ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടൻ: പ്രൈമറി സ്കൂൾ അധ്യാപികയെ കൊലപ്പെടുത്തിയ കേസിൽ കുറ്റസമ്മതം നടത്തി പ്രതിയായ കോസി സെലമാജ്. 2021 സെപ്തംബർ 17 നാണ് തെക്ക്-കിഴക്കൻ ലണ്ടനിലെ കിഡ്ബ്രൂക്കിൽ വെച്ച് സബീന നെസ്സ (28) കൊല്ലപ്പട്ടത്. സുഹൃത്തിനെ കാണാനായി വീട്ടിൽ നിന്നും പുറപ്പെട്ട നെസ്സയെ, കാറ്റർ പാർക്കിൽ വെച്ച് സെലമാജ് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. ഓൾഡ് ബെയ് ലി കോടതിയിൽ വെച്ചാണ് പ്രതി കുറ്റസമ്മതം നടത്തിയത്. കേസിൽ ഏപ്രിൽ ഏഴിന് ശിക്ഷ വിധിക്കും.
അതിക്രൂരവും ആസൂത്രിതവുമായ കൊലപാതകമാണ് നടന്നതെന്ന് പ്രോസിക്യൂട്ടർ അലിസൺ മോർഗൻ ക്യുസി കോടതിയിൽ പറഞ്ഞു. മെറ്റൽ ട്രാഫിക്ക് ട്രയാങ്കിൾ ഉപയോഗിച്ച് 34 തവണ അടിച്ച ശേഷം നെസ്സയെ പാർക്കിലേക്ക് വലിച്ചിഴച്ചു കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. യുവതിയെ പ്രതി പീഡിപ്പിച്ചതായി പ്രോസിക്യൂട്ടർ പറഞ്ഞു. കൊലപാതകത്തിന് മൂന്ന് ദിവസം മുൻപ് ഈസ്റ്റ്ബോണിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ ഒരു മുറിയെടുത്താണ് പ്രതി പദ്ധതി ആസൂത്രണം ചെയ്തത്.
സെലമാജിനെ സെപ്റ്റംബർ 26ന് ഈസ്റ്റ്ബോണിൽ വച്ചാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഈ കൊലപാതകത്തെ തുടർന്ന് തലസ്ഥാനത്ത് സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയെക്കുറിച്ച് വലിയ ആശങ്ക ഉയർന്നിരുന്നു.
Leave a Reply