ന്യൂസ് ഡെസ്ക് മലയാളം യുകെ

ബർമിംഗ്ഹാം: ബർമിംഗ്ഹാമിൽ ‘ക്ലീൻ എയർ സോൺ’ ചാർജ് നൽകാത്തതിന്റെ പേരിൽ ആദ്യ മാസം പിഴ ചുമത്തിയത് 44,000ത്തിൽ അധികം ആളുകൾക്ക്. ഈ ഡ്രൈവർമാരിൽ നാലിലൊന്ന് പേരും ഇതുവരെ പിഴ അടച്ചതായി ബർമിംഗ്ഹാം സിറ്റി കൗൺസിൽ ഇന്നലെ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. ചാർജ് ഈടാക്കിയ ആദ്യ ദിവസമായ ജൂൺ 14 മുതൽ പ്രവേശിക്കുന്ന വാഹനങ്ങൾ ക്ലീൻ എയർ സോൺ ചാർജ് നൽകാത്തതുമായി ബന്ധപ്പെട്ട് ഇതുവരെ 44,106 പെനാൽറ്റി ചാർജ് നോട്ടീസുകൾ നൽകിയിട്ടുണ്ട്. ഇതിൽ 10,464 പേർ മാത്രമാണ് ഇതുവരെ പിഴ അടച്ചിട്ടുള്ളത്. 33,414 പേർ പിഴയടയ്ക്കാതെ അവശേഷിക്കുന്നു. ഉയർന്ന വായൂമലിനീകരണം നിലനിൽക്കുന്ന ക്ലീൻ എയർ സോണിലേക്ക് പ്രവേശിക്കുന്ന കാറുകളുടെ അനുപാതം ആദ്യ മാസത്തിൽ 18 ശതമാനത്തിൽ നിന്ന് 12 ശതമാനമായി കുറഞ്ഞു. കൗൺസിലിന്റെ കണക്കുകൾ പ്രകാരം ജൂൺ മാസത്തിൽ ശരാശരി 95,000 മുതൽ 100,000 വരെ വാഹനങ്ങൾ പ്രതിദിനം സോണിൽ പ്രവേശിച്ചു.

ഇതിൽ 18.7 ശതമാനം ആദ്യ രണ്ടാഴ്ചയിൽ ക്ലീൻ എയർ സോൺ ചാർജിന് വിധേയമായിരുന്നു. മാസത്തിന്റെ അവസാന ഭാഗത്ത് ഇത് 12.4 ശതമാനമായി കുറഞ്ഞു. ജൂലൈ അവസാനം വരെ കൗൺസിൽ ഒരു “സോഫ്റ്റ് എൻഫോഴ്‌സ്‌മെന്റ്” പദ്ധതി നടപ്പിലാക്കുന്നുണ്ട്. ഇത് ഡ്രൈവർമാർക്ക് പിഴ തുകയായ 120 പൗണ്ട് അടയ്ക്കുന്നതിനേക്കാൾ യഥാർത്ഥ ക്ലീൻ എയർ സോൺ ഫീസ് അടയ്ക്കാൻ അവസരം നൽകുന്നു. “പെനാൽറ്റി ചാർജ് നോട്ടീസ് സ്വീകരിക്കുന്നവർക്ക് ഒരു കവർ ലെറ്റർ കൂടി ലഭിക്കുന്നു. ഇത് പിഴ ഒടുക്കുന്നതിന് മുമ്പായി പ്രതിദിന ഫീസ് അടയ്ക്കാൻ ഒരവസരം നൽകുന്നു.” ബർമിംഗ്ഹാം സിറ്റി കൗൺസിലിന്റെ ക്ലീൻ എയർ സോൺ മേധാവി സ്റ്റീഫൻ അർനോൾഡ് പറഞ്ഞു.

പ്രധാനമായും റോഡുകളിലെ വാഹനങ്ങൾ മൂലമുണ്ടാകുന്ന വായുമലിനീകരണം, നഗരത്തിൽ താമസിക്കുന്ന, ജോലി ചെയ്യുന്ന, പഠിക്കുന്ന ആളുകളുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കുന്നതിനാലാണ് ബർമിംഗ്ഹാം സിറ്റി കൗൺസിൽ ‘ക്ലീൻ എയർ സോൺ’ അവതരിപ്പിച്ചിരിക്കുന്നത്. ബർമിംഗ്ഹാമിൽ വായുവിലെ നൈട്രജൻ ഡൈ ഓക്സൈഡിന്റെ അളവ് പരമാവധി ശരാശരി 40μg / m3 ആയി കുറയ്ക്കേണ്ടതുണ്ടെന്ന് സർക്കാർ വ്യക്തമാക്കി. മേഖലയിൽ ഒരു വാഹനവും നിരോധിച്ചിട്ടില്ല. എന്നാൽ മലിനീകരണത്തിന് കാരണമാകുന്ന വാഹനങ്ങൾ പ്രവേശിച്ചാൽ ചാർജ് നൽകേണ്ടി വരും. കാറുകൾ, ടാക്സികൾ, ഭാരം കുറഞ്ഞ വാഹനങ്ങൾ എന്നിവ പ്രതിദിനം 8 പൗണ്ടും കോച്ചുകൾ, ബസുകൾ എന്നിവ പ്രതിദിനം 50 പൗണ്ടും നൽകണം. പ്രതിവർഷം 1,000ത്തോളം മരണങ്ങൾക്ക് കാരണമാകുന്ന വായൂമലിനീകരണം കുറയ്ക്കുന്നതിനാണ് നഗരത്തിൽ ക്ലീൻ എയർ സോൺ അവതരിപ്പിച്ചിരിക്കുന്നത്.