കേരളത്തിന് ഇന്ന് ദു:ഖവെള്ളി. കുവൈത്തില്‍ തീയില്‍പൊലിഞ്ഞ 23 പേരുടെ മൃതദേഹങ്ങള്‍ നിറകണ്ണുകളോടെ കേരളം ഏറ്റുവാങ്ങി. മികച്ചൊരു വരുമാനം, ഒരു വീട്, മക്കളുടെ പഠനം, സാമ്പത്തിക ബാധ്യതയിൽനിന്നുള്ള മോചനം… അങ്ങനെ പലവിധ സ്വപ്നങ്ങളുമായി പലകാലങ്ങളിലായി പല വിമാനത്തിലായി കേരളംവിട്ട് കുവൈത്തിലെത്തിയ ആ 23 പേരും ഇന്ന് ഒരേ വിമാനത്തില്‍ ചേതനയറ്റ ശരീരങ്ങളായി മടങ്ങിയെത്തി.

തീപ്പിടിത്ത വാര്‍ത്തയറിഞ്ഞ നിമിഷംമുതല്‍ ആപത്തൊന്നും വരുത്തരുതേ എന്ന പ്രാര്‍ഥനയിലായിരുന്നു മംഗെഫിലെ ആ ഫ്ളാറ്റിൽ താമസിച്ചിരുന്ന ജീവനക്കാരുടെ കുടുംബങ്ങളും ഉറ്റവരും. നെഞ്ചകം തകര്‍ത്തുകൊണ്ട് 24 മണിക്കൂറിനിടെ 24 പേരുടെ മരണവിവരങ്ങള്‍ കേരളം കേട്ടു, കണ്ണീരണിഞ്ഞു. കുവൈറ്റിലെ മംഗെഫില്‍ തൊഴിലാളികളുടെ താമസസ്ഥലത്തുണ്ടായ തീപ്പിടിത്തത്തില്‍ മരിച്ച 49 ഇന്ത്യക്കാരുടെയും മൃതദേഹവുമായി വെള്ളിയാഴ്ച രാവിലെ 10.32 നാണ് വ്യോമസേന വിമാനം കൊച്ചിയില്‍ ഇറങ്ങിയത്.

വലിയ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കുടുംബങ്ങള്‍ക്ക് ഒരിക്കലും തീരാത്ത നഷ്ടമാണിതെന്ന് മൃതദേഹം ഏറ്റുവാങ്ങുംമുമ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളോട് പറഞ്ഞു. കുവൈത്ത് സര്‍ക്കാര്‍ ഫലപ്രദവും കുറ്റമറ്റതുമായ നടപടികള്‍ സ്വീകരിച്ചു. തുടര്‍നടപടികളും കുറ്റമറ്റ രീതിയില്‍ ഉണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരന്തം അറിഞ്ഞപ്പോള്‍ ഇന്ത്യാ ഗവണ്‍മന്റെും ശരിയായ രീതിയില്‍ ഇടപെട്ടു. ഇനി ഇതുപോലൊരു ദുരന്തം സംഭവിക്കാതിരിക്കത്തക്ക ജാഗ്രതയോടെയുള്ള നടപടികള്‍ ഉണ്ടാകണം. കുടുംബങ്ങള്‍ക്ക് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കുവൈത്ത് സര്‍ക്കാര്‍ നേതൃത്വം കൊടുക്കുമെന്ന് പ്രതീക്ഷിക്കുകയാണ്. അത്തരം കാര്യങ്ങളില്‍ ഇന്ത്യാ ഗവണ്‍മെന്റും വേഗതകൂട്ടാന്‍ ശ്രമിക്കേണ്ടതുണ്ട്. ഞെട്ടലോടെയാണ് നാടാകെ വാര്‍ത്തകേട്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ശരിയല്ലാത്ത ചില സമീപനങ്ങൾ ഉണ്ടായിട്ടുണ്ട്, എന്നാല്‍ ഇപ്പോള്‍ ആ വിവാദത്തിനുള്ള സമയമല്ലെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കുവൈത്തില്‍ പോകാനുള്ള അനുമതി കേന്ദ്രം നിഷേധിച്ച സംഭവം സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. തമിഴ്‌നാട് ന്യൂനപക്ഷക്ഷേമമമന്ത്രി സെന്‍ജി കെ.എസ്. മസ്താനും മൃതദേഹങ്ങള്‍ ഏറ്റുവാങ്ങാന്‍ എത്തി.

മൃതദേഹങ്ങള്‍ എത്രയുംപെട്ടെന്ന് വീടുകളിലേക്ക് എത്തിക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി കെ. രാജന്‍ അറിയിച്ചു. നെടുമ്പാശ്ശേരിയില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളും കുടുംബാംഗങ്ങളും അന്തിമോപചാരം അര്‍പ്പിച്ചശേഷം പ്രത്യേകം തയ്യാറാക്കിയ ആംബുലന്‍സുകളില്‍ വീടുകളിലേക്ക് കൊണ്ടുപോകും.