ഓക്സ്ഫോർഡ് സര്‍വകലാശാലയിലെ സോമര്‍വില്ലെ കോളേജുമായി സഹകരിച്ച് ടാറ്റ ഗ്രൂപ്പ്, രത്തന്‍ ടാറ്റയുടെ ഓര്‍മയ്ക്കായി കെട്ടിട നിര്‍മാണം പ്രഖ്യാപിച്ചു. അധ്യാപന-പഠന ഇടങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും ഫലപ്രദമായ ഗവേഷണം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പദ്ധതി.

2025-ല്‍ നിര്‍മാണം ആരംഭിക്കും. സോമര്‍വില്ലെ കോളേജും ടാറ്റ ഗ്രൂപ്പിന്റെ എമിരിറ്റസ് ചെയര്‍മാനുമായ അന്തരിച്ച രത്തന്‍ ടാറ്റയും തമ്മിലുള്ള ഒരു ദശാബ്ദക്കാലത്തെ സൗഹൃദം മുന്‍നിര്‍ത്തിയാണ് ഈ പദ്ധതി ഉടലെടുത്തത്. പുതിയ കെട്ടിടത്തില്‍ സെമിനാര്‍ മുറികള്‍, ഓഫീസുകള്‍, സഹകരിച്ചുള്ള പഠന മേഖലകള്‍, റിസപ്ഷന്‍ റൂമുകള്‍, സന്ദര്‍ശകരായ ഗവേഷകര്‍ക്കുള്ള താമസ സൗകര്യം എന്നിവ നിര്‍മിക്കാനിരിക്കുന്ന കെട്ടിടത്തില്‍ ഉണ്ടായിരിക്കും.

ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടെ പുതിയ റാഡ്ക്ലിഫ് ഒബ്സര്‍വേറ്ററി ക്വാര്‍ട്ടറിന്റെ ഹൃദയഭാഗത്തായിരിക്കും കെട്ടിടം ഉയരുക.

രത്തന്‍ ടാറ്റയുടെ മാനുഷിക പ്രവര്‍ത്തനത്തിനുള്ള അംഗീകാരമായി അദ്ദേഹത്തോടുള്ള ബഹുമാനാര്‍ത്ഥം പുതിയ കെട്ടിടത്തിന് പേര് നല്‍കാനുള്ള തീരുമാനം കുറച്ച് മുമ്പേ എടുത്തിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി.