റോം∙ കൊറോണ വൈറസിന്റെ പുതിയതും അപൂർവവുമായ ഒരു വകഭേദം തെക്കൻ ഇറ്റാലിയൻ നഗരമായ നേപ്പിൾസിൽ കണ്ടെത്തി.ഫെഡറിക്കോ യൂണിവേഴ്സിറ്റിയും നേപ്പിൾസിലെ പാസ്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടും, ബി 1.525 എന്ന വൈറസ് വകഭേദത്തെ തിരിച്ചറിഞ്ഞതിനെ തുടർന്ന് പ്രാദേശിക സർക്കാർ വാർത്ത പുറത്തുവിടുകയായിരുന്നു.
ഡെൻമാർക്ക്, നൈജീരിയ, യുകെ, യുഎസ് എന്നിവിടങ്ങളിലുൾപ്പെടെ ഈ വകഭേദത്തിന്റെ നൂറോളം കേസുകൾ റിപ്പോർട്ടു ചെയ്തിട്ടുള്ളതായി ആരോഗ്യ പ്രവർത്തകർ പറയുന്നു. പല രാജ്യങ്ങളിലും കണ്ടുവരുന്ന വൈറസ് വകഭേദങ്ങളുടെ കാര്യത്തിലെന്ന പോലെ ഇതിന്റെയും വ്യാപനതീവ്രത, മറ്റു സ്വഭാവസവിശേഷതകൾ എന്നിവയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ ഇതുവരെ ലഭ്യമല്ലെന്നും സർക്കാർ വ്യക്തമാക്കി.
ആഫ്രിക്കയിലേക്കുള്ള യാത്ര കഴിഞ്ഞ് തിരിച്ചെത്തിയ ഒരു വ്യക്തി പതിവു കോവിഡ്- 19 പരിശോധന നടത്തിയപ്പോഴാണ് അയാളിൽ ഈ അപൂർവ വകഭേദം സ്ഥിരീകരിച്ചത്. വൈറസിന്റെ വകഭേദങ്ങൾ പലയിടത്തും കണ്ടുവരുന്നുവെന്ന വാർത്തകളെ തുടർന്ന്, രാജ്യത്തെ സ്കീയിംഗ് വിനോദ മേഖല അടച്ചിടാൻ തീരുമാനമെടുത്തതിനു പിറ്റേന്നാണ് പുതിയ വൈറസ് വകഭേദത്തെക്കുറിച്ച് സർക്കാർ വാർത്ത പുറത്തു വിടുന്നത്.
വൈറസിന്റെ പതിവു വകഭേദങ്ങൾ കണ്ടെത്തിയ പല പ്രദേശങ്ങളിലും പ്രവിശ്യകളിലും പ്രാദേശിക ലോക്ഡൗൺ നിലവിലുണ്ട്. രാജ്യവ്യാപകമായി ലോക്ഡൗൺ പ്രഖ്യാപിക്കണമെന്നാണ് ഇറ്റലിയിലെ പ്രമുഖ വൈറോളജസ്റ്റികൾ ആവശ്യപ്പെടുന്നത്.
ഫെബ്രുവരി 4, 5 തീയതികളിൽ ആരോഗ്യ മന്ത്രാലയവും സുപ്പീരിയർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സാനിറ്റയും ചേർന്നു നടത്തിയ സർവേ ഫലമനുസരിച്ച് ഇറ്റലിയിൽ 88% പ്രദേശങ്ങളിലും കോവിഡ് – 19 വൈറസിന്റെ ഇംഗ്ലീഷ് വകഭേദം ദൃശ്യമാണെന്നതും ആശങ്ക വർധിപ്പിക്കുന്നുണ്ട്.
Leave a Reply