള്‍ വിമാനത്തില്‍ ജീവനക്കാരുടെ അടിയന്തര സന്ദേശം വരികയായിരുന്നു.

യാത്രക്കാരില്‍ ഡോക്ടർമാരോ മെഡിക്കല്‍ രംഗത്ത് പ്രവർത്തിക്കുന്നവരോ ഉണ്ടെങ്കില്‍ ബന്ധപെടണമെന്നും യാത്രക്കാരിയായ വയോധികയ്ക്ക് മെഡിക്കല്‍ സഹായം വേണമെന്നായിരുന്നു സന്ദേശം. ഇതു കേട്ടതോടെ അശ്വതി രതീഷ് തന്‍റെ സാന്നിധ്യം അറിയിക്കുകയും രോഗിയുടെ അടുത്തെത്തി പരിശോധന ആരംഭിക്കുകയും ചെയ്തു.

കൈകാലുകള്‍ മരവിച്ച അവസ്ഥയിലും പള്‍സ് തീരെ കുറഞ്ഞ നിലയിലും ശ്വാസമെടുക്കാൻ പറ്റാത്ത അവസ്ഥയിലുമായിരുന്നു രോഗി. മുഖത്ത് വെള്ളം തെളിച്ചും, വേദനസംഹാരി കൊടുത്തു നോക്കിയിട്ടും വളരെ കുറഞ്ഞ പ്രതിരോധം മാത്രമാണ് ഉണ്ടായിരുന്നുള്ളു. ഇവരെ ഉടനെ തന്നെ മറ്റു യാത്രക്കാരുടെ സഹായത്തോടെ സീറ്റില്‍ കിടത്തുകയും കാലുകള്‍ ഉയർത്തി രക്തസമ്മർദം കൂട്ടി പള്‍സ് സാധാരണ നിലയിലേക്ക് എത്തിക്കുകയും ചെയ്തു.

എയർ ഹോസ്റ്റസിനോട് ഓക്സിജൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് ഉടനെ തന്നെ ഓക്സിജൻ സിലിൻഡറും മാസ്കും അവർ എത്തിച്ചു നല്‍കി. തുടർന്ന് പ്രഷർ, ഷുഗർ എന്നിവ സാധാരണ നിലയില്‍ എത്തിക്കാനുള്ള വിമാനത്തിലെ ഫസ്റ്റ് എയ്ഡ് കിറ്റില്‍ നിന്നും ലായനികള്‍ കൊടുക്കുകയും അല്‍പ്പം ഭേദപ്പെട്ട നിലയിലേക്ക് രോഗി എത്തിച്ചേരുകയും ചെയ്തു.

കഴിഞ്ഞ 10 നാളുകളായി ഇവർ യാത്രയിലായിരുന്നെന്നും ഇതുവരെ ഒരു അസുഖങ്ങളും ഉണ്ടായിട്ടില്ലെന്നുമാണ് ബന്ധുക്കള്‍ പറഞ്ഞത്. 73 വയസുള്ള വയോധികയെ കോല്‍ക്കത്ത വിമാനത്താവളത്തില്‍ എമർജൻസി ലാൻഡിംഗ് നടത്തി ആശുപത്രിയിലേക്ക് മാറ്റി.

കൃത്യ സമയത്തുള്ള അശ്വതിയുടെ ഇടപെടലില്‍ ജീവൻ രക്ഷിക്കാൻ കഴിഞ്ഞതിലുള്ള നന്ദി പറഞ്ഞാണ് ബന്ധുക്കളും വിമാനത്തിലെ ജീവനക്കാരും പിരിഞ്ഞത്. കഴിഞ്ഞ 12 വർഷമായി ഡല്‍ഹി എയിംസ് ആശുപത്രിയില്‍ കാർഡിയോ വാസ്കുലാർ ആൻഡ് തൊറസിക് സർജറി ഐസിയു വിഭാഗത്തില്‍ നഴ്സിംഗ് ഓഫീസറാണ് അശ്വതി രതീഷ്.