കോഴിക്കോട് കൂടരഞ്ഞി പഞ്ചായത്തിലെ പെരുമ്പുള്ള മഞ്ഞക്കടവിൽ കടുവയെ പോലെ തോന്നിയ അജ്ഞാത ജീവിയെ കണ്ടതായി ജോലിക്കെത്തിയവർ അറിയിച്ചു. വിവരം ലഭിച്ചതിനെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അടിയന്തരമായി സ്ഥലത്തെത്തി. കുര്യാളശ്ശേരി കുര്യന്റെ കൃഷിയിടത്തിലെ 35 അടിയോളം താഴ്ചയുള്ള ആൾമറയില്ലാത്ത കിണറിലാണ് സംഭവം നടന്നത്. ജോലിക്കാർ കിണറിനകത്ത് നിന്ന് വലിയ ശബ്ദം കേട്ട് നോക്കിയപ്പോൾ വാലുള്‍പ്പെടെ പിൻഭാഗം മാത്രം കാണപ്പെട്ടതായും ജീവി ഗുഹയിലേക്ക് കയറിപ്പോയതായും അവർ പറഞ്ഞു.
വിവരം ലഭിച്ചതിനെ തുടർന്ന് കോഴിക്കോട് ഡിഎഫ്ഒ ആഷിഖ് അലി, താമരശ്ശേരി റെയ്ഞ്ച് ഓഫീസർ പ്രേം ഷമീർ എന്നിവരുള്‍പ്പെട്ട സംഘം സ്ഥലത്ത് പരിശോധന നടത്തി. മൂന്ന് തവണ ക്യാമറ ഇറക്കിയെങ്കിലും ജീവിയെ കണ്ടെത്താൻ സാധിച്ചില്ല. കിണറിനുള്ളിൽ ഗുഹയുള്ളതിനാൽ അതിനകത്ത് ജീവി ഒളിച്ചിരിക്കാമെന്ന സംശയം ഉദ്യോഗസ്ഥർ പ്രകടിപ്പിച്ചു.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി കിണറിനകത്ത് പ്രത്യേക ക്യാമറയും മുകളിൽ സുരക്ഷാ നെറ്റും സ്ഥാപിച്ചു. ജീവിയുടെ സ്വഭാവം തിരിച്ചറിയാൻ ക്യാമറ ദൃശ്യങ്ങൾ വിശദമായി പരിശോധിക്കുമെന്ന് വനം വകുപ്പ് അറിയിച്ചു. അന്വേഷണം തുടരുകയാണ്.
Leave a Reply